തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ഫലം എന്തായാലും ഇടതുമുന്നണിയില്‍ കലാപം കെട്ടടങ്ങില്ലെന്നുറപ്പായി. സിപിഎമ്മും സിപിഐയും തമ്മിലുള്ള അകല്‍ച്ച നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്ന സിപിഐക്ക് കടിഞ്ഞാണിടണമെന്ന അഭിപ്രായത്തിന് ശക്തിയേറിക്കഴിഞ്ഞു. സിപിഐ അഹന്ത നിറഞ്ഞ നിലപാടാണ് നിരന്തരം സ്വീകരിക്കുന്നതെന്ന അഭിപ്രായം സിപിഎമ്മില്‍ ശക്തിപ്പെട്ടു. അടുത്ത സംസ്ഥാന കമ്മിറ്റി സിപിഐ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ പരസ്യമായ പോര്‍വിളികള്‍ തുടങ്ങിയതാണ്. ഇരുപാര്‍ട്ടികളുടെയും സമ്മേളനങ്ങള്‍ തീര്‍ന്നപ്പോള്‍ ‘പ്രശ്നങ്ങള്‍ പരിഹരിച്ച’തായി പ്രസ്താവിച്ചിരുന്നു. സിപിഎം കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ നടത്തിയത് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണെന്ന സിപിഐയുടെ ആക്ഷേപത്തിന് പിണറായി വിജയന്‍ തന്നെ മറുപടി നല്‍കാന്‍ തയ്യാറായി. സി.കെ.ചന്ദ്രപ്പനെ വ്യക്തിപരമായി പോലും ആക്ഷേപിക്കാനും പിണറായി മുതിര്‍ന്നു. ചന്ദ്രപ്പന്റെ ആക്ഷേപം ആവര്‍ത്തിച്ച ബിനോയ് വിശ്വത്തിനെതിരെ കേസു കൊടുക്കുമെന്ന് സിപിഎം പറഞ്ഞെങ്കിലും അതെല്ലാം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധത്തോടെ സിപിഐ വീണ്ടും സിപിഎമ്മിനെതിരെ രംഗത്തു വരികയും ചെയ്തു. ‘താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാന്‍ നോക്കേണ്ടെ’ന്ന് പിണറായി വിജയന്‍ നല്‍കിയ താക്കീതിന് ‘താടിക്ക് തീ പിടിക്കാതെ നോക്കുകയാണ് സിപിഎം ചെയ്യേണ്ടതെ’ന്ന് സിപിഐ മറുപടി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെയും സിപിഐ ശക്തമായ പ്രതികരണവുമായി നിലയുറപ്പിച്ചിരിക്കുന്നു. ‘മണിക്ക് കൊലയാളിയുടെ മനോഗതിയാണ്. മണി പറഞ്ഞ പലതിനും മറുപടി പറയുന്നില്ല. കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്ന രീതിയല്ല മണിയുടെത്. മണിക്കെതിരെ സിപിഎം നടപടി സ്വീകരിക്കണ’മെന്നും പറഞ്ഞത് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്.
സിപിഎം വിടുന്നവരെ സ്വാഗതം ചെയ്യുന്ന നയമാണ് കുറേക്കാലമായി സിപിഐ തുടരുന്നത്. ഇതില്‍ സിപിഎമ്മിന് നേരത്തേ തന്നെ അമര്‍ഷമുണ്ട്. പുതിയ നിലപാടുകളും പരസ്യപ്രസ്താവനകളും സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. സിപിഐക്ക് ഇപ്പോഴും കോണ്‍ഗ്രസിനോടാണ് ആഭിമുഖ്യമെന്നു പറയാനും സിപിഎമ്മിന് മടിയില്ല.
കഴിഞ്ഞ ദിവസം എം.എം.മണി തന്നെ പറഞ്ഞത് സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് സിപിഎം പ്രവര്‍ത്തകരെ ഇടുക്കിയില്‍ വേട്ടയാടുകയാണെന്നാണ്. ആറേഴു വീടുകളും വാഹനങ്ങളും തകര്‍ത്തു. ചെങ്കൊടി പിടിക്കുന്നവരായതിനാലാണ് സിപിഐക്കാരെ കൈകാര്യം ചെയ്യാത്തതെന്നും മണി പ്രസ്താവിച്ചിരുന്നു. വി.എസ്.അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കും സിപിഐ പിന്‍ബലം നല്‍കുന്നത് സിപിഎമ്മിന് സഹിക്കാവുന്നതല്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇന്നത്തെ നിലയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിനയച്ച കത്തിനെ കുറിച്ചും സിപിഐയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ നേതാവായി വി.എസ് തന്നെ തുടരണമെന്നാണ് അഭിപ്രായമെന്നാണ് സിപിഐ നേതാക്കളെല്ലാം പറഞ്ഞത്. ‘ചുമലിലിരുന്ന് ചെവി തിന്നുകയാണ്’ സിപിഐ ചെയ്യുന്നതെന്ന് സിപിഎം വിലയിരുത്തിക്കഴിഞ്ഞു. ഒരുമിച്ചു നടക്കുന്നവന്റെ കാലില്‍ ചവിട്ടുകയാണ് സിപിഐ ചെയ്യുന്നത്. സിപിഎമ്മിനെ മോശമാക്കി പൊതുജനങ്ങള്‍ക്കു മുന്നില്‍ മാന്യന്മാരാണെന്നു വരുത്തി തീര്‍ക്കാനുള്ള സിപിഐയുടെ ശ്രമം അനുവദിക്കാന്‍ പാടില്ലെന്ന നിലപാടിന് ശക്തിയേറിയിട്ടുണ്ട്.
കെ.കുഞ്ഞിക്കണ്ണന്‍
കെ.കുഞ്ഞിക്കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: