ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിലാണ് മരുത്തോര്‍വട്ടം ധന്വന്തരിക്ഷേത്രം. വലിയ പഴക്കമൊന്നും അവകാശപ്പെടാനില്ലെങ്കിലും അഞ്ചാറു നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കാം ഈ മഹാക്ഷേത്രത്തിന്.
ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും വാതിലുകളുണ്ടെങ്കിലും ദര്‍ശനവശം പടിഞ്ഞാറാണ്. ഇവിടെ മൂത്തുമുതുക്കായ ആല്മങ്ങള്. തണല്‍ വീഴുന്ന ആല്‍ത്തറയിലും കാല്പുതയുന്ന അമ്പലത്തറയിലെ മണലിലും വിശ്രമിക്കാന്തോന്നും. ഇവിടത്തെ കായല്ക്കാറ്റിന് ആദ്ധ്യാത്മികതയുടെ സൗരഭ്യം. വലിയ കുളത്തിനെതിര്‍വശത്ത് ദേവീക്ഷേത്രം. പടിഞ്ഞാറേ വാതിലിലൂടെ അകത്തുകടക്കുമ്പോള്‍ വിശാലമായ ആനക്കൊട്ടില്‍. അതിന്റെ തൂണുകള്‍ക്കുമുണ്ട് ശില്പ്പചാതുരി. കഥകളി നടക്കുന്നത് ഇവിടെയാണ്. ഉത്സവത്തിന് എല്ലാ ദിവസവും കഥകളി നടക്കാറുള്ള ഈ ക്ഷേത്രാങ്കണത്തില്‍ സ്റ്റേജ് കെട്ടി ആട്ടം നടത്താറില്ല. സ്വര്‍ണക്കൊടി മരവും ചെമ്പുകൊടി മരവും കണ്ടിട്ടുള്ളവര്‍ക്ക് പഞ്ചലോഹംകൊണ്ടുള്ള ഇവിടത്തെ ധ്വജംകാഴ്ചയ്ക്ക് ഇമ്പമേറും. മഹാക്ഷേത്രങ്ങളിലെപ്പോലുള്ള ബലിക്കല്‍പ്പുര. വടക്കുവശത്ത് നീളത്തില്‍ ഊട്ടുപുര. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ്. തൊട്ടടുത്ത് ഇളംപ്രായത്തില്‍ ഒരു കണിക്കൊന്ന. താഴെ കരിങ്കല്ലും മുകള്‍ ഭാഗത്ത് വെട്ടുകല്ലുംകൊണ്ടുനിര്‍മിച്ച ശ്രീകോവില്‍ ചെമ്പുമേഞ്ഞിരിക്കുന്നു. വൃത്താകാരമായ ശ്രീകോവിലിന്റെ ഭിത്തിയില്‍ ചന്തമുള്ള ചുവര്‍ചിത്രങ്ങള്‍. കാലപ്പഴക്കം അതിന്റെ ശോഭയില്‍ നിഴല്‍പ്പാടുകള്‍ വീഴ്ത്തിയെങ്കിലും ശ്രീകൃഷ്ണാവതാരവും പാഞ്ചാലീ സ്വയംവരവുമൊക്കെ ആ ഭിത്തിയില്‍ ഇന്നും മികവോടെ നില്ക്കുന്നു. ഗര്ഭഗൃഹത്തില് ധന്വന്തരി മൂര്‍ത്തിയുടെ രണ്ടടിയോളം പൊക്കമുള്ള മനോഹരവിഗ്രഹം. ആയുര്‍വേദാചാര്യനായ ഭഗവാന്റെ നില്ക്കുന്ന രൂപത്തിലുള്ള ശിലാപ്രതിമ. ശംഖ്, ചക്രം, ജ്ജളുകം, അമൃതകുംഭം ഇവ ചതുര്‍ബാഹുക്കളിലായുള്ള ശ്രീ ധന്വന്തരിമൂര്‍ത്തി ഭഗവാന് ശ്രീഹരിയുടെ അവതാരം. പാലാഴി മഥന സമയത്ത് ആയുര്‍വേദ ശാസ്ത്ര ഉപജ്ഞാതാവായ ശ്രീ ധന്വന്തരിമൂര്‍ത്തി പൊന്തിവന്നു. മഞ്ഞപ്പട്ടുടുത്ത് മണിമാലയും കിരീടവും ചാര്‍ത്തി ഭക്തരെ അനുഗ്രഹിച്ച് ഭഗവാന് ഇവിടെ മരുവുന്നു. തുലാമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിനാളിലാണ് ധന്വന്തരിമൂര്ത്തിയുടെ അവതാരമെന്ന് ഭാഗവതം ഉദ്ഘോഷിക്കുന്നു. വര്‍ഷന്തോറും ഈ ദിവസം ധന്വന്തരി ജയന്തിയായി ആഘോഷിച്ചുവരുന്നു. നാലമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. വടക്കുഭാഗത്ത് ഭദ്രകാളി, മഞ്ഞാടി ഭഗവതിയെ കൂടാതെ ഉപദേവന്മാരായി ശാസ്താവുമുണ്ട്. മൂന്നു പൂജകളുണ്ട്. കടിയക്കോല്‍ നമ്പതൂരിയാണ് ഇവിടെ തന്ത്രി.
സന്താനസൗഭാഗ്യത്തിന് സന്താനഗോപാലം കഥകളിയും തിരുവോണം നൊയമ്പും ഇവിടെ വഴിപാടായി നടത്തിവരുന്നു. അതുപോലെ ആലിങ്കല്‍ നിവേദ്യവും കയറ്റേല്വാണവും പ്രസിദ്ധമാണ്. തിരുവുത്സവത്തിന്റെ ഏഴാം ദിവസം വൈകുന്നേരം ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ആലിങ്കല്ദേവനെ എഴുന്നെള്ളിച്ച് അര്‍പ്പിക്കുന്ന ഈ നിവേദ്യം ആണ്ടിലൊരിക്കല്‍ മാത്രം. ഉത്സവകാലത്ത് നടത്തുന്ന വഴിപാടാണ് കയറ്റേല്‍ വാണം. കരിമരുന്ന് പ്രയോഗത്തിലെ വാണം. ഇവിടെ മൂന്നുവാണം. ഇവ നൂറുമീറ്റര്‍ നീളമുള്ള വടത്തില്‍ ഒരാള്‍ പൊക്കത്തില്‍ ചീറ്റലോടെ ഓടിക്കൊണ്ടിരിക്കും. വെടിവഴിപാടുപോലെ, വലിവ് രോഗം മാറുന്നതിന് നേര്‍ച്ചയായാണ് കയറ്റേല്വാണം നടത്തുന്നത്.
അഷ്ടമിരോഹിണിയും നവരാത്രിയും മണ്ഡലവ്രതവും മുടങ്ങാതെ ആഘോഷിച്ചുവരുന്നു. മേടമാസത്തിലെ ഉത്രം പ്രതിഷ്ഠാദിനമായി ആചരിച്ചുവരുന്നു. കഥകളി ഇവിടെ പ്രധാനം. ആറാട്ടുദിവസമൊഴികെ മേറ്റ്ല്ലാദിവസങ്ങളിലും ആട്ടമുണ്ടാകും. എന്നാല്‍ മിക്ക ദിവസങ്ങളിലും കഥ സന്താനഗോപാലമായിരിക്കും. മേടത്തിലെ തിരുവോണം ആറാട്ടായി സമാപിക്കുന്ന എട്ടുദിവസത്തെ തിരുവുത്സവം. ചോതിക്ക് കൊടിയേറ്റം നടക്കും. കൊടിക്കയര്‍ എത്തിക്കുന്നത് തുമ്പയില്‍ കുടുംബമാണ്. ആറാട്ടുദിവസം നടക്കുന്ന അക്ഷരശ്ലോക സദസ് നാട്ടുകാര്‍ക്ക് പ്രിയങ്കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: