ഏത് ആത്മാവും പരമാത്മാവിന്റെ അധിഷ്ഠാനകേന്ദ്രം തന്നെ. നമ്മുടെ ആത്മാവില്‍ പരമാത്മാവിന്റെ സാന്നിധ്യം അനുഭവിച്ചറിയുമ്പോള്‍ അന്തരംഗം പ്രശാന്തമാവും; ദീനാനുകമ്പാമസൃണമാവും. സ്വാര്‍ത്ഥത മറന്ന് നാമപ്പോള് ലോകസേവനത്തിന് സജ്ജരാവും.
ശരീരവും മനസ്സും ബന്ധനത്തിനെന്നപോലെ മോചനത്തിനും കാരണമാണ്. ശരീരമില്ലെങ്കില്‍ മനസ്സിന്റെ സ്വരൂപം നമുക്ക് മനസ്സിലാക്കാന്‍ സാധ്യമല്ല. മനസ്സും ബുദ്ധിയും ജീവിതം തന്നെയും അറിയപ്പെടുന്നത് ശരീരമുള്ളതുകൊണ്ടാണ്. അതുകൊണ്ട് ഇവയ്ക്കപ്പുറത്തുള്ള സത്യം മനസ്സിലാക്കാനും മഹത്തരമായ ഈ ശരീരത്തെ ഉപയോഗപ്പെടുത്തുന്നത് അഭികാമ്യം തന്നെ. മനുഷ്യന് എല്ലാ ജീവികളിലും വച്ച് കൂടുതല്‍ ഉല്‍കൃഷ്ടനാണ്. മനുഷ്യശരീരം കൂടുതല്‍ പരിശുദ്ധമാണ്. എന്തെന്നാല്‍ ഈശ്വരചിന്ത അതിലെ മാലിന്യത്തെയാകെ മായ്ച്ചുകളാന്‍ പര്യാപ്തമാണ്. മനുഷ്യജന്മം ഈശ്വരനില്‍ നിന്ന് കിട്ടുന്ന ശ്രേഷ്ഠമായ ഒരു വരപ്രസാദമാണ്. ഈ സമ്മാനം ഒരിക്കലും നികൃഷ്ടമായ കാര്യങ്ങള്‍ക്കുവേണ്ടി പാഴാക്കിക്കളയരുത്. വലിയ കാര്യങ്ങള്‍ക്ക് വേണ്ടിയേ ഇതുപയോഗിക്കാവൂ.
പരമാണുക്കളെ പല അളവില്‍ ഒന്നിച്ചുചേര്‍ത്താണ് ഈശ്വരന് വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നത്. ആ പരമാണുക്കള്‍ തന്നെ ഈശ്വരന്റെ ശരീരാംശങ്ങളാണ്. എല്ലാറ്റിലും ഈശ്വരന് അടങ്ങിയിരിക്കുന്നു എന്ന് ഇത്രയും കൊണ്ട് വ്യക്തം. നിങ്ങള്‍ ഈശ്വരന്റെ കൈയിലെ ഈശ്വരനിര്മ്മിതമായ ഒരുപകരണം മാത്രം.
നിങ്ങളിലൂടെ ഈശ്വരന് ലോകത്തെ കാണുന്നു. നിങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് ലോകത്തെ കാണുന്നു എന്നത് ഒരു മിഥ്യാസങ്കല്പമത്രേ. നിങ്ങള്‍ കാണുന്നെങ്കില്‍ത്തന്നെ അത ഈശ്വരന്റെ കണ്ണുകളിലൂടെയാണ്. ഈശ്വര ചൈതന്യം പ്രവഹിക്കാത്ത കണ്ണുകള്‍ അന്ധമാണ്. ബോധമണ്ഡലം ഉണരുമ്പോള്‍ ആദ്യം ന്വേഷിക്കേണ്ടത് നിങ്ങളാരാണെന്നാണ്. മേറ്റ്ന്തന്വേഷണവും പിന്നെ മതി.
സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: