തിരുവനന്തപുരം: സിപിഎമ്മിന്റെ സമുന്നത നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന ആവശ്യം നടപ്പാക്കണമെന്ന വിചാരണ തുടരുന്നു. സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും തികച്ചും ഏകപക്ഷീയമായാണ് കുറ്റവിചാരണ നടക്കുന്നത്. കേരളത്തിനു പുറത്തുള്ള ജനറല്‍ സെക്രട്ടറി അടക്കം നാല് പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിലാണിത്. വി.എസിനെ അനുകൂലിക്കാന്‍ ആരുമില്ലായിരുന്നെങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നില്ക്കുന്നു. അതേ സമയം പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലെ രണ്ടു പേരെ പാര്‍ട്ടിയില്‍ നിന്നും നീക്കാനും ഒരാള്‍ക്ക് താക്കീതു നല്‍കാനും തീരുമാനമായി.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പുലാമന്തോള്‍ ബ്രാഞ്ച് സെക്രട്ടറിയുമായ വി.കെ.ശശിധരന്, പി.എയും പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് അംഗവുമായ എ.സുരേഷ് എന്നിവരുടെ വിശദീകരണം തള്ളിക്കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയും കന്റോണ്‍മെന്റ് ഹൗസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ.ബാലകൃഷ്ണന്റെ വിശദീകരണം തള്ളിയെങ്കിലും ബാലകൃഷ്ണനെ താക്കീതു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ബാലകൃഷ്ണന് ‘ദേശാഭിമാനി’യിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്.
പാര്‍ട്ടി രഹസ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചോര്‍ത്തി എന്നാരോപിച്ചാണ് നടപടി. സ്റ്റാഫില്‍ നിന്നും നീക്കണമെങ്കില്‍ വി.എസിന്റെ തീരുമാനം അനിവാര്യമാണ്. ചൊവ്വാഴ്ച തുടങ്ങിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് തീരുമാനമെടുത്തത്. വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇരുവരോടും വിശദീകരണം തേടിയിരുന്നു.
ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ മോശമാക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കുള്ളില്‍ നന്മയുടെയും തിന്മയുടെയും രണ്ട് പക്ഷമുണ്ടെന്ന് പ്രചരിപ്പിച്ചു. ഒരുപക്ഷം മുതലാളിത്തവുമായി ചങ്ങാത്തത്തിലാണെന്ന് ഇവര്‍ വരുത്തിതീര്ത്തെന്നും നടപടിയ്ക്കുള്ള കാരണങ്ങളായി സംസ്ഥാന സമിതി വിലയിരുത്തുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച സംഘടനാരേഖ സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്നതിന്മുമ്പ് ചോര്‍ന്നത് അന്വേഷിച്ച പാര്‍ട്ടിതല കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ വൈക്കം വിശ്വന്, കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവന് എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന് ഇവര്‍ക്കെതിരെ അച്ചടക്കനടപടി ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു ഈ കമ്മീഷനെ നിയമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ വിശദീകരിക്കാനാണ് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നത്.
2010 ഫെബ്രുവരി 21ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച സംഘടനാരേഖയാണ് ചോര്‍ന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നു സംഘടനാരേഖ. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ക്ക് മുഖ്യകാരണക്കാരന്‍ മുഖ്യമന്ത്രിയായ അച്യുതാനന്ദനാണെന്നും രേഖയില്‍ ആരോപിച്ചിരുന്നു. ഈ രേഖയിലെ വി.എസിനെതിരായ കടുത്ത വിമര്‍ശനങ്ങള്‍ കേന്ദ്രനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ഇതനുസരിച്ച് മാറ്റം വരുത്തിയ രേഖയാണ് തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ അവതരിപ്പിച്ച മാറ്റം വരുത്താത്ത രേഖയാണ് മാധ്യമങ്ങളിലേക്ക് ചോര്‍ന്നിരുന്നത്.
വി.എസ്സിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായിരുന്നവര്ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കുന്നത് ഇതാദ്യമല്ല. മുമ്പ് വി.എസ് പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അഡീഷണല്‍ ്രെപെവറ്റ് സെക്രട്ടറിമാരായിരുന്ന കെ.എം.ഷാജഹാന്, പി.ടി.മുരളീധരന് എന്നിവരെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നടപടി എടുക്കട്ടെ അപ്പോള്‍ കാണാം എന്ന് അടുത്തിടെ വി.എസ് ദല്‍ഹിയില്‍ പ്രസ്താവിച്ചിരുന്നു. അതുകൊണ്ടുതന്നെ നടപടികളുടെ പ്രതിഫലനം എന്താണെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
ടി.പി.ചന്ദ്രശേഖരന്റെ കൊലയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന് കനത്ത ആഘാതമാണ് വി.എസിന്റെ നിലപാട് സൃഷ്ടിച്ചതെന്ന് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര പരാജയത്തിന് വി.എസിന്റെ നിലപാട് മുഖ്യകാരണമായെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ ചൂണ്ടിക്കാട്ടി. വി.എസിനെതിരായ കുറ്റവിചാരണ കേട്ടു കൊണ്ടിരിക്കുക മാത്രമാണ് ജനറല്‍ സെക്രട്ടറി അടക്കമുള്ള പി.ബി അംഗങ്ങള്‍ ചെയ്തത്.
ഗോപി കോട്ടമുറിക്കല്‍ ഏറ്റവും ഒടുവില്‍ നടത്തിയതടക്കമുള്ള എറണാകുളം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: