രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ് കണിയെന്ന് പറയുന്നത്. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭഫലങ്ങള്‍ കൈവരുമെന്നാണ് വിശ്വാസം. സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസാരംഭ ദിനത്തില്‍ അതായത് സൂര്യ സംക്രമദിനത്തില്‍ കണികണ്ടാല്‍ ആ മാസവും, വിഷുവിന് കണികണ്ടാല്‍ ഒരുവര്‍ഷക്കാലവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
നിത്യേന കണി ഒരുക്കി അത് കാണുന്നത് പ്രായോഗികമല്ലല്ലോ. അതിനാല്‍ രാവിലെ ഉണര്‍ന്ന് കിടക്കയിലിരുന്നത് തന്റെ കൈപ്പടങ്ങള്‍ നിവര്‍ത്തി അതില്‍ നോക്കുന്നത് ശുഭമായ കണിയാണെന്ന് വിശ്വസിക്കപ്പെടുന്നു. കരാഗ്രത്തില്‍ മഹാലക്ഷ്മിയും കരമദ്ധ്യത്തില്‍ സരസ്വതിയും കരമൂലത്തില്‍ മഹാവിഷ്ണുവിനും കുടികൊള്ളുന്നുവെന്ന് സങ്കല്പിച്ച് ഈശ്വരവിചാരത്തോടെ ഒരു ദിനം ആരംഭിക്കുമ്പോള്‍ മനസ്സില്‍ സാത്വികഭാവം നിറയുന്നു. പവിത്രമായ ദേവതാ സാന്നിധ്യം കരങ്ങളിലുണ്ട് എന്ന് നാം സങ്കല്പിക്കുമ്പോള് അപവിത്രമായ ഒന്നും ആ കരങ്ങള്‍കൊണ്ട് ചെയ്യരുത് എന്ന തിരിച്ചറിവും നമുക്കുണ്ടാവേണ്ടതാണ്. പ്രഭാതത്തില്‍ പശുവിനെ കണികാണുന്നതും ഐശ്വര്യപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. ദീപത്തോടുകൂടിയ നിലവിളക്ക്, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലംപിരിശംഖ്, ഗ്രന്ഥം തുടങ്ങിയവയും മംഗളപ്രദങ്ങളായ കണികളായി കരുതിവരുന്നു. പൂര്‍ണ്ണകുംഭം, വാല്‍ക്കണ്ണാടി തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഒന്നാംതീയതി കയറുക എന്നൊരു ആചാരവും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഒരു ഭവനത്തില്‍ ചില വ്യക്തികള്‍ ഒന്നാം തീയതി കയറിയാല്‍ ശുഭവും ചിലര്‍ കയറിയാല്‍ അശുഭവും സംഭവിക്കുമെന്നാണ് വിശ്വാസം. ആ വ്യക്തിയുടെ സ്വഭാവഗുണമോ ഐശ്വര്യമോ മൂലമല്ല കയറുന്ന വീട്ടില്‍ ശുഭാശുഭത്വങ്ങളുണ്ടാവുക. ജ്യോതിഷപരമായ ചില കാരണങ്ങളാണ് ചില വ്യക്തികള്‍ ഒന്നാം തീയതി കയറുമ്പോള്‍ ശുഭത്വവും മറ്റുചിലര്‍ കയറുമ്പോള്‍ അശുഭത്വവും സംഭവിക്കുന്നതിന് പിന്നിലുള്ളത്. ഗൃഹനാഥനുമായി ശുഭനക്ഷത്രബന്ധമുള്ള വ്യക്തി ഒന്നാം തീയതി ആദ്യമായി ഭവനത്തിലെത്തുന്നത് ശുഭമായിരിക്കും. ഗൃഹനാഥന്റെ നക്ഷത്രത്തിലെ രണ്ട്, നാല്, ആറ്, എട്ട്, ഒന്‍പത് നക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തി ആ ഭവനത്തില്‍ ഒന്നാം തീയതി കയറുന്നത് ശുഭം. മൂന്ന്, അഞ്ച്, ഏഴ് നാളുകള്‍, ജന്മരാശിയുടെ അഷ്ടമരാശിയില്‍പ്പെട്ട നക്ഷത്രങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ ആ ഭവനത്തില്‍ ഒന്നാം തീയതി കയറുകയോ, അവരെ കണികാണുകയോ ചെയ്യുന്നത് അശുഭമാണ്.
ശുഭനക്ഷത്രമുള്ള ഒരാളിനെ കണികാണുന്നതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ ദോഷഹ്ങ്ങള് പരിഹൃതമായി അയാള്‍ക്ക് ശുഭാനുഭവങ്ങള്‍ സിദ്ധിക്കുന്നില്ല. ഇത് അനവധി ഘട്ടങ്ങളില്‍ ഒന്നുമാത്രമാണ്. അതുകൊണ്ടുതന്നെ പ്രതികൂല നക്ഷത്രത്തില്‍പ്പെട്ട ഒരു സുഹൃത്തോ ബന്ധുവോ ഒന്നാം തീയതി ഭവനത്തില്‍ വന്നുപോയാല്‍ അതില്‍ അത്രയധികം ഗൗരവം കാണേണ്ടതില്ല എന്നുമാത്രം. കണികാണല്‍ സാമാന്യമായ ഒരു അനുഷ്ഠാനം മാത്രമായി കണ്ടാല്‍ മതിയാവും. കഴിയുമെങ്കില്‍ ഒരു ശുഭനക്ഷത്രജാതനെ ഒന്നാം തീയതി കയറാനായി ക്ഷണിക്കുക. അയാള്‍ക്ക് കൈനീട്ടം നല്കി യഥാശക്തി സല്‍ക്കരിച്ച് അയക്കുക. സംതൃപ്തിയോടെ അയാള്‍ മടങ്ങുമ്പോള്‍ ആ സംതൃപ്തി കുടുംബത്തിന് ഒരു അനുഗ്രഹമായി പരിണമിക്കുന്നു.
വിഷുദിനത്തിലെ കണികാണലിനാണ് ഏറ്റവും പ്രാധാന്യം കല്പിക്കപ്പെടുന്നത്. സൂര്യോദയത്തിന് മുന്‍പ് സംക്രമമുഹൂര്‍ത്തം വന്നാല്‍ ആ ദിവസവും ഉദയശേഷം വന്നാല്‍ പിറ്റേദിവസവുമാണ് വിഷു ആഘോഷിക്കുക. വിഷുദിനപ്പുലര്‍ച്ചെ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. തുടര്‍ന്ന് കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്കുന്ന പതിവുമുണ്ട്.
– ഡോ. ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: