ജയ്സാല്‍മര്‍(രാജസ്ഥാന്): പെണ്‍ഭ്രൂണഹത്യ ശിക്ഷാര്‍ഹമാക്കിയ സാഹചര്യത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ രക്ഷാകര്ത്താക്കള് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതായി റിപ്പോര്‍ട്ട്.
രാജസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു പെണ്‍കുഞ്ഞിന്റെ പിതാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ദീന്സിംഗ് എന്നറിയപ്പെടുന്ന ദിലീപ് സിംഗ് എന്ന ഇയാള്‍ മനഃപൂര്‍വം കുഞ്ഞിന് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സമുദായാംഗമാണ് ഇദ്ദേഹമെന്നും പോലീസ് വ്യക്തമാക്കുന്നു.
സ്വാഭാവിക മരണം എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു രീതി ഇക്കൂട്ടര്‍ തെരഞ്ഞെടുത്തതെന്ന് പ്രാദേശിക മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് ആഹാരം കൊടുക്കാതിരിക്കുക. ചികിത്സ ലഭ്യമാക്കാതിരിക്കുക എന്നീ മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിക്കുന്നത്. തേജ്മാള്ട്ടാ, മന്ഡി ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള മൂന്ന് കേസുകളാണ് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 13 ന് ജനിച്ച കുഞ്ഞ് 15 ന് മരിക്കാനിടയായ സാഹചര്യത്തില്‍ ദുരൂഹതയാരോപിച്ച് അച്ഛനായ ദിലീപ് സിംഗിനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫത്തേഗഡ് എസ്ഡിഎം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അച്ഛനെതിരെ നടപടി സ്വീകരിച്ചതെന്നും സന്‍ഗദ് എസ്പി മമത വൈഷ്ണോയ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്.
നവജാതശിശുവിനെ തികച്ചും അശ്രദ്ധയോടെയാണ് ഇയാള്‍ പരിപാലിച്ചിരുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ശനിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തതായും എസ്പി അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റ് രണ്ട് കേസുകള്‍ ഇപ്രാകരമാണ്. തേജ് മാള്‍ട്ട് ഗ്രാമത്തില്‍ കേകു കന്‍വാര്‍ ജൂണ്‍ എട്ടിന് ജന്മം നല്കിയ ആരോഗ്യവതിയായ കുഞ്ഞിനെ ദിവസങ്ങള്‍ക്കകം അതീവ ഗുരുതരനിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും അടുത്തദിവസം കുട്ടി മരിക്കുകയും ചെയ്തു. ഇതേദിവസം തന്നെ ഗ്രാമത്തില്‍ മറ്റൊരു പെണ്‍കുഞ്ഞിന്റെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ കുടുംബം പലായനം ചെയ്തതായും വാര്‍ത്ത പരന്നു. തുടര്‍ന്ന് മൂന്ന് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ എസ്ഡിഎം കേസ് കൊടുക്കുകയായിരുന്നു.
നിയമത്തില്‍നിന്നും രക്ഷപ്പെടാനാണ് ജനങ്ങള്‍ ഇത്തരത്തിലുള്ള അമാനുഷിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഷൂഡി ത്യാഗി പറഞ്ഞു. അമാനുഷിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഷൂചി ത്യാഗി പറഞ്ഞു. മൂന്ന് കേസുകളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. വീടിന്റെ പിറകുവശത്താണ് മൃതദേഹങ്ങളെല്ലാം കുഴിച്ചിട്ടത്. മൃതദേഹം എളുപ്പത്തില്‍ നശിക്കാന്‍ കെമിക്കലോ, ഉപ്പോ മൃതദേഹത്തിനൊപ്പം കുഴിച്ചുമൂടുന്നു. ഇങ്ങനെയുള്ള കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടുപിടിക്കാനാകില്ലെന്നും ഇവ സ്വാഭാവിക മരണമായി വിലയിരുത്തപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്ന് വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: