ന്യൂദല്‍ഹി: സായുധ പരിശീലനം ലഭിച്ച നൂറുകണക്കിന് ഭീകരരെ ജമ്മു കാശ്മീരിലേക്ക് കടത്താന്‍ ലഷ്കറെ തൊയ്ബ തയ്യാറെടുക്കുകയാണെന്ന് അബു ജുണ്ടാല്‍.കാശ്മീരിലും ഇന്ത്യയിലൊട്ടാകെയും കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ലഷ്കര്‍ തയ്യാറെടുക്കുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കാശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്തുകയാണ് ലഷ്കറിന്റെ ലക്ഷ്യം.ഇത്തവണ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കാനാണ് പദ്ധതി.നുഴഞ്ഞുകയറ്റക്കാരുടെ പതിവുപാതകളില്‍ നിരീക്ഷണം ശക്തമാക്കിയതിനാല്‍ പുതിയമാര്‍ഗങ്ങളാണ് ലഷ്കര്‍ നോട്ടമിട്ടിരിക്കുന്നതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പാക് അധിനിവേശ കാശ്മീരിലെ ഭീകര ഗ്രൂപ്പുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ജുണ്ടാല്‍ പറഞ്ഞു.പുഞ്ച്,രജൗരി മേഖലകളിലൂടെ നുഴഞ്ഞുകയറാനാണ് നീക്കം.ജമ്മുവിലെത്തിയതിനുശേഷം വിവിധ നഗരങ്ങളിലേക്ക് ചെറു ഗ്രൂപ്പുകളായി കുടിയേറാനും ആരാധനാലയങ്ങളും തിരക്കേറിയ സ്ഥലങ്ങളും ആക്രമിക്കാനാണ് പദ്ധതിയെന്നും ജുണ്ടാല്‍ പറഞ്ഞു.കാശ്മീരില്‍ സമാധാനം പുന:സ്ഥാപിച്ചത് യുജിസിയെ ഞെട്ടിച്ചിട്ടുണ്ട്.എത്രയും പെട്ടെന്ന് ഇത് തകര്‍ക്കാനാണ് യുജിസിയുടെയും ഹിസ്ബുള്‍ മുജാഹുദിന്റെയും തലവന്‍ സയിദ് സലാഹുദിന്‍ ലഷ്കറെ തൊയേബയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം ജുണ്ടാലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.അമര്‍നാഥ് യാത്രക്ക് കൂടുതല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അടുത്തയിടെ കാശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഒരു സൈനികോദ്യോഗസ്ഥനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.ലഷ്കര്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ് ഇതെന്ന് കശ്മീര്‍ പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. 2009 ല്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത അസ്ലാം കാശ്മീരി,ലഷ്കര്‍ ഭീകരവാദി ഫയാസ് കാഗസി എന്നിവരാണ് ഇന്ത്യയിലെ മുസ്ലീം യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്നും ജുണ്ടാല്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയായ അബു ജുണ്ടാലിനെ കഴിഞ്ഞമാസമാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിലുള്ള ജുണ്ടാലിനെ ഇപ്പോള്‍ വിശദമായി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.ഇതിനിടയിലാണ് ജുണ്ടാല്‍ സുപ്രധാന വിവരങ്ങള്‍ അന്വഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: