പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ പാലങ്ങളില്‍ വാഹനയാത്രക്കാരുടെ സുരക്ഷാര്‍ത്ഥം ചൂണ്ടയിടല്‍ നിരോധിച്ച ട്രാഫിക്ക് പോലീസ് വെട്ടിലായി. കഴിഞ്ഞയാഴ്ച തോപ്പുംപടി ബിഒടി പാലത്തിലൂടെ ബൈക്കിനുപിന്നില്‍ സഞ്ചരിക്കുകയായിരുന്ന പള്ളുരുത്തി സ്വദേശിനിക്ക് ചൂണ്ടക്കൊളുത്ത് ദേഹത്ത് ഉടക്കി അപകടം പറ്റിയിരുന്നു. ഭര്‍ത്താവുമൊപ്പം പള്ളുരുത്തിയിലേക്ക് പോകുന്നതിനിടയില്‍ പാലത്തില്‍നിന്നും ചൂണ്ടനൂല് ചുഴറ്റിയെറിയുകയായിരുന്ന യുവാവിന്റെ കയ്യില്‍ നിന്നും തെറ്റി യുവതിയുടെ ദേഹത്ത് ഉടക്കുകയായിരുന്നു. പിന്നീട് കരുവേലിപ്പടി ആശുപത്രിയില്‍ വെച്ച് ശാസ്ത്രക്രിയയിലൂടെയാണ് ഇവരുടെ ദേഹത്തുനിന്നും കൊളുത്ത് പുറത്തെടുത്തത്. പിന്നീട് പോലീസില്‍ പരാതിനല്‍കിയ ഇവര്‍ സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് ട്രാഫിക് പോലീസ് പിന്നീട് പശ്ചിമകൊച്ചിയിലെ അഞ്ചുപാലങ്ങളില് ചൂണ്ടയിടല്‍ നടത്തുന്നത് നിരോധിക്കുകയായിരുന്നു. പക്ഷെ ഇതിന് അപവാദമെന്നനിലയില് തോപ്പും പടി ഹാര്‍ബര്‍ പാലത്തില്‍ കേരള ഹോം സ്റ്റേയും, ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ഞായറാഴ്ച നടത്തുന്ന ചൂണ്ടയിടല്‍ മത്സരത്തിന് ഉദ്ഘാടകനാകുന്നത് കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസാണ്. ട്രാഫിക്ക്പോലീസ് ജനങ്ങളുടെ സുരക്ഷാര്‍ത്ഥം അവരുടെ പരിധിയില്‍ നിന്നുകൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണമാണ് പാലങ്ങളിലെ ചൂണ്ടയിടല്‍ നിരോധിക്കാന്‍ ട്രാഫിക്ക് പോലീസ് തീരുമാനിച്ചതെന്നറിയുന്നു.
ഹാര്‍ബര്‍ പാലം കൊച്ചിയുടെ പൈതൃകസ്വത്ത് നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യം എന്ന സന്ദേശമുയര്‍ത്തിയാണ് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുമ്പോള്‍ കേന്ദ്രമന്ത്രിയൊടൊപ്പം മദ്ധ്യമേഖലാ ഐജി കെ.പത്മകുമാര്‍ പങ്കെടുക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, എംഎല്‍എ ഡോമിനിക്ക് പ്രസന്റേഷന്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, കൊച്ചിമേയര്‍ ടോണിചമ്മണി എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പോലീസ് നിരോധിച്ച ചൂണ്ടയിടല്‍ മത്സരമായി നടത്തുന്ന സംഘാടകര്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രദേശത്തെ മനുഷ്യാവകാശ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: