ആരാധനയുടെ ഈ നിമ്നഭാവങ്ങളെന്തല്ലാം? അവ അനേകങ്ങളാണ്. സാക്ഷാത്കാരം സാധ്യമാക്കുന്ന അവസ്ഥയിലെത്തുവാന്‍, നാം ആദ്യം മൂര്‍ത്തത്തിലൂടെ കടക്കണം; കുട്ടികള്‍ ആദ്യം മൂര്‍ത്തത്തിലൂടെ പഠിക്കുകയും ക്രമേണ അമൂര്ത്തിലേക്കു ചെല്ലുകയും ചെയ്യുന്നതുപോലെ, അയ്രണ്ടു പത്ത് എന്ന് ഒരു കൊച്ചുകുട്ടിയോടു പറഞ്ഞാല്‍ അതിനു മനസ്സിലാവില്ല; എന്നാല്‍ പത്തു സാധനം കൊണ്ടുവന്ന്, അയ് രണ്ടുപത്താകുമെന്ന് കാണിച്ചുകൊടുത്താല്‍ അതിനു മനസ്സിലാകും. മതം ഒരു ദീര്‍ഘ – മന്ദ -പ്രക്രിയയാണ്. ഇതില്‍ നാമെല്ലാം ശിശുക്കളാണ്. നാം വയസ്സന്മാരായിരിക്കാം. ലോകത്തിലെ ഗ്രന്ഥങ്ങളെല്ലാം പഠിച്ചുമിരിക്കാം; പക്ഷേ ആത്മികശിശുക്കളാണ് നാമെല്ലാം. നാം സിദ്ധാന്തങ്ങളും പ്രമാണങ്ങളും പഠിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ യാതൊന്നും സാക്ഷാത്കരിച്ചിട്ടില്ല. നാമിപ്പോള്‍ മൂര്ത്തങ്ങളില് തുടങ്ങേണ്ടിയിരിക്കുന്നു -രൂപങ്ങളിലും വാക്കുകളിലും, പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും കൂടെ. മൂര്ത്തരൂപങ്ങളാണെങ്കില്, ആയിരക്കണക്കുണ്ട്; എല്ലാവര്ക്കും ഒരേ രൂപം ആകണമെന്നില്ല. ചിലര്‍ക്ക് പ്രതിമകള്‍ സഹായമായിരിക്കാം, ചിലര്‍ക്ക് അല്ലായിരിക്കാം. ചിലര്‍ക്ക് പുറത്തൊരു വിഗ്രഹം വേണം, ചിലര്‍ക്ക് ഒന്ന് തലച്ചോറില്‍. അതകത്ത് വെയ്ക്കുന്നവന് പറയുന്നു. ‘ഞാന്‍ ശ്രേഷ്ഠ പുരുഷനാണ്; അതകത്താണെങ്കില് ഒക്കെശ്ശരി; പുറത്താണെങ്കില്‍ വിഗ്രഹാരാധന ഞാനതിനോടു പൊരുതും. പള്ളിയുടെയോ അമ്പലത്തിന്റെയോ രൂപത്തില്‍ ഒരു വിഗ്രഹം വെച്ചാല്‍ അത് പാവനമാണെന്ന് കരുതുന്നു. അതൊരു മനുഷ്യരൂപത്തിലാണെങ്കിലോ, അതിനെ എതിര്‍ക്കുന്നു.
മനസ്സിന് മൂര്‍ത്തമായ അഭ്യാസം കൈവരുത്തുന്ന പലതരം രൂപങ്ങുണ്ട്. അവയിലൂടെ പടിപടിയായി അമൂര്‍ത്തബോധത്തിലേക്കും അമൂര്‍ത്തസാക്ഷാത്കാരത്തിലേക്കും നാം വരും. ഇനി ഒരേ രൂപമല്ല എല്ലാവര്ക്കും. നിങ്ങള്‍ക്ക് യോജിക്കുന്ന ഒരു രൂപമുണ്ട്. വേറൊരാള്‍ക്ക് വേണ്ടിയല്ല. ഇവിടെയാണ് നാം സാധാരണ വരുത്താറുള്ള വേറൊരു തെറ്റ്. എന്റെ ആദര്‍ശം നിങ്ങള്‍ക്ക് ചേരുന്നില്ല. പിന്നെയെന്തിന് ഞാനതു നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. പള്ളി പണിയുന്നതിനും സ്തോത്രപാരായണത്തിനും എനിക്കുള്ള രീതി നിങ്ങള്‍ക്ക് ചേരുന്നില്ല; ഞാന്‍ അതെന്തിനു നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കണം?. ലോകത്തിലേക്ക് ചെല്ലൂ. തന്റെ രൂപംമാത്രമാണ് ശരിയെന്നും മറ്റു രൂപങ്ങളെല്ലാം പൈശാചികമാണെന്നും താന്മാത്രമാണ് ലോകത്ത് ജനിച്ചിട്ടുള്ളവരില്‍ അനുഗൃഹീതനെന്നും ഓരോ മഠയനും പറയുന്നുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഈ രൂപങ്ങളെല്ലാം നല്ലതും സഹായകവുമാകുന്നു. മനുഷ്യപ്രകൃതിയില്‍ ചില വൈവിധ്യങ്ങളുളളതുപോലെ മതത്തിലും വേണം അത്രതന്നെ രൂപങ്ങള്‍. അവ എത്രയേറെയുണ്ടോ അത്രയും ലോകത്തിനു നല്ലതുതന്നെ. ലോകത്ത് ഇരുപത് മതരൂപങ്ങളുണ്ടെങ്കില്‍ അതു വളരെ നല്ലത്; നാനൂറുണ്ടെങ്കില്‍ അത്രയ്ക്കു കൂടുതല്‍ നല്ലത്. കുടുതലെണ്ണത്തില് നിന്നു തിരഞ്ഞെടുക്കുമല്ലോ. അതിനാല്‍ മതസംഖ്യയും മതാശയങ്ങളും പെരുകിവരുമ്പോള്‍ നാം സന്തോഷിക്കണം. എന്തെന്നാല്‍, അവയപ്പോള്‍ എല്ലാ മനുഷ്യരെയും ഉള്കൊള്ളുകയും മനുഷ്യവര്‍ഗ്ഗത്തിന് കൂടുതല്‍ ഉപകരിക്കുകയും ചെയ്യും. ഓരോ മനുഷ്യനും മറ്റൊരുവന്റെതില് നിന്നും പാടേ ഭിന്നമായി തനതു മതം ഉണ്ടായിവരുംവരെ മതങ്ങള്‍ പെരുകാന്‍ ഈശ്വരന് കനിഞ്ഞിരുന്നെങ്കില്‍ ഇതാണ് ഭക്തിയോഗിയുടെ ആശയം. അന്തിമമായ ആശയം ഇതാണ്. എന്റെ മതം നിങ്ങളുടേതോ നിങ്ങളുടേത് എന്റെയോ ആയിരിക്കില്ല. ലക്ഷ്യവും ഉദ്ദേശ്യവും ഒന്നാണെങ്കിലും. എന്നാലും ഓരോരുവന്റെ മനസ്സിന്റെ പ്രവണതകള്‍ക്കനുസരിച്ച് ഓരോരുവനും ഓരോ ഭിന്നമാര്‍ഗ്ഗം കൈക്കൊള്ളണം; ഈ പാതകള്‍ വിഭിന്നങ്ങളായാലും ഒരേ ലക്ഷ്യത്തിക്ക് നയി്ക്കകൊണ്ട്് എല്ലാം ശരിയുമാകണം. ഒന്നു ശരി, മറ്റൊന്ന് തെറ്റ് എന്നു വരാവുന്നതല്ല, ഒരുവന് തനതുവഴി തിരഞ്ഞെടുക്കുന്നതിനെ ഭക്തിയുടെ ഭാഷയില്‍ ‘ഇഷ്ട’എന്നു പറയുന്നു.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: