ന്യൂദല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 48 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട സമരം ആരംഭിച്ചതെന്ന് ഇന്ത്യന്‍ പൈലറ്റ് ഗിള്‍ഡ് നേതാക്കള്‍ അറിയിച്ചു.
സംഘടനയുടെ പത്ത് അംഗങ്ങളാണ് തുടക്കത്തില്‍ നിരാഹാരസമരം നടത്തുക. തുടര്‍ന്ന് മറ്റു പൈലറ്റുമാരെയും അവരുടെ ബന്ധുക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കും. സമരം അവസാനിപ്പിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും എന്നാല്‍ പുറത്താക്കിയ സഹപ്രവര്‍ത്തകരെ വഴില് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ പുറത്താക്കിയ 101 സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കാതെ ജോലിക്ക് കയറില്ലെന്ന് ഐ.പി.ജി. നേതാക്കള്‍ അറിയിച്ചു. മാനേജുമെന്റിന്റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ക്കു കാരണം. തങ്ങള്‍ക്ക് ഉയര്‍ന്ന വേതനമാണ് ലഭിക്കുന്നതെന്ന വ്യാജ പ്രചാരണം മാനേജുമെന്റ് അഴിച്ചു വിട്ടിരിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
സമരം തുടങ്ങിയതിനെത്തുടര്‍ന്ന് ഐ.പി.ജി. യുടെ അംഗീകാരം എയര്‍ലൈന്‍ മാനേജ്മെന്റ് റദ്ദാക്കിയിരുന്നു. മെയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: