ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം ഏഴ് ശതമാനത്തിലെത്തുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ആദായ നികുതി വകുപ്പ് ഉന്നത അധികൃതരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 7.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2008 ലെ സാമ്പത്തിക മാന്ദ്യ സമയത്ത് ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനമായിരുന്നെങ്കിലും തുടര്‍ന്നുണ്ടായ രണ്ട് സാമ്പത്തിക വര്‍ഷത്തിലും 8.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി ഇനത്തില്‍ 5.70 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മുഖര്‍ജി പറഞ്ഞു. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്നതിനാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി ഉണ്ടാകുമെന്നും ഇതിലൂടെ പ്രത്യക്ഷ നികുതി വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.95 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനത്തില്‍ സമാഹരിച്ചത്. ഇത് പുതുക്കിയ 5.05 ലക്ഷം കോടി രൂപയേക്കാള്‍ കുറവായിരുന്നു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ തന്നെ പ്രത്യക്ഷ നികുതി കോഡ് സംബന്ധിച്ച ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രണബ് മുഖര്‍ജി പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യക്ഷ നികുതി കോഡ് പ്രാബല്യത്തില്‍ വരും. ഇത് കൂടാതെ ബിനാമി ട്രാന്സാക്ഷന്സ്(പ്രൊഹിബിഷന്‍) ആക്ട്, 2011 പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്ലില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ സൂക്ഷ്മ പരിശോധന നടത്തുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: