കാബൂള്‍: പാക്കിസ്ഥാനില്‍നിന്നും അല്‍ഖ്വയ്ദ ബന്ധമുള്ള ഹഖാനി ശൃംഖലയെ ഉന്മൂലനം ചെയ്യുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. പാക്കിസ്ഥാന്റെ കാര്യത്തില്‍ യുഎസിന്റെ ക്ഷമക്ക് അതിരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ അമേരിക്കന്‍ ജനതക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഹഖാനി ശൃംഖല നടത്തിയിട്ടുണ്ട്. കാബൂളിലെ നാറ്റോ ആസ്ഥാനത്തിനെതിരെയും യുഎസ് എംബിസിക്കുമെതിരെയും നടത്തിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്.
കാബൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയ പനേറ്റ അഫ്ഗാന് പ്രതിരോധ മന്ത്രി അബ്ദുള്‍ റഹീം വാര്ഡകുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുവാന്‍ പാക് ഭരണകൂടത്തിന് യുഎസ് കോടിക്കണക്കിന് രൂപയാണ് നല്‍കുന്നത്.
തങ്ങളുടെ സേനക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നത് ആശങ്കാജനകമാണെന്നും പനേറ്റ പറഞ്ഞു. തങ്ങളുടെ സൈന്യത്തിനുനേരെ ആക്രമണങ്ങള്‍ തുടരുന്ന പക്ഷം പാക്കിസ്ഥാന് അതിനെതിരായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സര്‍ക്കാരിന്റെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്നും പനേറ്റ പറഞ്ഞു. ഭീകരവാദത്തെ ചെറുക്കുന്നതിന് പാക്കിസ്ഥാന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് അഫ്ഗാന് പ്രതിരോധമന്ത്രി അബ്ദുള്‍ റഹീം വാര്‍ഡക് പറഞ്ഞു.
പാക്കിസ്ഥാന് നല്ല സ്ഥാനത്താണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ സൈനിക നടപടിക്ക് പാക് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്തിമഘട്ടത്തില്‍ പാക്കിസ്ഥാന് തങ്ങളോടൊപ്പം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ഡാക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: