ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍ തീപിടുത്തം. ജനത്തിരക്കേറിയ ഗാന്ധിമാര്ക്കറ്റിനു സമീപത്താണ് തീപിടുത്തമുണ്ടായത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അടുത്തുള്ള ചേരിപ്രദേശങ്ങളിലേക്കും തീ പടര്‍ന്നു. നൂറുകണക്കിനു കുടിലുകള്‍ കത്തിനശിച്ചു. ആളപായത്തിന്റേയോ മറ്റു നാശനഷ്ടങ്ങളുടേയോ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്.
അപകടകാരണം വ്യക്തമല്ല. അഗ്നിബാധക്കു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടോ എന്നതിനെക്കുറിച്ചു സംശയമുയരുന്നുണ്ട്. ചേരിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ വീടുകളില്‍ കൂടുതലും കുട്ടികളാണുണ്ടായിരുന്നത്. അഞ്ഞൂറിലേറെ വീടുകളും ഒട്ടേറെ ചെറിയ കടകളും സംഭവസ്ഥലത്തുണ്ട്. എത്രപേര്‍ ഈ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് അറിവായിട്ടില്ല. കനത്ത പുക കാരണം പലരും ബോധരഹിതരായി.
തീ അണയ്ക്കാനായി ഒരു യൂണിറ്റ് ഫയര്‍ എഞ്ചിന് മാത്രമാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നീട് പതിനഞ്ചോളം ഫയര്‍ എഞ്ചിന് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഫയര്‍ എന്ജിന് വാഹനങ്ങള്‍ക്കു എത്തിച്ചേരാന്‍ സാധിക്കാത്ത ഇടുങ്ങിയ സ്ഥലങ്ങളിലേക്കു തീ പടര്‍ന്നതു രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കി. തീപിടുത്തമുണ്ടായി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രദേശത്തെ ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും ഉള്‍പ്പടെ പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് ദല്‍ഹിയിലെ ഗാന്ധിമാര്ക്കറ്റും പരിസരങ്ങളും. ഇന്നലെ മുംബൈയില്‍ മഹാരാഷ്ട്ര സെക്രട്ടേറിയേറ്റില്‍ തീപിടുത്തമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: