തിരുവനന്തപുരം: നിയമസഭയില്‍ ഗ്രനേഡുമായി സിപിഎം എംഎല്‍എ ഇ.പി.ജയരാജന് എത്തിയത് വിവാദത്തിന് കാരണമായി. ഗ്രനേഡുമായി പ്രതിപക്ഷ അംഗം ഇരിക്കുമ്പോള്‍ തനിക്ക് പ്രസംഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സഭയില്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടുവരുന്നത് തെറ്റാണെന്ന ചട്ടമുദ്ധരിച്ച സ്പീക്കര്‍ ഉദ്യോഗസ്ഥരെ വിട്ട് ഗ്രനേഡ് പിടിച്ചു വാങ്ങിയ ശേഷമാണ് തിരുവഞ്ചൂര്‍ പ്രസംഗം തുടര്‍ന്നത്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാര്‍ജ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയാണ് ഇ.പി.ജയരാജന് സഭയിലെത്തിയത്. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരത്തു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അനീഷ് രാജന് കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. എസ്എഫ്ഐക്കാര്‍ക്കെതിരെ പോലീസ് പ്രയോഗിച്ചതാണെന്നു അവകാശപ്പെട്ട് ഗ്രനേഡിന്റെ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നു ജയരാജന് ആരോപിച്ചു. അതേസമയം, ഗ്രനേഡ് പിടിച്ചെടുക്കണമെന്നു ഭരണപക്ഷം ആവശ്യപ്പെട്ടു. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി.മാരകായുധങ്ങള്‍ സഭയില്‍ കൊണ്ടുവരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്കി.
അടിയന്തര പ്രമേയത്തിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി പറഞ്ഞെങ്കിലും ഇതില്‍ പ്രതിപക്ഷം തൃപ്തരായില്ല. പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ നിയമപരമായിട്ടാണ് നേരിട്ടതെന്നും മാത്രമല്ല പെണ്‍കുട്ടികളോടു പിതൃതുല്യമായ സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഗ്രനേഡ് പ്രയോഗിച്ചാണോ പിതൃതുല്യമായ പരിഗണന നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ചോദിച്ചു. ഈ സാഹചര്യത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: