കൊച്ചി: ലൗ ജിഹാദ് സംഭവങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രണയം ഒരു തെറ്റല്ല. പക്ഷേ അതിനു പിന്നില്‍ സംഘടിത ശ്രമങ്ങള്‍ ഉണ്ടാകുന്നതാണ് കുഴപ്പമെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ അഞ്ജലി എന്ന പെണ്‍കുട്ടിയുടെ കേസില്‍ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. അങ്ങനെയുണ്ടെങ്കില്‍ കോടതിക്ക് കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം അഞ്ജലി മുസ്ലിം യുവാവിനൊപ്പം പോയ സംഭവത്തില്‍ മത-രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കോഴിക്കോട് മാവൂര്‍ കോലഴി വീട്ടില്‍ ഉണ്ണികൃഷ്ണന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സര്‍ക്കാരിനുവേണ്ടി അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് അബ്ദുള്‍ റഷീദ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജസ്റ്റിസ് കെ.ടി. ശങ്കരന്, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഉണ്ണികൃഷ്ണന്റെ മകള്‍ ഹോമിയോ വിദ്യാര്‍ത്ഥിനിയായ അഞ്ജലി കഴിഞ്ഞ മാര്‍ച്ചില്‍, സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസ്സിലെ ക്ലീനര്‍ കോഴിക്കോട് സ്വദേശി ഹാരിസിനൊപ്പമാണ് പോയത്.
മകളെ കാണാനില്ലെന്നു പറഞ്ഞ് ഉണ്ണികൃഷ്ണന് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി യുവതിയെയും ഹാരിസിനെയും വിളിച്ചു വരുത്തി. യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. എന്നാല്‍, കഴിഞ്ഞ ജൂണ്‍ ആറിന് ഉണ്ണികൃഷ്ണന് അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പരിചരിക്കാനെത്തിയ അഞ്ജലിയെ ഹാരിസ് തട്ടിക്കൊണ്ടു പോയെന്നാണ് പുതിയ പരാതി. അഞ്ജലിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധപൂര്‍വം മതം മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച്, ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പല തവണ ഇതു സംബന്ധിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വിമര്‍ശിച്ചിരുന്നു.
ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിക്കവേ കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ട് സ്പര്‍ജന്‍ കുമാറിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രണയത്തെ തുടര്‍ന്ന് ഇവര്‍ ഒളിച്ചോടിയതാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കേസന്വേഷണത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ഈ റിപ്പോര്‍ട്ടിലില്ലെന്ന് കോടതി വിലയിരുത്തി. ഹര്‍ജി ജൂണ്‍ 26 ന് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: