പ്രകൃതി അമ്മയാണ്. എല്ലാ സംസ്കൃതിയിലും അമ്മയുടെ പ്രതീകമായിട്ടാണ് പ്രകൃതിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തെ മുഴുവന്‍ പ്രകൃതി ഉള്‍കൊള്ളുന്നു. മനുഷ്യന് വേണ്ടതെല്ലാം ഹരിത മാനോഹാരിതയായ പ്രകൃതി വാരിക്കോരി നല്കുന്നു. മണ്ണും മരങ്ങളും പുഴയും കാടും പുഴുവും പൂമ്പാറ്റയും കിളികളും തുമ്പിയും എല്ലാമടങ്ങുന്ന ജീവജാലങ്ങളും കാറ്റും മഴയും കുളിര്‍മ്മയും തണലുമെല്ലാം പ്രകൃതിയുടെ അത്ഭുതങ്ങളാണ്. പ്രകൃതിയുടെ ഈ അത്ഭുതങ്ങളെയും പച്ചപ്പിനെയും സൗന്ദര്യത്തെയും നശിപ്പിക്കുന്നതും മനുഷ്യരാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്നും ഭൂമിയുടെ വരദാനമായ പ്രകൃതിയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഒരു സ്നേഹ കൂട്ടായ്മയാണ് ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി. തിരുവനന്തപുരം കേന്ദ്രീകരിച്ച് 2010 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കൂട്ടായ്മയില്‍ ഡോക്ടര്‍മാര്‍ , എഞ്ചിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലി നോക്കുന്ന സാധാരണക്കാര്‍ വരെയുണ്ട്. പ്രകൃതിയുടെ ചരിത്രവും ആവാസ വ്യവസ്ഥയും കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടൊപ്പം ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്തുക പച്ചപ്പിലേക്ക് പോകുകയെന്ന മുദ്രവാക്യവും ഈ പ്രകൃതിസ്നേഹ കൂട്ടായ്മയ്ക്കുണ്ട്. പ്രകൃതിയോടിണങ്ങിയുള്ള ഒരു ജീവിതക്രമത്തോടൊപ്പം പ്രകൃതി നീരിക്ഷണവും പഠനവും സംരക്ഷണവുമാണ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.
വംശനാശം നേരിടുന്ന പക്ഷികളെ കണ്ടെത്തുക, നിരീക്ഷിക്കുക, അവയുടെ ആവാസവ്യവസ്ഥയെകുറിച്ച് പഠിക്കുക, പ്രകൃതിനിയമങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുക, ജൈവവൈവിധ്യത്തെ കുറിച്ച് പുതിയ തലമുറയ്ക്കും പ്രത്യേകിച്ച് സ്കൂള്‍ കുട്ടികള്‍ക്കും പൊതുജനത്തിനും അറിവും ബോധവും നല്‍കുക എന്നതാണ് ഈ സംഘടനയുടെ കാതലായ ലക്ഷ്യം. ഇതിനുവേണ്ടി പ്രകൃതി സംരക്ഷണത്തെകുറിച്ച് സംവാദം, സ്ലൈഡ് ഷോ, കാടിനെ സംബന്ധിച്ച വിഷയങ്ങളുള്‍പ്പെടുത്തി പ്രശ്നോത്തരി, ഫോട്ടോ പ്രദര്‍ശനം, പ്രകൃതി പഠന ക്യാമ്പുകള്‍ എന്നിവ നടത്തിയും ഈ കൂട്ടായ്മ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുകയാണ്.
നിരീക്ഷണങ്ങളും
പഠനങ്ങളുമായി
വനയാത്രകള്‍…….
വംശം നാശം നേരിടുന്ന വന്യജീവികളെയും പക്ഷികളേയും കുറിച്ച് പഠനം നടത്തുകയും ഒപ്പം അവയുടെ കണക്കെടുപ്പ് വര്‍ഷാവര്‍ഷം നടത്തി സൂക്ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിലാണ് ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . ജീവജാലങ്ങളുടെ കണക്കുകള്‍ എടുക്കുന്നതിനുവേണ്ടി മാസംതോറും ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ വനയാത്രകള്‍ നടത്തും ഈ യാത്രകളിലുടനീളം സ്വന്തം ക്യാമറകളുപയോഗിച്ച് ചിത്രങ്ങളെടുക്കുകയും ചെയ്യുന്നു. പക്ഷികള്‍, തുമ്പികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയെ നീരിക്ഷിക്കാനും അവയെ പിന്തുടരാനും നടത്തുന്ന ഇത്തരം യാത്രകളില്‍ ഓരോരുത്തരുടെയും താല്പര്യമനുസരിച്ച് പക്ഷിയേയോ തുമ്പിയേയോ ചിത്രശലഭങ്ങളേയോ അവര്‍ക്ക് സ്പെഷ്യലൈസ് ചെയ്യാം. ഈ കൂട്ടായ്മയില്‍ ഇതിനോടകം തന്നെ അന്‍പതിലധികം പേര് സജീവമാണ്.
സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്‍പതിലധികം വനയാത്രകള്‍ ഇതിനകം നടത്തി. ഓരോ വര്‍ഷവും വിവിധ സംഘടനകളുടെ സഹായത്തോടെ ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രോജക്ടുകളും ചെയ്തുവരുന്നു. ഇതിനോടകം അച്ചന്‍കോവില്‍ സര്‍വ്വേ, കൂത്താട്ടുകുളം പക്ഷിനീരിക്ഷണം, പൊന്മുടി കല്ലാര്‍ സിഇടി പ്രോജക്ട്, ഷാല്കലി, പാണ്ടിപട്ട്, പാണ്ടിമൊട്ട, മൂന്നാര്‍,അനാനിരതി വനമേഖല യാത്രകള്‍ നെയ്യാര്‍ പേപ്പാറ സര്‍വ്വേകള്‍.
രണ്ടായിരത്തി പതിനൊന്നില്‍ ഫോട്ടോ എക്സിബിഷന്, ദേശാടന പക്ഷികളെ കണ്ടെത്തുന്നതിനായുള്ള പുഞ്ചക്കരി യാത്ര, അഷ്ടമുടി, ശാസ്താംകോട്ട നീര്ത്തടങ്ങളില്് പക്ഷി സര്‍വ്വേ, ഷെന്ത്രുണി വന്യജീവി സങ്കേതം യാത്ര , ഗവി-കൊച്ചു പമ്പ വനയാത്രകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ യാത്രകളില്‍ സൂക്ഷ്മ നിരീക്ഷണം വഴി വംശം നാശം നേരിട്ടു കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പക്ഷികളെയും ചിത്രശലഭങ്ങളേയും തവളകളേയും തുമ്പികളേയും ഇനം തിരിച്ച് കണ്ടെത്താനും അവയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കാനും അവയുടെ ജീവിത രീതികളെ കുറിച്ച് പഠിക്കുവാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ സെന്റര്‍ ഫോര്‍ എന്വിയറോമെന്റ് ആന്റ് ഡെവലപ്പ്മെന്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് കൈമാറും.
ഈ രീതിയില്‍ ആദ്യ പ്രോജക്ട് 2010 ഏപ്രിലില്‍ നടന്നു. ഐബിസിഎന് പ്രോജക്ട് – കൊല്ലം ഷെന്ത്രുണി പാണ്ടിമൊട്ട, തിരുവനന്തപുരം- പൊന്മുടി പാണ്ടിപത്ത്, അതിരുമല പേപ്പാറ, വരയാട്ടുമുടി, ഉണ്ണികടവു, നെയ്യാര്‍ തുടങ്ങിയവിടങ്ങളിലായി പതിനൊന്നുമാസം നീണ്ടു നിന്ന പഠനത്തിലൂടെ ഗ്രാസ്സ് വാള്ബര് (വാലാട്ടി പക്ഷി ) പക്ഷികളെ നിരിക്ഷിച്ച് പഠനം നടത്തി. പക്ഷികള്‍ കൂട്ടുകൂടുന്നതും മുട്ടവിരിയിക്കുന്നതും ഇവയുടെ കണക്കെടുപ്പുമാണ് പക്ഷി നിരീക്ഷണത്തില്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. സ്ഥിരമായി നിരീക്ഷണവും കണക്കെടുപ്പും നടത്തുന്നത് അച്ചന്‍കോവിലിലാണ്. ഇതിനു പുറമെ നെയ്യാര്‍, പൊന്മുടി, ബോണക്കാട്, ഷെന്ത്രുണി,ദേവര്‍മല തുടങ്ങിയ പ്രദേശങ്ങളാണ് ഇവരുടെ മറ്റ് നിരീക്ഷണ കേന്ദ്രങ്ങള്‍.
ദുര്‍ഘടം പിടിച്ച മലനിരകളിലൂടെ സാഹസികം നിറഞ്ഞ യാത്രകള്‍ പലതും അവസാനിക്കുന്നത് പുതിയ അറിവുകളുമായാണ്. ചിലപ്പോള്‍ ദിവസങ്ങള്‍ നീളുന്ന യാത്രകളാവും. അച്ചന്‍കോവില്‍ വനപ്രദേശത്തെ കണയാര്, വാഴപെരിയാര് മേഖലകളില്‍ നടത്തിയ നിരീക്ഷണത്തില്‍ നൂറ്റിപത്തൊമ്പത് തരം ചിത്രശലഭങ്ങളെ കണ്ടെത്തുവാന്‍ ഇവരുടെ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അതില്‍ നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ പഴക്കമുള്ള ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ എന്ന പേരുള്ള അപൂര്‍വ്വയിനം ചിത്ര ശലഭത്തെ കണ്ടെത്താനും കഴിഞ്ഞു.
ഒക്ടോബര്‍, നവംബര്‍മാസങ്ങളില്‍ നാടുകാണാനെത്തുന്ന ദേശാടനകിളികളെ നിരീക്ഷിക്കാന്‍ ആക്കുളം, വെള്ളായണി പുഞ്ചക്കരി, ശാസ്താംകോട്ട, അഷ്ടമുടിക്കായല്‍ പ്രദേശങ്ങളിലേക്കാണ് യാത്ര. ഉയര്‍ന്നമല നിരകളില്‍ മാത്രം കണ്ടുവരുന്ന നല്ലപാട്ടുകാരനായ ഗ്രാസ് ബേര്‍ഡും മലനിരകളില്‍ മാത്രം കാണുന്ന ചിലപ്പന്‍ പക്ഷിയുമെല്ലാം ഈ സംഘടനയുടെ നിരീക്ഷണത്തില്പ്പെട്ടവയാണ്. സാര്‍വ്വദേശീയ അങ്ങാടി കുരുവി ദിനമായ മാര്‍ച്ച് 20 ന് ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ ചേക്കേറിയ അങ്ങാടി കുരുവികളുടെ കണക്കെടുപ്പ് നടത്തി. ഒരു കാലത്ത് മിക്ക കമ്പോളങ്ങളിലും ധാരാളമായി കണ്ടിരുന്ന അങ്ങാടി കുരുവികളുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതായി കണക്കെടുപ്പില്‍ വ്യക്തമായി.
തുമ്പികളുടെയും
ചിത്രശലഭങ്ങളുടെയും
കണക്കെടുപ്പ്..
ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും നടന്നിട്ടുള്ളത്, വനം വകുപ്പിന്റെ സഹകരണത്തോടെ ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും കണക്കെടുപ്പുകളാണ്. ഈ വര്‍ഷം മേയ് മാസത്തിലാണ് 171 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഷെന്ത്രുണി വന്യജീവി സങ്കേതത്തെ സര്വ്വേയ്ക്കുവേണ്ടി ഏഴു പ്രാന്തങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലത്തും ബേസ് ക്യാമ്പുകള്‍ സ്ഥാപിച്ച് ജൈവമണ്ഡലത്തിലെ മിറിസ്റ്റിക്ക ചതുപ്പും തെന്മലജലാശയവും ഉള്‍പ്പെടുന്ന പ്രദേശത്തെ തുമ്പികളുടെ കണക്കെടുപ്പ് നടത്തിയത്. കട്ടളപ്പാറ, ഉമയാര്‍ ദര്‍ഭക്കുളം, പാണ്ടിമൊട്ട, ആള്വാര്ക്കുറിച്ചി, റോക്ക് വുഡ്സ് മേഖല എന്നിവിടങ്ങളില്‍ നിന്നാണ് ഡോ. ഫ്രാന്‍സി കാക്കശ്ശേരി, ഡോ.മനോജ് വി.നായര്‍,സി.ജി. കിരണ്‍, പി.മനോജ്, കെ.ബൈജു,എച്ച്. ചരണ്‍, കെ.ജയകുമാര്‍,എം,രമേശ്,എസ്.അജിത് കുമാര്‍, സൂരജ്, ശത്രമിത്ര, രാജ്കുമാര് തുടങ്ങിയവരുടെ നേതൃത്വത്തില്‍് 68 ഇനം തുമ്പികളെ കണ്ടെത്തി.
ഈ മേഖലയില്‍ നിന്നും മുന്‍ സര്വ്വകളില് കണ്ടെത്തിയ 23 ഇനം ഉള്‍പ്പടെ തുമ്പികളുടെ എണ്ണം 91 ആയി. ബ്ലഡ്ടെയില് (വര്ണതുമ്പി) , റൂബിടെയില്ഡ് ഹാക്ക്ലെറ്റ് (തീക്കറുപ്പന്‍), ലെസ്സര്‍ ബ്ലൂവിംഗ് (കരിനീലചിറകന്), മിറിസ്റ്റിക്ക സഫയര്‍ (മേഘവര്ണ്ണന്) തുടങ്ങിയവ ഇപ്പോള്‍ കണ്ടെത്തിയ പ്രധാനയിനങ്ങളാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ലിറിയോത്തെമിസ് ജാനസില്‍പ്പെട്ട ഒരിനത്തെയും ആദ്യമായി ഈ സംഘാംഗങ്ങള്‍ക്ക് നീരിക്ഷിക്കാന്‍ സാധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം നടക്കുന്നത്.
തുമ്പികളുടെ കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് മലബാര്‍ ടൊറന്ര്ഡാര്ട്ട് (ചെങ്കറുപ്പന്‍ അനവിയന്), യെല്ലോബുഷ്ഡാര്ട്ട് (മഞ്ഞകാലി, പാല്തുമ്പി), ലോംഗ് ലഗ്ഗ്ഡ് ക്ലബ് ടെയില്‍ (പെരുങ്കാലന്‍ കടുവ) എന്നിവയെയാണ്. രണ്ടായിരത്തി പതിനൊന്ന് അവസാനത്തിലാണ് ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന കണക്കെടുപ്പിലൂടെ 176 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി രേഖപ്പെടുത്തിയത്. വിവിധ സീസണുകളില്‍ നടന്ന കണക്കെടുപ്പില്‍ 334 ഇനം ചിത്രശലങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭത്തെ ഏകദേശം എല്ലാ മേഖലകളിലും ഇവര്‍ക്ക് നിരീക്ഷിക്കാന്‍ സാധിച്ചു. വി.സി. ബാലകൃഷ്ണന്, അശോക് സെന്‍ഗുപ്ത, ബാലകൃഷ്ണന് വളപ്പില്‍. കെ.ബൈജു, സി.ജി. അരുണ്‍, എസ്.കലേശ്, എച്ച്. ചരണ്‍ എന്നിവരടങ്ങിയ മുപ്പത് അംഗ സംഘമാണ് കണക്കെടുപ്പില്‍ പങ്കെടുത്തത്. പ്രകൃതി സംരക്ഷണ ബോധവത്കരണത്തോടൊപ്പം ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി വംശം നാശം നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷികളെ കണ്ടെത്തി അവയുടെ ആവാസ വ്യവസ്ഥ തകിടം മറിയാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. 2012 ഫെബ്രുവരിയില്‍ അഷ്ടമുടിക്കായലില്‍ നടത്തിയ പക്ഷി സര്‍വ്വേയില്‍ ദേശാടന കിളികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തി. കായലിലേക്ക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് കാരണം പരുന്തുകളുടെ എണ്ണം കൂടിയതാണ് ദേശാടന കിളികളുടെ കുറവിന് കാരണമായി നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. ആയിര കണക്കിന് നീര്‍കാക്കകള്‍ ഉണ്ടായിരുന്നിടത്ത് നൂറില്‍ താഴെ നീര് കാക്കകളെ മാത്രമേ സംഘാംഗങ്ങളുടെ നിരീക്ഷണത്തില്‍ കണ്ടെത്താനായുള്ളൂ.
ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഡയറക്ടര്‍ കെ. ജയകുമാര്‍, കോ-ഓഡിനേറ്റര്‍ എച്ച്.ചരണ്‍, ട്രഷറര്‍ എം.രമേഷ്, പി.ആ.ഒ. പബ്ലിക റിലേഷന്‍സ് ഓഫീസര്‍ ഡോ. എസ്.കലേഷ്, അരുണ്‍ സി.ജി. എന്നിവരാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി എട്ടുപേരടങ്ങിയ ഉപദേശക സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. സുരേഷ് ഇലമണ്‍,ഇ. കുഞ്ഞികൃഷ്ണന്, അഡ്വ. എല്‍ .നമശിവായം, ഡോ. മുഹമദ് ജാഫര്‍ പലോട്ട്, ഡോ. എ. രാജാറാം, ഡോ.പി.ഒ. നമീര്‍,ഡോ.ശ്യാം ചന്ദ്രന്,കെ.ബി. സഞ്ജയന് എന്നിവരാണ് ഈ സമിതിയിലുള്ളത്.
ആര്. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: