നീ അസംഗനായ ആത്മാവാണ്. നീ എപ്പോഴും അതുതന്നെയാണ്. അത് അസംഗനായ ആത്മാവില്‍ മനസും, അതിന്റെ വികാരങ്ങളും, ശരീരവും, അതിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ചിന്തകളും പരിശ്രമങ്ങളും അതിനെതുടര്‍ന്ന് ഭൗതികസുഖസമ്പത്തുക്കളുടെ ശേഖരങ്ങളിലുമെല്ലാം എന്റേത് എന്ന ലേബല്‍ ഒട്ടിച്ചുകൊണ്ട് അനേകരൂപത്തില്‍ കര്‍മിയായി ദൃശ്യങ്ങളില്‍ പതിക്കുന്നു. നിന്റേത് അല്ലാത്തതിലെല്ലാം നിന്റേത് എന്ന ബുദ്ധിയുള്ളതുകൊണ്ട് നിന്നെ ഒഴിച്ച് ബാക്കിയെല്ലാം അറിഞ്ഞുകൊണ്ട് ജീവിതഭ്രമം തുടരുന്നു. നീ ഇല്ലാതെ നിനക്ക് കര്‍മ്മം ഇല്ല. കര്മ്മംനിന്നിലില്ല. കര്‍മ്മത്തില്‍ നീയുമില്ല. ഈ ശരീരത്തില്‍ നിന്നും എത്രയെത്ര കര്‍മ്മങ്ങള്‍ ഉതിരുമെന്ന് ഒരു തിട്ടവും നിക്കില്ല. എന്നാല്‍ ഓരോ കര്‍മ്മത്തിനും ശേഷം നീ മുന്നേപ്പോലെ തന്നെ ശേഷിക്കുന്നു. അപ്പോള്‍ നിനക്ക് അതിറിയാം ഒരു കര്‍മ്മം കൊഴിഞ്ഞു. അടുത്ത കര്‍മ്മം നിന്നിലില്ല.
ജഡങ്ങളുടെ പരിണാമവിശേഷങ്ങളില് ചേതനന് കാഴചക്കാരന് മാത്രമാണ്. നീ അല്ലാത്തതും നിന്നിലില്ലാത്തതുമാണ് ‘നിന്റേത്’ എന്ന രൂപത്തില്‍ കടമയെന്നോ കര്‍ത്തവ്യമെന്നോ ഉള്ള പേരില്‍ ആരംഭിക്കുന്ന കര്‍മ്മങ്ങള്‍. നീ അല്ലാത്ത നിന്റെ കര്‍മ്മങ്ങളെക്കുറിച്ചുള്ള വിസ്തൃതമായ ആശയഭണ്ഡാരത്തില് നിന്ന് എപ്പോള്‍ നിന്നെ വേര്‍തിരിക്കാന്‍ സാധിക്കുമോ അപ്പോള്‍ അസംഗനും സ്വപ്രകാശനുമാണ് നീ എന്ന് നിനക്ക് ബോധ്യമാകും. സ്വപ്രകാശന്റെ പ്രകാശത്തിലാണ് കര്മ്മാരംഷം. കര്‍മ്മങ്ങളെ പ്രകാശിപ്പിച്ചു നിന്ന നീ നിന്നെ അറിയാതെ തെരഞ്ഞെടുത്തുകൊണ്ടിരുന്നത് കര്മ്മങ്ങളെയായിരുന്നു. അതിനാല്‍ നിന്റെ പ്രകാശകത്വം നീ അറിഞ്ഞില്ല. അത് അറിയുമ്പോള്‍ നിനക്ക് തെരയാനും അറിയാനും ചെയ്യാനും ഒന്നും അവശേഷിക്കാതെ നീ മാത്രമായിത്തീരും. അതാണ് എന്നത്തേയും നിന്റെ യഥാര്‍ത്ഥനില. അകര്മ്മസ്വരൂപവും നിശ്ചലവും പ്രഞ്ചരഹിതവുമായ സാത്മസ്വരൂപാനുഭൂതി. അസത്തായ കര്‍മ്മത്തിന്റെ ചരമം ആത്മനിഷ്ഠയില്‍ അവസാനിക്കുന്നതാണ്.
ജലത്തില്‍ അലിഞ്ഞ ഉപ്പുപോലെ കര്‍മ്മം ആത്മാവില്‍ അലിഞ്ഞുചേരുന്നു. എന്നുപറഞ്ഞാല്‍ കര്‍മ്മത്തെയല്ല, കര്‍മ്മത്തിലൂടെ ആത്മാവിനെയാണ് കാണുന്നത് എന്ന് സാരം. ആത്മാവാകുന്ന അന്തര്യാമിയെ മൗനമാകുന്ന ആഭരണം അണിയിക്കാന്‍ മാത്രമേ സാധിക്കൂ. അതാകട്ടെ കര്മ്മസങ്കല്പം നിരാസത്തിലൂടെയാണ്. എങ്ങനെ കര്‍മത്തെ മൗനമാക്കും?കര്‍മ്മത്തിലെ ആത്മസ്പര്‍ശം അറിയുമ്പോള്‍ കര്‍മ്മം ഒടുങ്ങുന്നു. വ്യക്തിത്വത്തെ അധിഷ്ഠാനത്തില്‍ സമര്‍പ്പിക്കുക. അയാള്‍ ഒന്നും പറയാതെ ദൈവത്തെ സ്തുതിക്കുന്നു. ഒന്നും ചെയ്യാതെ ദൈവത്തെ പൂജിക്കുന്നു. അയാള്‍ ഏതേത് കര്‍മത്തിലും ഏതേത് ചിന്തയിലും ദൈവത്തെ വിട്ടുനില്‍ക്കാന്‍ കഴിയാത്തവനായി, കുളിര്‍മ്മ വിടാന്‍ കഴിയാത്ത പൗര്‍ണമിയായി ഭവിക്കുന്നു. തന്റെ കര്‍മങ്ങളില്‍ ആത്മാവിന്റെ നേരിട്ടുള്ള ഇടപെടല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നവന് കര്മ്മരഹസ്യമറിഞ്ഞ് തൃപ്തനാകുന്നു. ഇത് എത്രയും മുന്‍പേ അറിയുന്നവന് അപ്പോള്‍ മുതല്‍ തൃപ്തനാണ്. കര്‍മ്മത്തിന്റെ വിശപ്പ് ആത്മാനുഭവത്തില്‍ അടങ്ങിപ്പോകും. ഞാന്‍ പറയുന്നു, ഞാന്‍ വിചാരിക്കുന്നു, ഞാന്‍ കേള്‍ക്കുന്നു എന്നു തുടങ്ങി ഓരോ കര്‍മ്മത്തിലും ആത്മാവിന്റെ അനിഷേധ്യ സാന്നിദ്ധ്യം കണ്ടെത്തുമ്പോള്‍ ഓരോ കര്‍മ്മത്തിലൂടെയും ലക്ഷ്യമാകുന്ന ആനന്ദം വേര്‍തിരിച്ച് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്.
ശുക്ലപക്ഷത്തിലെ ചന്ദ്രന്റെ വൃദ്ധി ഓരോ ചെറിയ കലകളായി കൂടിക്കൂടി വരുമ്പോഴും അടുക്കിയടുക്കി വച്ച രൂപത്തിലല്ല അനുഭവം, ഏകമായിട്ടാണ്. പൂര്‍ണമായിട്ടാണ് ചന്ദ്രനെ കാണുന്നത്. അതുപോലെ കര്‍മ്മരഹസ്യം അറിഞ്ഞവന്റെ ആനന്ദം ഒന്നായിട്ടാണ്. ഒരേ തത്ത്വം അറിയുന്നതിനാണ് വ്യത്യസ്ത കര്‍മ്മങ്ങളെല്ലാം എന്നറിയുക. അനേകം മുത്തുകള്‍ കോര്‍ത്ത മാലയുടെ ശോഭ ഒരുപോലെയിരിക്കുന്നു. താമരയുടെ ഓരോ ദളവും താമരയാണ്.നിറവും മണവും തുല്യം. ഗംഗയില്‍ വന്നുചേരുന്ന ഏതുചോലയും ഗംഗയായി ഒഴുകുന്നതുപോലെ ആത്മബോധിയുടെ ഏത് കര്‍മ്മവും ആത്മാനുഭവമായിത്തീരുന്നു. ചിത്തേന്ദ്രിയങ്ങളെന്ന ഉപകരണങ്ങളില്‍ ചേര്‍ന്ന് നിന്ന് പരമാത്മാവിനാല്‍ കര്‍മ്മം ചെയ്യപ്പെടുന്നു. ഇതാണ് കര്‍മ്മത്തിന്റെ മര്‍മ്മം. കര്‍മ്മം ആത്മവിശ്വാസത്തിലും ശ്രദ്ധയിലും ആകുമ്പോള്‍ കര്‍മങ്ങളുടെ ഫലപ്രാപ്തി അപ്പോള്‍തന്നെ ലഭിക്കുന്നു.
വേദം ഉരുവിടുന്നതിന് തുല്യമായ ഫലം, കര്‍മ്മത്തില്‍ ആത്മശ്രദ്ധ വരുമ്പോള്‍ ലഭിക്കുന്നു. ശ്രദ്ധ കൂടാതെയുള്ള യജ്ഞവും ദാനവും തപസും എല്ലാം അസത്താണ്. അവകൊണ്ട് ഇഹത്തിലും പരത്തിലും യാതൊരു ഫലവുമില്ല. ആത്മ ജ്ഞാനത്തെ സ്വാധീനമാക്കി കര്‍മ്മത്തെ അറിയാനാണ് ആചാര്യന്മാര് ഉപദേശിക്കുന്നത്. അല്ലെങ്കില്‍ ജീവിതകര്മ്മങ്ങളെല്ലാം വിഫലം. ഇതറിഞ്ഞാല്‍ കര്‍മ്മമേഖല, ജ്ഞാനം വിളയുന്ന ഫലഭൂയിഷ്ടമായ ഭൂമിയായിത്തീരും. എല്ലാ കര്‍മ്മങ്ങളെയും പിന്നിലെ സത്തയോട് ചേര്‍ത്ത് അറിയുമ്പോള്‍ കര്‍മ്മഭൂമിയും ജ്ഞാനഭൂമിയും തിരിച്ചറിയാതായിപ്പോകും.
കാമ്യകര്‍മ്മങ്ങളുടെ ഫലം ജീവന്മാര് അനുഭവിക്കുക തന്നെ വേണം. അവനവന്റെ ത്വക്കിന്റെ നിറം കഴുകിക്കളയാന്‍ പറ്റാത്തതുപോലെ കര്‍മഫലം കാമത്തിന് ഉതകത്തക്കവിധം നില്ക്കും. സമ്പത്തില്ലാത്തവന് കള്ളനെ ഭയപ്പെടാത്തതുപോലെ കാമനകളെ മനസില്‍ നിന്ന് പിഴുതെറിഞ്ഞിട്ട് കര്‍മ്മം ചെയ്യുന്നവന് അപ്പോള്‍തന്നെ ആത്മാവാകുന്ന ഫലം-സുഖഫലം ലഭിക്കുന്നു. വര്‍ഷകാലത്ത് മേഘം ഗര്‍ജിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ച് വച്ചിട്ടല്ല. കാമനകളുടെ മുന്‍വിധിയില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വാഭാവികമായിത്തീരും. അയാളെ പുണ്യപാപങ്ങള്‍ ബന്ധിക്കുകയോ കര്‍മ്മം ആത്മാനുഭവത്തിന് വിഘാതമാവുകയോ ചെയ്യുന്നില്ല. മേഘമോ വര്‍ഷമോ ആകാശത്ത് പറ്റിപിടിക്കുന്നില്ല.
ചിത്തേന്ദ്രിയദേഹങ്ങളുടെ കര്മ്മചേഷ്ടകളില് ആത്മസാന്നിദ്ധ്യം കാണുമ്പോള്‍ ആനന്ദം അനായാസമായി അവിടെ സ്ഫുരിക്കും. സൂര്യരശ്മിയുടെ സമ്പര്‍ക്കംകൊണ്ട് സരോരൂഹം വിടരുന്നതുപോലെ ആത്മസാന്നിദ്ധ്യത്തില്‍ കര്‍മ്മങ്ങള്‍ വിടരുന്നു. സൂര്യന് അവിടെ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. അതുപോലെ ആത്മതത്ത്വം കര്‍മത്തില്‍ നിശ്ചലവ്യാപ്തമായി നില്ക്കുന്നു.കാമ്യകര്‍മങ്ങളെ ഉപേക്ഷിക്കുന്നത് എങ്ങനെയെന്ന് ശാസ്ത്രീയമായി അറിയുന്ന ഒരാളിന്റെ കര്ത്യത്വബോധം കര്‍മങ്ങളില്‍ ബന്ധിച്ചുപോവുകയല്ല, നേരെമറിച്ച് കര്തൃത്ത്വത്തിന്റെ അങ്ങേപുറത്തുള്ള ആത്മാവിനെ അറിയുകയാണ് ചെയ്യുന്നത്. അതോടെ കര്മക്ഷയം സംഭവിക്കുന്നു.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: