തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ ഒന്‍പത് റാങ്കും ആണ് കുട്ടികള്‍ സ്വന്തമാക്കി. 584.5956 സ്കോര്‍ നേടിയ ചങ്ങനാശേരി ചീരഞ്ചിറ പുളിയാംതൊട്ടിയില്‍ ഹൗസില്‍ ബിനു ജോര്‍ജിനാണ് ഒന്നാംറാങ്ക്. സി ബി എസ് ഇ സിലബസിലാണ് ബിനു പഠിച്ചത്. തൃശൂര്‍ വരവൂര്‍ മാറാത്ത് ഹൗസില്‍ എം. ജിഷ്ണുവിനാണ് രണ്ടാം റാങ്ക്, സ്കോര്‍ 572.2411. കേരള സിലബസ് ഹയര്‍സെക്കന്ററി പഠിച്ചാണ് ജിഷ്ണു ഈ നേട്ടം സ്വന്തമാക്കിയത്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ജെറിന് വിന്‍സന്റിനാണ് മൂന്നാം റാങ്ക്, സ്കോര്‍ 571.5363. അഞ്ചാംറാങ്ക് നേടിയ തൃശൂര്‍ കാട്ടൂര്‍ പാലാട്ട് ഹൗസില്‍ ശില്‍പജോയിയാണ് ആദ്യ പത്തില്‍ ഇടംനേടിയ ഏക പെണ്‍കുട്ടി.
എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ആദ്യ ആയിരത്തില്‍ 162 പേര് എറണാകുളം ജില്ലയില്‍നിന്ന്. ഏറ്റവും കൂടുതല്‍ പേര് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയതും എറണാകുളത്ത് നിന്നാണ്, 8433 പേര്. കോഴിക്കോട് ജില്ലയില്‍ നിന്ന് 140 പേരാണ് ആദ്യ ആയിരത്തില്‍ ഇടം നേടിയത്. 123 പേരുമായി മൂന്നാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്.
ആകെ 60,776 പേര് റാങ്ക് ലിസ്റ്റില്‍ ഇടംനേടി. ഇതില്‍ 32,269 പേര് ആണ്‍കുട്ടികളും 28,507 പേര് പെണ്‍കുട്ടികളുമാണ്. പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും യോഗ്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷത്തെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും 50:50 അനുപാതത്തില്‍ പരിഗണിച്ച് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയക്ക് വിധേയമാക്കിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്. പ്രവേശന പരീക്ഷയുടെ മാര്‍ക്കും പ്ലസ്ടു പരീക്ഷാ മാര്‍ക്കും 300ലേക്ക് പരിമിതപ്പെടുത്തി ആകെ 600 മാര്‍ക്കിനാണ് റാങ്ക് നിര്‍ണയം നടത്തിയത്. 77,510 പേര് പ്രവേശന്യൂപരീക്ഷയില് യോഗ്യത നേടിയിരുന്നെങ്കിലും 60,776 പേര് മാത്രമാണ് റാങ്ക് ലിസ്റ്റ് തയാറാക്കാനായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിച്ചത്.
എസ് സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം 310-ാം റാങ്ക് നേടിയ ആലപ്പുഴ സനാതനപുരം ആനന്ദില്‍ അപര്‍ണ മോഹനന് നേടി. 88-ാം റാങ്ക് നേടിയ വടകര നടക്കുത്താഴ സവിധത്തില്‍ എസ്. അശ്വിനാണ് എസ് സി വിഭാഗത്തില്‍ രണ്ടാം റാങ്ക്. എസ് ടി വിഭാഗത്തില്‍ ഒന്നാം സ്ഥാനം 1272-ാം റാങ്ക് നേടിയ കോട്ടയം മണാര്‍കാട് പാഴൂര്‍ ഹൗസില്‍ പി. അരുണ്‍ഗോപനാണ്. 1763-ാം റാങ്ക് നേടിയ തൃശൂര്‍ കടമ്പോട് കൊച്ചുപാലയ്ക്കല്‍ ഹൗസില്‍ ശ്രീഷ ശങ്കറിനാണ് രണ്ടാം സ്ഥാനം. ജൂലൈ എട്ടിന് ആദ്യ അലോട്ട്മെന്റ് നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. 9,10,11 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസടയ്ക്കാം.
സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളാണ് ഇക്കുറിയും മികച്ച നേട്ടം കൊയ്തത്. ആദ്യ ആയിരം റാങ്കില്‍ 545 പേരും ഈ വിഭാഗത്തില്‍ നിന്നാണ്. സി ബി എസ് ഇ വിഭാഗത്തില്‍ 16,735 പേര് റാങ്ക് ലിസ്റ്റില്‍ ഇടം നേടി. ആദ്യ ആയിരത്തില്‍ 391 പേര് കേരള സിലബസുകാരാണ്. ഐ സി എസ് ഇ സിലബസില്‍ പഠിച്ച 45 പേരും റാങ്ക് ലിസ്റ്റില്‍ ആദ്യ ആയിരത്തില്‍ ഇടംനേടി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: