തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
മാനേജ്മെന്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ് പുതിയ കരാറിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നു ബേബി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും പ്രിവിലേജ് സീറ്റുകള്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിവിലേജ് സീറ്റുകള്‍ ഏര്‍പ്പെടുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളജുകള്‍ പോലും ഇക്കുറി ധാരണയിലെത്തിയത് സര്‍ക്കാരിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ മാനെജ്മെന്റുകള്‍ നടത്തിയ പരീക്ഷകള്‍ സുതാര്യമായിരുന്നില്ല. ഇത്തവണ പരീക്ഷകള്‍ സുതാര്യമാക്കണമെന്നു മാനെജ്മെന്റുകളോട് ആവശ്യപ്പെട്ടപ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. മുന്‍ സര്‍ക്കാരിന്റെ കാലത്തു തങ്ങളുടെ താത്പര്യപ്രകാരമാണു പരീക്ഷകള്‍ നടത്തിയത്. ഇതു സുതാര്യമല്ലായിരുന്നെന്നു തന്നോടും ആരോഗ്യമന്ത്രിയോടും മാനെജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് എം.എ. ബേബി പറഞ്ഞു. പി.എ. മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണു കഴിഞ്ഞ സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തിയത്. എന്‍ജിനീയറിങ് കോളേജുകളില്‍ പരീക്ഷകള്‍ നടത്തിയത് എന്‍ട്രന്‍സ് കമ്മിഷന് നേരിട്ടായിരുന്നെന്നും ബേബി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഇക്കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണെന്നായിരുന്നു പ്രതികരണം. തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കോടികള്‍ കോഴ വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: