പാലക്കാട് ജില്ലയിലെ പല്ലശ്ശന ഗ്രാമപഞ്ചായത്തിലാണ് പുരാതനമായ കിരാതമൂര്‍ത്തിക്ഷേത്രം. ക്ഷേത്രത്തിലെത്താന്‍ ബസ്സ് സൗകര്യവുമുണ്ട്. പല്ലശ്ശനയിലേക്ക് വരുന്ന വഴിക്കാണ് പ്രസിദ്ധമായ കൊട്ടാരംതൊടി ഔഷധസസ്യത്തോട്ടം. കൊടുവായൂര്‍ ഉണര്‍ത്തുന്ന ഓര്‍മകളില്‍ ഒരു താപസനുണ്ട് – തപോവ സ്വാമികള്‍. ശങ്കാചാര്യസ്വാമികള്ക്കുശേഷം കേരളത്തിന് പുറത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച യോഗിവര്യന് “ഹിമവദ്വിഭൂതി” എന്ന് അറിയപ്പെട്ടിരുന്ന സ്വാമികളുടെ ആശ്രമം ഹിമാലയത്തിലെ ഉത്തരകാശിയിലാണ്. ചിന്മയാനന്ദസ്വാമിയുടെ ഗുരുവായി തപോവസ്വാമി, അദ്ദേഹത്തിന്റെ ചെറുപ്പകാലം കഴിച്ചുകൂട്ടിയത് കൊടുവായൂരിലായിരുന്നു.
കേരളത്തില്‍ മേറ്റ്ങ്ങുമില്ലാത്ത ഒരു ചടങ്ങിലൂടെ പല്ലശ്ശന കിരാതമൂര്‍ത്തിക്ഷേത്രം ശ്രദ്ധേയമാകുന്നു. ആ ദേശത്തെ കുട്ടികളെ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് തല്ലിക്കുക എന്നത് ആചാരമാണത്. പത്തുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുക. ദേശവാഴി മൂസ്സതിന്റെ സാന്നിധ്യത്തില്‍ തിരുവോണനാളിലാണ് ഈ ചടങ്ങ്. അന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വേട്ടയ്ക്കൊരുമകന്‍ കാവില്‍ നമസ്കരിച്ച കുട്ടികള്‍ അഭിമുഖമായി നില്ക്കും. അവര്‍ തമ്മിലാണ് തല്ല്. അതായത് ഓരോ അടി അടിക്കണം. അതോടെ കുട്ടിയെ ദേശം അംഗീകരിക്കുന്നു എന്നാണ് വിശ്വാസം. കുട്ടി വളര്‍ന്ന് വലുതാകുമ്പോള്‍ ഒരു പക്ഷേ ദേശം വിട്ട് പോയെന്നും വരാം. എന്നാല്‍ തന്റെ ജന്മനാടിനോടുള്ള കൂറ് അവന്റെ മനസ്സില്‍ മങ്ങാതെ മായാതെ ജീവിക്കും. എന്റെ ദേശം എന്ന വികാരം ഇന്നാട്ടിലെ ഓരോരുത്തരുടേയും മനസ്സില്‍ കെടാവിളക്കായി നില്ക്കതന്നെ ചെയ്യും.
പണ്ട് ഒരു രാജാവുണ്ടായിരുന്നു. യുദ്ധത്തിനടിയില്‍ രാജാവിനെ ചതിയില്കൊന്നു. ആ കൊല നടത്തിയവരെ ഈ ദേശത്തുള്ള യോദ്ധാക്കള്‍ വളഞ്ഞു. അങ്ങനെ ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും അതിനൊരവസാനം കണ്ടെത്താനായില്ല. ഒടുവില്‍ ശത്രുക്കള്‍ ദേശത്തിന് വഴങ്ങി. മരിച്ച രാജാവിനെ തിരിച്ചുനല്‍കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട് ആ രാജാവിനെ പ്രതിനിധീകരിച്ച് വേട്ടയ്ക്കൊരുമകന്റെ വിഗ്രഹം നല്‍കുകയും ആ വിഗ്രഹത്തെ രാജാവായി സങ്കല്‍പ്പിച്ച് ദേശകാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ആ വിഗ്രഹം ദേശത്തിലെ പുരാതന തറവാടായ തോട്ടന്‍കര വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് ചെറുവീട് എന്നും ആ തറവാട് അറിയപ്പെട്ടിരുന്നു. അങ്ങനെ ക്ഷേത്രം പണിയുകയും പൂജാദികര്മത്തോടെ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. കിഴക്കോട്ട് ദര്‍ശനമായ ഈ ക്ഷേത്രത്തില്‍ പ്രധാനമൂര്‍ത്തി വേട്ടയ്ക്കൊരുമകന്‍ എന്ന ശിവനാണ് – കിരാതമൂര്‍ത്തി. ഉപദേവതകളായി ഗണപതിയും കാട്ടിരി ഭഗവതിയുമുണ്ട്.
പണ്ടുനടന്ന യുദ്ധത്തെ അനുസ്മരിക്കാനാണ് ആണ്ടുതോറും ചിങ്ങമാസം അവിട്ടം നാളില്‍ തല്ല് ഇവിടെ വഴിപാടായി നടത്തുന്നത്. അതിന്റെ മുന്നോടിയായി തിരുവോണം നാളില്‍ കുട്ടികളുടെ അടി അരങ്ങേറും. അവിട്ടം നാളില്‍ മുതിര്‍ന്നവര്‍ കച്ചകെട്ടി ഭസ്മം പൂശി ചടങ്ങില്‍ പങ്കുകൊള്ളുന്നു. അകമ്പടി സേവിക്കാന്‍ ദേശവാഴി ഉണ്ടാകും. അദ്ദേഹത്തിന്റെ കൈയില്‍ ഉയര്‍ത്തിപ്പിടിച്ച പൊന്തിയുമുണ്ടാകും. പണ്ട് വാള് ആയിരിക്കാം പൊന്തിക്ക് പകരം പിടിച്ചിരുന്നത്. പ്രതീകാത്മകമായി പിടിക്കുന്നത് പൊന്തി – വടിയാണ്. ദേശവാഴി നയിക്കുന്ന യോദ്ധാക്കള്‍ നിശ്ചിത സ്ഥലങ്ങളില്‍നിന്നും ക്ഷേത്രസന്നിധിയിലേക്ക് യുദ്ധാരവങ്ങളോടെ എത്തുന്നു. ഭഗവാനെ തൊഴുത് വലംവച്ച് ക്ഷേത്ര മൈതാനത്തില്‍ തല്ല് ആരംഭിക്കുന്നു. അവര്‍ മെയ്യഭ്യാസങ്ങള്‍ കാട്ടുകയും പോര്‍വിളി മുഴക്കുകയും ചെയ്യും. ഏകദേശം രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങ് പിന്നീട് ശയനപ്രദക്ഷിണം നടത്തി ഇരുപത്തി ഒന്ന് നാളികേരം ഏറുകല്ലില് എറിഞ്ഞശേഷം പൂജാനന്തരം നട അടയ്ക്കുന്നു.
ഉത്സവകാലം ഇവിടെ മേടമാസം. മഴ പെയ്തില്ലെങ്കില്‍ പല്ലശ്ശനയും പരിസരവും കടുത്ത ചൂടില്‍ അമരും. പാലക്കാട് ചുരം കടന്നെത്തുന്നത് വരണ്ട കാറ്റ്. നീണ്ടുകിടക്കുന്ന പാടങ്ങളെല്ലാം ശൂന്യമാകുന്ന കാലം. ഉണങ്ങി വരണ്ട നിളയും ഒടിഞ്ഞുവീണ പനയോലകളും സന്ധ്യയായിട്ടും മേഞ്ഞുതീരാത്ത കാലിക്കൂട്ടങ്ങളും ഇക്കാലത്തെ സാധാരണ കാഴ്ചയാണ്. മേടം പത്തിന് തുടങ്ങി പതിമൂന്നുവരെ നാലുദിവസം കണ്യാര്‍കളി നടക്കും. കളിക്കാര്‍ നായകന്മാര് അതിനു മുന്നോടിയായി ഇടക്കളി നടക്കും. നിത്യവും വൈകുന്നേരം അഭ്യാസം. വട്ടക്കളി എന്നുള്ള ചടങ്ങില്‍ ദേവീദേവന്മാരെ സ്തുതിച്ച് പാടിക്കളിക്കുന്നു. അടുത്തകാലം വരെ വെളിച്ചപ്പാടിന്റെ നൃത്തവുമുണ്ടായിരുന്നു. തോറ്റം ചൊല്ലല്‍ എന്ന ദേവീദേവന്മാരുടെ സ്തുതി പന്തലില്‍ നടക്കും. അതിനുശേഷം ഏഴുദിവസം പന്തല്‍ പൊളിച്ചുമാറ്റാതെ അവിടെ ത്തന്നെ ഉണ്ടാകും. ഈ ഏഴ് രാത്രികളിലും ദേവീദേവന്മാരുടെ നൃത്തം സ്വച്ഛന്ദമായി ഇവിടെ നടക്കുന്നുവെന്നാണ് വിശ്വാസം. പാലക്കാട് ജില്ലയിലെ പ്രത്യേകമായ കണ്യാര്‍കളി മുടക്കം കൂടാതെ നടക്കുന്ന ഏക ക്ഷേത്രവും ഇതാണ്.
ഇടവമാസത്തിലെ അനിഴം നാളിലാണ് ഇവിടെ പ്രതിഷ്ഠാദിനം കൊണ്ടാടുന്നിത്. ശുദ്ധികലശവും അന്നദാനവും ഉണ്ട്. മേടത്തില് നടക്കുന്ന വേട്ടയ്ക്കൊരുമകന്‍ പാട്ടിനോടനുബന്ധിച്ച് ലക്ഷാര്‍ച്ചനയും അന്നദാനവും ഉണ്ടാകും. വേട്ടയ്ക്കൊരുമകന്‍ പാട്ടിന് ആയിരത്തിയെട്ട് നാളികേരം എറിയുന്ന ചടങ്ങുമുണ്ടിവിടെ. ഇത് ഒരു പ്രധാന വഴിപാടാണ്. കാണാന്‍ കൗതുകമുള്ള ഒരു ചടങ്ങും. ഉത്സവലഹരി ജനിക്കുന്ന ചടങ്ങിന് പശ്ചാത്തലം ചെണ്ടവാദ്യം. അണ്ടലാടി മനയിലെ നമ്പൂതിരിമാരില്‍ ഒരാളാണ് ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. നാളികേരം കൊണ്ടുണ്ടാക്കിയ പീഠത്തില്‍ തിരുമേനി ഇരിക്കും. താളത്തിനൊത്ത് ഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും ഓരോ നാളികേരം എടുത്ത് എറിയാന്‍ തുടങ്ങും. താളം മുറുകുന്നതനുസരിച്ച് ഏറിന്റെ വേഗതയും വര്‍ധിക്കും. അങ്ങനെ ആയിരത്തിയെട്ട് നാളീകേരം ഉടഞ്ഞുകഴിയുന്നതോടെ ഉത്സവം അവസാനിക്കും. പല്ലശ്ശന ക്ഷേത്രപ്പറമ്പ് വിജനമാകും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: