ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി മന്ത്രിസഭ വിടാന്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് സ്വാതന്ത്ര്യമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
മന്ത്രിസഭയില്‍ തുടരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആഗ്രഹമനുസരിച്ചായിരിക്കുമെന്ന് പശ്ചിമബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫിര്‍ഹദ് ഹക്കീം പറഞ്ഞു.
യുപിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണക്കില്ലെന്ന് മമതാ ബാനര്‍ജി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പശ്ചിമബംഗാള്‍ പിസിസി പ്രസിഡന്റ് മുഴക്കിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഹക്കീം. ഈ പ്രശ്നം സര്‍ക്കാരിനെ ബാധിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ ഉപനേതാവും വാണിജ്യമന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജി അവകാശപ്പെട്ടു.
പ്രണബ് മുഖര്‍ജിയുടെ പേര് പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വൈമനസ്യമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും മറ്റ് രണ്ട് ആളുകളുടെയും പേരുകള്‍ നിര്‍ദ്ദേശിച്ചതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ് ലക്നോയില്‍ പറഞ്ഞു. ഈ മൂന്ന് പേരുകള്‍ തന്റെ നിര്‍ദ്ദേശം മാത്രമാണെന്നും തന്റെ ആദ്യ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, രാഷ്ട്രപതിസ്ഥാനത്തേക്ക് താനും മത്സരിക്കുമെന്ന് പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ രാംജത്മലാനി വ്യക്തമാക്കി. കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താന്‍ പ്രണബ് തയ്യാറാകാത്ത സാഹചര്യത്തിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: