തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വി.എസ് അച്യുതാനന്ദനെതിരെ സംഘടിതമായി അതിരൂക്ഷവിമര്‍ശനം ഉയര്‍ന്നു. വി.എസ് പാര്‍ട്ടിക്കെതിരെ നടത്തുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. കുലംകുത്തി പോലെയുള്ള പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് വി.എസും സെക്രട്ടേറിയറ്റ് യോഗത്തില്‍ വ്യക്തമാക്കി.
ഇന്നലെ ഉച്ച മുതലാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയത്. ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാവാത്ത വിധം വി.എസ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്ന് എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ വലിയ തോതില്‍ ബാധിച്ചുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടി സെക്രട്ടറിക്കെതിരെ വി.എസ് പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും വിമര്‍ശനമുണ്ടായി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം ചന്ദ്രശേഖരന്റെ വീട്ടില്‍ വി.എസ് പോയത് ശരിയായില്ലെന്ന അഭിപ്രായവും ഉണ്ടായി. എന്നാല്‍, കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നതുള്പ്പെടെ അച്യുതാനന്ദന് തന്റെ നിലപാട് യോഗത്തില്‍ വിശദീകരിച്ചു. ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ചതിനെയും വി.എസ് എതിര്‍ത്തു.
വി.എസിനെ ഈ നിലയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല എന്നുതന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നടപടി കേന്ദ്ര കമ്മിറ്റി യോഗത്തിന് വിട്ടുകൊണ്ടാണ് രണ്ടു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: