ന്യൂദല്‍ഹി/മുംബൈ: അതിര്‍ത്തി കടന്നുള്ള പോളിയോ രോഗബാധ ഇന്ത്യക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട്. ഒരുവര്‍ഷമായി പോളിയോ രോഗത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമാണ്. എന്നാല്‍ പാക്കിസ്ഥാനിലെ വസീരിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതികള്‍ പാക് താലിബാന് നിരോധിച്ചതും അടുത്തിടെ പോളിയോ രോഗങ്ങള്‍ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തതും അതിര്‍ത്തി കടന്നുള്ള പോളിയോ ബാധക്ക് സാധ്യതയുണ്ടെന്നും ഇത് ഇന്ത്യക്ക് വലിയ ഭീഷണിയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യയില്‍ ഒരു പോളിയോ രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും നൈജീരിയയേയും വെച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ നേട്ടം. എന്നാല്‍ പാക്കിസ്ഥാനിലെ സ്ഥിതിവിശേഷങ്ങള്‍ ആശങ്കാവഹമാണെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാനില്‍ അഞ്ച് പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം വളരെ അപകടകരമായ പി(1) വൈറസുകളാണ്. ഈ വൈറസുകള്‍ ഇന്ത്യയിലേക്ക് വ്യാപിക്കുവാനുള്ള സാധ്യത വലുതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം ചൈനയില്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം പോളിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വൈറസ് പാക്കിസ്ഥാനില്‍നിന്നുമാണ് രാജ്യത്തേക്ക് വ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വാഗാ അതിര്‍ത്തിയില്‍ പോളിയോ രോഗബാധയുള്ളവരെ പരിശോധിക്കുവാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോളിയോ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് പാക്കിസ്ഥാനിലും നൈജീരിയയിലുമാണ്. പോളിയോ രോഗബാധ പാടെ നിര്‍മാര്‍ജ്ജനം ചെയ്ത രാജ്യങ്ങളില്‍ വീണ്ടും ഈ രോഗമെത്തിയാല്‍ അത് കാട്ടുതീ പോലെ പടര്‍ന്നു പിടിക്കും. ഇതുകൊണ്ടാണ് പാക്കിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി അടിയന്തരമായി വേണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നത്.
പ്രായഭേദമില്ലാതെ പാക്കിസ്ഥാന്‍കാരായ എല്ലാ ഡ്രൈവര്‍മാരേയും പരിശോധിക്കണമെന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒപിവി തുള്ളിമരുന്നുകള്‍ ഇവര്‍ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.പ്രദീപ് ഹല്‍ദാര്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി 40 മുതല്‍ 50 ബില്ല്യണ്‍ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷിയേറ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പാക്കിസ്ഥാനിലെ ഗോത്രമേഖലകളില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിക്കുന്നതുവരെ പോളിയോ നിര്‍മാര്‍ജന പദ്ധതിക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന പാക് താലിബാന്റെ തീരുമാനം ഭയാനകമാണെന്ന് അമേരിക്ക ആശങ്ക രേഖപ്പെടുത്തി.
താലിബാന്റെ പ്രസ്താവന കണ്ടിട്ടില്ല. എന്നാല്‍ അതില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഭയാനകമാണെന്ന് യുഎസ് വിദേശകാര്യ വക്താവ് വിക്ടോറിയ നുളന്റ് വാര്‍ത്താലേഖകരോട് പറഞ്ഞു. പാക്കിസ്ഥാനില്‍ ഭീകരാക്രമണ ഭീഷണി കൂടുതലാണ്. പാക്കിസ്ഥാനിലെ കുട്ടികള്‍ക്കുനേരെയുള്ള ഭയാനകമായ നടപടിയാണ് ഇതെന്നും താലിബാന്റെ ഈ തീരുമാനത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കേണ്ട ആവശ്യകത വലുതാണെന്നും നുളന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോളിയോ നിര്‍മാര്‍ജന പദ്ധതിക്ക് നിരോധനമേര്‍പ്പെടുത്തിയ താലിബാന്റെ പ്രസ്താവന, ഒസാമ ബിന്‍ലാദന്റെ വധവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പ്രതികരിച്ചു.
ആറുമാസമായി അടച്ചിട്ടിരിക്കുന്ന അഫ്ഗാനിലെ നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ്ജ് ലിറ്റില്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനിലെ ചില പ്രദേശങ്ങളിലെ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയ്ക്കാണ് താലിബാന് നിരോധനമേര്‍പ്പെടുത്തിയത്. രാജ്യത്ത് അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ പോളിയോ രോഗത്തെക്കാള്‍ ഭയങ്കരമാണെന്നും ഇത് അവസാനിപ്പിക്കുന്നതുവരെ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കെതിരെ നിരോധനമേര്പ്പെടുത്തുന്നുവെന്നുമായിരുന്നു താലിബാന്റെ ലഘുലേഖയില്‍ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: