ആത്മവികാസം ആത്മസെണ്ടര്യദായകമാണ്. പകുതിപെയ്തുകഴിഞ്ഞ സ്വന്തം കാലസൃഷ്ടിയെ കലാകാരന് ഇടക്കിടെ ചെന്നുനോക്കുകയും അതിന് അവസാനരൂപം കൊടുക്കാന്‍ അവിടേയും ഇവിടേയും ഒന്നുതൊടുകയും ചെയ്യുന്നു. തന്റെ സ്ന്ദര്യബോധത്തെ, താന്‍ തിരഞ്ഞെടുത്ത ആ പ്രതീകത്തില്‍ ബ്രഷ്കൊണ്ടായാലും, ഒരു ഉളികൊണ്ടായാലും പ്രകടിപ്പിക്കാന്‍ ആ കലാകാരന് സദാ ജാഗരൂകനാണ്. ശില്പകലാകാരനോ ചിത്രകലാകാരനോ ആരാണെങ്കിലും അയാള്‍ സ്ന്ദര്യത്തെ സൃഷ്ടിക്കുകയല്ല വാസ്തവത്തില്‍ ചെയ്യുന്നത്. സ്ന്ദര്യത്തെ ആവരണം ചെയ്ത്നില്ക്കുന്ന വൈകൃതത്തെ തുടച്ചുനീക്കുകമാത്രമാണ്. ശില്പി തന്റെ മുമ്പിലിരിക്കുന്ന മാര്‍ബിള്‍ തുണ്ടില്‍ സൗന്ദര്യത്തിന്റെ സാദ്ധ്യതയെ ദര്‍ശിക്കുന്നു. അതിനുശേഷം അതില്‍നിന്നു അനാവശ്യഭാഗങ്ങള്‍ അയാള്‍ ചെത്തിയടര്ത്തിക്കളയുന്നു. അങ്ങിനെ അനാവശ്യകോണുകളും വികൃതമായ ഉപരീവശവും ഉന്തിനില്ക്കുന്ന മറ്റുഭാഗങ്ങളും ആ കല്ലില്‍ നിന്നും നീക്കി അതിന്നകത്ത് ഒളിഞ്ഞുനില്ക്കുന്നതും തനിക്ക് ഭംഗിയായി കാണാന്‍ കഴിയുന്നതുമായ ആ സ്ന്ദര്യത്തെ ശില്പി വെളിയില്കൊണ്ടുവരികയാണ്.
സാധകനും അങ്ങിയെയൊരു കലാകാരനാണ്. ശാസ്ത്രപഠനത്തിലൂടെയും ആത്മപരിശോധനകളിലൂടെയും തന്നില്‍തന്നെ ഒളിഞ്ഞുകിടക്കുന്ന സര്‍വ്വസ്പര്‍ശിയായ സ്ന്ദര്യത്തേയും സര്വ്വാഭിവ്യാപ്തമായ ചൈതന്യവിശേഷത്തേയും തെളിയിച്ചുകൊണ്ടുവരാനുള്ള സാദ്ധ്യതകളും സാധകന് കണ്ടുപിടിക്കുന്നു. പല പരിശീലനങ്ങളും വ്രതാനുഷ്ടാനങ്ങളും വഴി ആത്മസൗന്ദര്യത്തെ തികച്ചും മൂടിനില്ക്കുന്ന മനോബുദ്ധി ശരീരങ്ങളുടെ അച്ചടക്കമില്ലായ്മയുടേയും തന്നില്‍ അധികപറ്റായി നില്ക്കുന്ന കോണുകള്‍, മുഴകള്‍, വക്രതകള്‍, ചുളിവുകള്‍, വളവുകള്‍ എന്നിവയേയും തുടച്ചുനീക്കാന്‍ അയാള്‍ യത്നിക്കുന്നു.
തന്റെ ശ്രമം തന്റെ സ്ന്ദര്യസങ്കല്പപൂര്ത്തീകരണത്തിന്നടുത്തടുത്തെത്തുന്നുവെന്ന് കാണുമ്പോള്‍ കലാകാരന് പലപ്പോഴും തെല്ലൊന്ന് മാറിനില്‍ക്കുകയും ഒരു വിമര്‍ശന ദൃഷ്ടിയോടെ തന്റെ കലാസൃഷ്ടിയെ നിര്‍ന്നിമേഷം വീക്ഷിച്ചുകൊണ്ട് തന്റെ ആന്തരാദര്ശവുമായി ചെയ്തു തീര്‍ത്ത പ്രവൃത്തി എത്രകണ്ട് യോജിച്ചിട്ടുണ്ടെന്ന് നോക്കി തീരുമാനിക്കുകയും ചെയ്യുന്നു. അത് പ്രകാരം തന്നെ സ്വജീവിതകലാസ്രഷ്ടാവായ സാധകനും ഇടക്കിടെ സ്വജീവിത സരണിയില്‍ നിന്നും മാറിനിന്ന് തന്റെ നേട്ടങ്ങളെയും പുരോഗതിയെയും നോക്കിക്കാണുകയും നിര്വ്വഹിച്ചുകഴിഞ്ഞിതിനെ നിര്‍വ്വഹിച്ചു തീര്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നതുമായി താരതമ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
സ്വന്തം വിവേചനത്തിന്റെയും ശാസ്ത്രപഠനത്തിന്റെയും ഫലമായി തങ്ങള്‍ നേടാനുദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്രത്തോളം നാം പുരോഗമിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരേയൊരു പദ്ധതി ആത്മവിമര്‍ശനവും ആത്മനിരീക്ഷണവുമാണ്. മനോഹാരിയായ ഒരു സംഗീതം ഒരിക്കല്‍ കേട്ടാല്‍ സംഗീതകലാകാരന്മാര് അതിനെ അനുകരിച്ച് പാടിനോക്കാന്‍ ശ്രമിക്കുന്നത് സ്വാഭാകിമാണ്. ഒരിക്കല്‍ മെല്ലെ പാടുന്നു. അത് എത്രത്തോളം ശരിയായിട്ടുണ്ടെന്ന് പരിശോധിക്കുന്നു. വീണ്ടും പാടുന്നു. അങ്ങനെ ഓരോശ്രമം ചെയ്യുമ്പോഴും മുമ്പുകേട്ട ആ ഗാനവുമായി കൂടുതല്‍ കൂടുതല്‍ അടുത്തടുത്ത് വരുന്നുവെന്ന് ബോധ്യപ്പെടുന്നു. ഒടുവില്‍ അതിനോട് പൂര്‍ണ്ണമായും യോജിക്കുന്ന തരത്തില്‍ പലതും ബോധ്യമാകുന്നു. അതുപോലെതന്നെയാണ് ആത്മസിദ്ധിക്കായി സാധന അനുഷ്ഠിക്കുന്നവരും ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: