കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് പറഞ്ഞ് സിപിഎം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണന് നടത്തിയ വിവാദ പ്രസംഗം ഗൗരവമായി കാണാതിരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഇടുക്കിയില്‍ എം.എം മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത സര്‍ക്കാരിന് വി.പി ഗോപാലകൃഷ്ണന് 2010ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലും കേസെടുക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ഗോപാലകൃഷ്ണന്റെ പ്രസംഗം അന്നത്തെ ഇന്റലിജന്‍സ് സംവിധാനം എന്തുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു. അഥവാ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനസംഘടന ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പുനസംഘടന വളരെ പെട്ടന്നുണ്ടാകണം. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കാതെ പാര്‍ട്ടിയോട് കൂറും വിശ്വസ്തതയുമുള്ള ചെറുപ്പക്കാരെ കോണ്‍ഗ്രസ് സംഘടനാ സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: