നമ്മുടെ പ്രാണശക്തി ഇന്ദ്രിയങ്ങളിലൂടെ ബഹിര്‍ഗമിച്ച് ലൗകിക സുഖങ്ങളില്‍ അഭിരമിക്കുന്നു. ഇന്ദ്രിയഭോജനത്തിലൂടെ ശക്തിക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്; എണ്ണവിളക്കുകള്‍ കത്തിത്തീരുന്നതുപോലെ, അതുമാത്രമല്ല, ബാഹ്യലോകത്ത് അലയുന്ന മനസ്സ് തന്റെ ജീവിതയാത്രയ്ക്ക് വിഘാതമാകുന്നതും ദുഃഖദുരിതങ്ങള്‍ വിതയ്ക്കുന്നതുമായ എത്രയെത്ര മാലിന്യങ്ങളേയാണ് തന്നിലേക്ക് ആകര്ഷിച്ചെടുക്കുന്നത്. ബാഹ്യപ്രാണനിലൂടെ ഓടുന്ന ജീവന്മാര് ചാട്ടവാറടിയേറ്റ് വലയുന്ന വണ്ടിക്കാളകളെപ്പോലെ പ്രാരാബ്ദത്തിന്റെ തീച്ചൂളയില്‍ ജന്മജന്മകള് കഴിക്കുന്നു.
പ്രാണശക്തിയെ ഇന്ദ്രിയങ്ങളില്‍ നിന്ന് പിന്‍വലിച്ച് ഊര്‍ദ്ധ്വഗമനം ചെയ്യിക്കുമ്പോള്‍ ജീവന് സത്യവുമായി അടുക്കുന്നു; ദൈവികശക്തിയും പ്രകാശവും നമ്മിലേക്ക് ഒഴുകാനാരംഭിക്കുന്നു. ആ പ്രകാശത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ നമ്മെ ഭയപ്പെടുത്തുകയമോ മോഹിപ്പിക്കുകയോ ചെയ്യുന്നില്ല. ആത്മപ്രകാശത്തിന്റെ സഹായമില്ലാതെ ബഹിര്‍ഗമിക്കുന്ന പ്രാണശക്തിയും മനസ്സും നമ്മെ അപകടത്തിലേക്ക് നയിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ആത്മപ്രകാശം നമ്മുടെ ഉള്ളില്‍ നിറയണമെങ്കില്‍ അതുവേണ്ടത് ഊര്‍ദ്ധ്വപ്രാണന്റെ സഹായമാണ്. അത് ജീവന്റെ സഞ്ചാരപഥമാണ്. ജീവന് ശരീരം വെടിയുന്നത് ഊര്‍ദ്ധ്വപ്രാണനെ ആശ്രയിച്ചാണെന്ന് നാം കേട്ടിട്ടുണ്ടല്ലോ. പഴമക്കാര്‍, ഊര്ദ്ധ്വംവലിച്ചുതുടങ്ങി. ഇനി അധികദിവസം ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്ന് മരണശയ്യയില്‍ കിടക്കുന്നവരെ നോക്കി പറയാറുണ്ട്. അതിന്റെ രഹസ്യം ഇതുതന്നെയാണ്.
തിന്നില്‍ നിന്നും പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശക്തികള്‍ തന്റെ ഉള്ളിലേക്കുതന്നെ ആഴ്ന്നിറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒരാള്‍ യാഥാര്‍ത്ഥ്യ സത്യത്തെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കുന്നത്. അതിനെയാണ് പ്രാണന്റെ ഊര്‍ദ്ധ്വഗതി എന്ന് വിളിക്കുന്നത്. പ്രാണന്റെ ഊര്‍ദ്ധ്വഗതി നമ്മെ സത്യത്തിലേക്ക് ഉയര്‍ത്തും. എന്നാല്‍ പ്രാണന്റെ അധോഗതി അതായത് ബാഹ്യഗമനം ലോകജീവിതത്തില്‍ ആഴ്ത്തും. പ്രാണന്റെ ഈ രഹസ്യം നാം ആരും തന്നെ മനസ്സിലാക്കുന്നില്ല. എല്ലാവരും മനസ്സിനെ നിയന്ത്രിക്കാന്‍ മാത്രമാണ് പറയുന്നത്. പ്രാണനെ ആശ്രയിക്കാതെ മനസ്സിനെ നിയന്ത്രിച്ചതുകൊണ്ട് മാത്രം ഒരാള്‍ക്കും പരമമായ സത്യത്തെ അറിയാന്‍ കഴിയില്ല. അതേസമയം ഊര്‍ദ്ധ്വമുഖമായി സഞ്ചരിക്കുന്ന പ്രാണഗതിയില് മനസ്സിനെ ചേര്‍ത്ത് ബോധപൂര്‍വ്വം സാധന അനുഷ്ഠിക്കുന്നവര്‍ക്ക് മനസ്സ് എളുപ്പം നിയന്ത്രണവിധേയമായിത്തീരുകയും അവരില്‍ ആത്മബോധം വികസിക്കുകയും ചെയ്യും.
ഊര്‍ദ്ധ്വപ്രാണന്റെ രഹസ്യം അറിയാത്തവര്‍ക്ക് ആത്മബോധം വികസിക്കാന്‍ വളരെ പ്രയാസമാണ്. ജന്മസാഫല്യം കൈവരിച്ച് ജീവിതം പൂര്ണ്ണമാക്കിത്തീര്ക്കണമെന്ന് കാംക്ഷിക്കുന്ന ഏതൊരാളും ബാഹ്യപ്രാണനെ ഊര്ദ്ധ്വപ്രാണനാക്കിത്തീര്ക്കാനുള്ള രഹസ്യം കണ്ടെത്തി ഊര്‍ദ്ധ്വപ്രാണനെ ആശ്രയിച്ചുകൊണ്ടുള്ള സാധനകള്‍ അനുഷ്ഠിക്കണം. ഈ രഹസ്യം പുസ്തകങ്ങളിലൂടെ ഗ്രഹിക്കാന്‍ കഴിയുന്നതല്ല. കാലത്താല്‍ നിയോഗിക്കപ്പെട്ട ഒരു ആചാര്യന് മാത്രമേ ഒരു ജീവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ജീവനേയും സത്യത്തേയും കോര്‍ത്തിണക്കുന്ന ഊര്‍ദ്ധ്വപ്രാണന്റെ മാര്‍ഗ്ഗം തുറന്നുതരാന്‍ സാദ്ധ്യമാകുകയുള്ളൂ. ഊര്ദ്ധ്വപ്രാണവിദ്യകള് ഉപദേശിക്കുന്ന ആചാര്യന്മാര് പലരും നാട്ടില്‍ ഉണ്ടായെന്നുവരാം. പക്ഷേ, ഒരു ജീവനെ സത്യത്തോട് അടുപ്പിക്കാനുള്ള നിയോഗം സിദ്ധിച്ച ആചാര്യനോ, ദിവ്യ പുരുഷന്മാര്ക്കോ മാത്രമേ ജീവനെ ഉണര്‍ത്തി ഈ പരമമായ രഹസ്യത്തെ, ആത്മിവിദ്യയെ ജീവനില്‍ പ്രതിഷ്ഠിക്കാന്‍ സാധിക്കുകയുള്ളൂ. അപ്രകാരത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഒരു ജീവനുമാത്രമേ പരമമായ സത്യത്തെ പ്രാപിച്ച് ജന്മസാഫല്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: