ചെന്നൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും അനുയായികളും ഇന്ത്യയില്‍ കോടിക്കണക്കിന് ഡോളറിന്റെ കപ്പല്‍ പൊളിക്കല്‍ വ്യാപാരം നടത്തുന്നതായി റിപ്പോര്‍ട്ട്. മയക്കു മരുന്ന്, ആയുധങ്ങള്‍ എന്നിവ കള്ളക്കടത്തു നടത്താനാണ് കപ്പല്‍ വ്യാപാരം നടത്തുന്നതെന്ന് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനും യുഎഇയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി-കമ്പനിയില്‍ പാക്കിസ്ഥാന്‍ പൗരന്മാരും പങ്കാളികളാണ്. ഗുജറാത്തിലെ അലാങ്ങിലാണ് പരിസ്ഥിതിക്ക് ഭീഷണിയായ ഈ വ്യാപാരം നടക്കുന്നത്. കപ്പല്‍ പൊളിക്കല്‍ വ്യാപാരത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് 2012 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിദേശ ഇടനിലക്കാരില്‍നിന്നും ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ഡി-കമ്പനി കപ്പല്‍മാര്‍ഗം എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനുശേഷം ഗുജറാത്തിലെ കപ്പല്‍ശാലയില്‍ എത്തിച്ച് കപ്പല്‍ പൊളിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നവരാണ് ഇതില്‍ ദാവൂദിനെ സഹായിക്കുന്നത്. പെര്‍മിറ്റ് ഇല്ലാതെ കപ്പല്‍ പൊളിക്കുന്നതിനുള്ള രാജ്യത്തെ സംവിധാനം ഇത്തരം കുറ്റവാളികളെ വളരെയധികം സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
ഈ സംവിധാനം മാറ്റണമെന്നും ഓരോ കപ്പലുകളും നാവികസേന സൂക്ഷ്മതയോടെ പരിശോധിക്കണമെന്നും മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തരമായി കേടുപാടുകള്‍ തീര്‍ക്കുന്നതിന് അലാങ്ങിലേക്ക് വരുന്ന കപ്പലുകള്‍ക്ക് എവിടെ വേണമെങ്കിലും നങ്കൂരമിടാം. ഇത് കള്ളക്കടത്തുകാര്‍ക്ക് സൗകര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കപ്പല്‍ പൊളിക്കല്‍ വ്യവസായത്തിന് ഉപയോഗിക്കുന്നത് കള്ളപ്പണമാണെന്ന് ഷിപ്പിംഗ് ആന്റ് മറൈന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വീരേഷ് മാലിക്ക് പറഞ്ഞു. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തെറ്റായ രജിസ്ട്രേഷനിലുള്ള കപ്പലുകളാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
പേര്‍ഷ്യന്‍ കടലിടുക്കും ആഫ്രിക്കന്‍ തീരവും വഴിയാണ് ഏറ്റവുമധികം കള്ളക്കടത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ 6000 കപ്പലുകളാണ് പൊളിക്കുന്നതിനായി ഇന്ത്യയിലെത്തിയതെന്ന് ഇതില്‍ ഗവേഷണം നടത്തിയ ഗോപാല്‍കൃഷ്ണ വ്യക്തമാക്കി. ഏകദേശം 120 കപ്പലുകള്‍ ഇപ്പോള്‍ അലാങ്ങില്‍ നങ്കൂരമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: