കണ്ണൂര്‍: പത്രസമ്മേളനം വിളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കേരള പോലീസ് ആക്ട് 117-ഇ പ്രകാരം പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തല്‍, ഐപിസി 506/1 പ്രകാരം കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍, വളപട്ടണം സിഐ യു.പ്രേമന്‍, കണ്ണൂര്‍ സിഐ ഓഫീസിലെ രാജീവന്‍, സി.ഡി പാര്‍ട്ടിയിലെ യോഗേഷ്, മഹിജന്‍ എന്നിവര്‍ക്കെതിരെയാണ് ജയരാജന്‍ പത്രസമ്മേളനത്തില്‍ പരസ്യമായി വെല്ലുവിളി നടത്തിയത്.
ഷുക്കൂര്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സിപിഎമ്മുകാരെ പോലീസ് ഉദ്യോഗസ്ഥ സംഘം ഭീകരവും മൃഗീയവുമായി മര്‍ദ്ദിച്ച് അവശരാക്കിയതായി ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പോലീസുകാരുടെ പേരെടുത്തു പറയുമ്പോള്‍ ജയരാജന്‍ ക്ഷോഭത്തോടെയാണ് സംസാരിച്ചത്. ചില ലീഗ് നേതാക്കളെ തൃപ്തിപ്പെടുത്താനാണ് സിപിഎമ്മുകാര്‍ക്ക് നേരെ മൃഗീയ നടപടിക്ക് മുതിര്‍ന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.
ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ പരസ്യ വിചാരണ ചെയ്ത് വധശിക്ഷ നടപ്പിലാക്കിയ സിപിഎം നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസന്വേഷണം സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും മക്കള്‍ക്കും എതിരെ നീങ്ങുന്നതില്‍ സിപിഎമ്മിന് കടുത്ത ആശങ്കയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തി കേസ് ഒതുക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: