ഇസ്ലാമാബാദ്: പ്രമുഖ പാക് ഗായികയെയും പിതാവിനെയും അജ്ഞാതര്‍ വെടിവച്ചു കൊന്നു. പ്രശസ്ത പാശ്തോ ഗായിക ഗസാല ജാവെദും പിതാവ് മുഹമ്മദ് ജാവെദുമാണു വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രി ഡബ്ഗരി ബസാറിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങുകയായിരുന്ന ഗസാലയെയും കുടുംബാംഗങ്ങളെയും മോട്ടോര്‍സൈക്കിളിലെത്തിയ സംഘം വെടിവയ്ക്കുകയായിരുന്നു.
വെടിവച്ച ശേഷം അക്രമികള്‍ കടന്നു കളഞ്ഞു. വെടിവയ്പില്‍ ഗസാലയുടെ അനുജത്തി ഫര്‍ഹത് ബീവി പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. താലിബാന് അടക്കം ഭീകര സംഘടനകള്‍ക്കു സ്വാധീനമുള്ള ഖൈബര്‍- പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിരവധി ഗായകരും സംഗീതജ്ഞരും വെടിയേറ്റു മരിച്ചിട്ടുണ്ട്. കലാകാരന്മാരോടുള്ള എതിര്‍പ്പാണു കാരണം.
കലാപ്രകടനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നാണു സംഘടനകളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: