രാഷ്ട്രീയ തര്‍ക്കങ്ങളുടെ പ്രകോപനത്തില്‍ ഒരു വിഭാഗം എതിരാളികളെ വകവരുത്തുകയും രാഷ്ട്രീയ നേതൃത്വം അതേറ്റെടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. മാനവികമായി ന്യായീകരിക്കാനാവില്ലെങ്കിലും രാഷ്ട്രീയത്തിന്റെ സ്വപക്ഷ നീതിയാല്‍ അത് സാധൂകരിക്കപ്പെട്ടിട്ടുണ്ട്. ഈ തെറ്റായ ശരി ചെയ്യല്‍ ഒട്ടുമിക്ക സംഘടനകളും നടത്തിയിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ ഇന്നത്തെ കൊലപാതക രാഷ്ട്രീയം ഇതില്‍നിന്നും അമ്പേ വ്യത്യസ്തമാണ്. ആകസ്മികമായ പ്രകോപനങ്ങള്‍ കൊണ്ടല്ല വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും പകയും കൊണ്ട് നേതൃത്വങ്ങള്‍ നേരിട്ടു നടത്തുന്ന നരഹത്യ. അത് നടപ്പാക്കാന്‍ കീഴ് ഘടകങ്ങള്‍ നിര്‍ബന്ധിതമാകുന്നു. പണം കൊടുത്തും തണല്‍ കൊടുത്തും കൊലയാളികള്‍ കൊണ്ടു നടക്കപ്പെടുന്നു. വേണ്ടപ്പോള്‍ ഉപയോഗിക്കുന്നു. ഇങ്ങനെ രാഷ്ട്രീയ റിപ്പര്മാരായി രാഷ്ട്രീയ മാഫിയകളുമായി സിപിഎമ്മിലെ പലരും പരിണമിച്ചു.
ഒപ്പം നടന്നവര്‍ മരിച്ചുവീഴുമ്പോള്‍ ആര്‍ക്കുമുണ്ടാവുക വിഷാദമാണ്. ചന്ദ്രശേഖരന്റെ പിണത്തിന്റെ ചൂടാറുംമുമ്പേ പിണറായി നടത്തിയ പത്രസമ്മേളനത്തില്‍ ആ വിഷാദം കണ്ടില്ല. സഹസഞ്ചാരിയായിരുന്ന സഖാവിന് ഒരിറ്റ് കണ്ണീരര്പ്പിക്കുകയോ വിധവയ്ക്കായൊരാശ്വാസവാക്കോതുകയോ ചെയ്തില്ല. കുലംകുത്തി എന്ന് വീണ്ടും വിളിക്കുകയും ചെയ്തു. ടിപിയുടെ മരണം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നില്ലെ എന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി എന്ത് ഞെട്ടിക്കുന്ന വാര്‍ത്ത? അതൊരു ഞെട്ടിക്കുന്ന വാര്‍ത്തയൊന്നുമല്ല! എന്നായിരുന്നു. അച്യുതാനന്ദന് അങ്ങനെ അഭിപ്രായപ്പെട്ടല്ലോ എന്നതിന് അര്‍ത്ഥഗര്‍ഭമായ മറുപടിയാണ് പറഞ്ഞത്. ഞെട്ടുന്നതും ഞെട്ടാതിരിക്കുന്നതും ഓരോരുത്തരുടേയും മാനസികാവസ്ഥയ്ക്കനുസരിച്ചല്ലേ എന്ന്. സ്വന്തം അനുജനെപ്പോലെ പരിചിതനായിരുന്ന ടിപിയുടെ മരണം പിണറായിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചില്ലെന്നു സാരം. മനസ്സ് കല്ലായിത്തീര്ന്നതിന്റെ മരവിപ്പാണോ മുന്‍കൂട്ടി അറിയാമായിരുന്നതിന്റെ ഞെട്ടലില്ലായ്മയാണോ എന്നദ്ദേഹം പറഞ്ഞില്ല.
രാത്രി പത്തിന് നടന്ന കൊലപാതകത്തില്‍ പിറ്റേന്നു രാവിലെ പിണറായി പറഞ്ഞത് ക്വട്ടേഷന്‍ സംഘമാണ് കൊല ചെയ്തതെന്നും മുപ്പത്തഞ്ച് ലക്ഷമാണ് അവരുടെ പ്രതിഫലമെന്നും പുറത്തുനിന്നും വാഹനത്തിലാണ് അവരെത്തിയതെന്നുമാണ്. പോലീസിനെക്കാള്‍ മുമ്പേ അദ്ദേഹം ഇതൊക്കെ അറിയുകയായിരുന്നു. പിന്നീടദ്ദേഹം പറഞ്ഞത് കൊല നടത്തിയത് മതതീവ്രവാദികളാണെന്നാണ്. പോലീസ് പ്രതികളുടെ വാഹനം കണ്ടെത്തുമ്പോള്‍ അതില്‍ അറബിയിലുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നു. കൊലയ്ക്ക് ശേഷമാണതൊട്ടിച്ചതെന്നും അന്വേഷണം വഴിതിരിച്ചുവിടാനാണങ്ങനെ ചെയ്തതെന്നും പിന്നീട് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന്റെ ഈ ഗൂഢാലോചന പിണറായിലൂടെ പുറത്തുവന്നത് യാദൃച്ഛികമായിരിക്കാം. ഫസല്‍ വധത്തിലും ഇതേ തന്ത്രം നടപ്പാക്കിയതും യാദൃച്ഛികമായിരിക്കാം. സംഭവത്തിനുശേഷമുള്ള രണ്ടുദിവസങ്ങള്‍ മുന്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെച്ച് പിണറായി കണ്ണൂരില്‍ത്തന്നെ തങ്ങിയത് യാദൃച്ഛികമായിരിക്കാം. ആ ദിവസങ്ങളില്‍ തന്നെയാണ് പരിക്ക് പറ്റിയ പ്രതി കണ്ണൂരില്‍ ചികിത്സ തേടിയതും പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടിയ പ്രതികള്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കുന്നതിനുള്ള ഗൂഢാലോചനയും ധനസമാഹരണവും നടത്തിയതെന്നും യാദൃച്ഛികമായിരിക്കാം. വാഹനം വാടകയ്ക്കുകൊടുത്ത ഹതഭാഗ്യന്റെ കോണ്‍ഗ്രസുകാരനായ ഭാര്യാപിതാവിന്റെ കുടുംബചരിത്രം വരെ വിജയന് വള്ളിപുള്ളി വിടാതെ പഠിച്ചുവച്ചിരുന്നതും യാദൃച്ഛികമായിരിക്കാം.
ഇങ്ങനെ യാദൃച്ഛികതകളുടെ ആവര്‍ത്തനമാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതമെന്നതും യാദൃച്ഛികമായിരിക്കാം. സ്വന്തം വീട് ഒരു തരത്തിലും ജനത്തിന്റെ മുമ്പില്‍ കാണിക്കാത്ത ലോകത്തെ ഒരേയൊരു രാഷ്ട്രീയക്കാരനാണല്ലൊ അദ്ദേഹം. അടിസ്ഥാനവര്‍ഗ പാര്‍ട്ടിയുടെ നേരായ നായകന്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഒരേയൊരു നിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ. സിബിഐ അന്വേഷണം പ്രഖ്യാപിക്കരുത്. പാര്‍ട്ടിക്കാരെ പിടിക്കുംവരെ കേരള പോലീസില്‍ പൂര്‍ണവിശ്വാസം. എന്തെന്നാല്‍ സിബിഐയുടെ കൊള്ളരുതായ്മകള്‍ ഫസല്‍ വധക്കേസില്‍ പാര്‍ട്ടി അറിഞ്ഞുകൊണ്ടിരിക്കുകയാണ്.
പിന്നീടദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കൂടുതല്‍ അര്‍ത്ഥവത്തായി. നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പുവരെ പ്രതികളെ പിടിക്കില്ലെന്ന കണ്ടെത്തലായിരുന്നു ഒന്ന്. ഒളിപ്പിച്ചവന്റെ ആത്മവിശ്വാസമെന്ന് ചിലര്‍ക്കുതോന്നി. പിടിച്ചാല്‍ ഇലക്ഷന് അട്ടിമറിക്കുമെന്ന ഭീഷണിയാണെന്ന് മറ്റു ചിലര്‍ക്ക് തോന്നി. മറ്റൊന്ന് ഉപതെരഞ്ഞെടുപ്പിനുശേഷം ഭരണമാറ്റമുണ്ടാകുമെന്ന പ്രഖ്യാപനമായിരുന്നു. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേക്കില്ലെന്നു പറഞ്ഞിരുന്ന പിണറായിയുടെ കാലുമാറ്റം, സിപിഎം നേതൃത്വത്തിലേക്കന്വേഷണം നീണ്ടാല്‍ ഭരണം അട്ടിമറിയ്ക്കപ്പെടുമെന്ന് ഉമ്മന്‍ചാണ്ടിയോടുള്ള ഭീഷണിയായും അങ്ങനെ സംഭവിച്ചാല്‍ പോലീസിനെ തട്ടിക്കളിയ്ക്കുമെന്ന് അതിന്റെ തലപ്പത്തുളളവരോടുള്ള ഭീഷണിയായും വായിക്കാം. രണ്ടും ഒരുപരിധിവരെ ഫലം കണ്ടു എന്നുവേണം കരുതാന്‍. ഇനി വരാനിരിക്കുന്ന പ്രസ്താവനകള്‍ ടിപിയേയും ഭാര്യ രമയേയും വ്യക്തിപരമായി തേജോവധം ചെയ്തുകൊണ്ടുള്ളവയാവണം, അങ്ങനെയാണ് പതിവ്.
പഞ്ച പാവങ്ങളാണ് സിപിഎമ്മുകാര്‍. ഉന്മൂലന സിദ്ധാന്തം മാനിഫെസ്റ്റോയ്ക്കും മൂലധനത്തിനൊപ്പം പണ്ടേ മടക്കിവച്ചവര്. വിപ്ലവത്തിന്റെ വഴി തോക്കിന് കുഴലിലൂടെയല്ലെന്നും തൊണ്ടക്കുഴിയിലൂടെയാണെന്നും തിരിച്ചറിഞ്ഞവര്‍. അതുകൊണ്ടാണ് പിണറായിയും കോടിയേരിയും മൂന്ന് ജയരാജന്മാരും ഇടുക്കിയിലെ മഹാനായ മണിയും അലറിവിളിച്ചും വെല്ലുവിളിച്ചും പ്രസംഗിക്കുന്നത്. പ്രസംഗങ്ങളെന്നല്ല ഭീഷണികളെന്നുവേണം പറയാന്‍. കൈവെട്ടും കഴുത്തുവെട്ടും ബോംബെറിയും വകവരുത്തും എന്നൊക്കെയുള്ള ഭീഷണികള്‍. കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും കൃത്യമായ വിവരണങ്ങള്‍. അതുകേട്ട് കയ്യടിക്കുന്ന അണികള്‍ അക്രമം നടത്തിയാല്‍ തെറ്റ് പറയാനാകുമോ? എന്തിനാണ് കേരളം പോലൊരു നാട്ടില്‍ കൊല വിളിക്കുന്ന പ്രസംഗങ്ങളും അറപ്പിക്കുന്ന പ്രയോഗങ്ങളും ധാര്‍ഷ്ട്യം തൊട്ടെടുക്കാവുന്ന ശരീരഭാഷയും? ഒന്നുറപ്പിച്ചു പറയാം സിപിഎമ്മിലൊഴികെ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അത് വിലപ്പോവില്ല. പോലീസ് സ്റ്റേഷനില്‍വരെ ബോംബുണ്ടാക്കുമെന്ന് പ്രസംഗിച്ച ആഭ്യന്തരമന്ത്രി ഇന്ത്യയില്‍ ഒന്നേയുള്ളൂ; അത് കോടിയേരിയാണ്.
ഫസല്വധമുണ്ടായി മണിക്കൂറുകള്‍ക്കകം പിന്നില്‍ ആര്‍എസ്എസാണെന്ന് പറയാതെ പറഞ്ഞ അന്നത്തെ ആഭ്യന്തരമന്ത്രി ഫസല്‍വധം സിബിഐയ്ക്ക് വിടുന്നത് കോടതി പരിഗണിക്കുന്നതിന്റെ തലേന്ന് മൂന്ന് സിപിഎമ്മുകാരെ അറസ്റ്റുചെയ്തു. കേസ് സിബിഐ യിലേക്കുപോകുന്നതും അന്വേഷണം ഗൂഢാലോചനയിലേക്കു നീളുന്നതും ഒഴിവാക്കാന്‍ അങ്ങനെ കള്ളനെ പിടിക്കേണ്ട പോലീസിന്റെ തലപ്പത്ത് കള്ളം പറയുന്നവരാണുള്ളതെന്ന് തെളിയിച്ചു. രാഷ്ട്രീയത്തില്‍ കള്ളം പറയുന്നതിന് ശിക്ഷയില്ലാത്തതുകൊണ്ടും കള്ളം പറയുന്നവരെ കള്ളന്മാര് എന്ന് വിളിച്ചുതുടങ്ങിയിട്ടില്ലാത്തതിനാലും കള്ളന്മാരും കൊലപാതകികളുമായി അറിയപ്പെടാത്തവര്‍ ഉറങ്ങാന്‍ കിടക്കുമ്പോഴെങ്കിലും ഒന്നോര്മിക്കുക. ആരുതിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നാം ചെയ്ത പാതകങ്ങളുടെ ശിക്ഷ നാം തന്നെ അനുഭവിക്കണമെന്ന്, നമ്മുടെ കുടുംബവും അനന്തര തലമുറകളും കൂടി അത് അനുഭവിക്കേണ്ടിവരുമെന്ന് കള്ളവും കണ്ണീരും ചോരയും പ്രവഹിക്കപ്പെടുന്നതിന്റെ ആത്യന്തികഫലം നല്ലതൊന്നുമാവില്ലെന്ന് അവനനും പ്രസ്ഥാനത്തിനും.
ദുഷ്ടത പരിധി കടക്കുമ്പോള്‍ കാലം ചില ദുഃസൂചനകള്‍ നല്‍കും. ഒരുതരം ഷോക് ട്രീറ്റ്മെന്റ്. അനുഭവിച്ചിട്ടും സ്വയം തിരുത്താത്തവര്‍ക്ക് സര്‍വ്വനാശമാവും ഫലം. അങ്ങനെയുള്ള ദുഃസൂചനകള്‍ കണ്ണൂരില്‍ ചിലര്‍ക്ക് കാലം കൊടുത്തിരുന്നു. പി.ജയരാജനത് പുത്രന്റെ കയ്യിലിരുന്നു പൊട്ടിയ ബോംബാണെങ്കില്‍ പി.ശശിയ്ക്കത് ധീരമായി പ്രതികരിച്ച പെണ്ണായിരുന്നു. പ്രതിയോഗിയുടെ ആക്രമണം കൊണ്ടല്ലാതെ അവനവന്റെ ആയുധങ്ങളാല്‍ വന്ന നാശം. പൂത്തിരി കത്തിച്ചതെന്ന് കേസെഴുതിത്തള്ളാം. പക്ഷെ മകനിലെ മായാത്ത അടയാളങ്ങള്‍ ഒരു രാഷ്ട്രീയത്തിനും മറയ്ക്കാനാവില്ല. ടിപിയുടെ മാതാവുമാത്രമല്ല, കെ.കെ.രമ മാത്രമല്ല കണ്ണൂരില്‍ വേദനിക്കുന്ന മാതാവും ഭാര്യമാരും വേറെയുമുണ്ട്. നേതാക്കളുടെ നരകാഗ്നിയില്‍ മെഴുകുതിരിപോലെ ഉരുകിത്തീരുന്ന ഭാര്യമാര്‍. പൂമൂടല്‍ നടത്തിയും വഴിപാടു കഴിച്ചും പിതാവിന്റെ പാപഭാരം മക്കളിലേക്ക് വരരുതെന്ന് പ്രാര്‍ത്ഥിക്കുന്ന അമ്മമാര്‍. കൊലപ്പാച്ചിലിനിടയില് ആര്‍ക്കും അതിലേക്ക് തിരിഞ്ഞുനോക്കാം, അവനവന്റെ കുടുംബത്തിന്റെ ദുരന്തസാധ്യതകളിലേക്ക്. കുരുക്ഷേത്രയുദ്ധത്തിനുമുമ്പ് ‘അന്ധതയാല്‍’ ധൃതരാഷ്ട്രരുമത് കണ്ടിരുന്നില്ല. ആരോ പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കുകയായിരുന്നു. രാഷ്ട്രീയാന്ധതയാല്‍ ഇപ്പോള്‍ പലരും.
ചന്ദ്രശേഖരന്റെ വധം സിപിഎമ്മിനുള്ള ഒരു ഭീമമായ ദുഃസൂചനയാണ്. സാധാരണ കോലാഹലങ്ങളോടെ നീങ്ങി മറയേണ്ടിയിരുന്ന ഒരു പ്രാദേശിക നേതാവിന്റെ വധം കാലത്തിന്റെ സവിശേഷ വെളിച്ചം പതിഞ്ഞതിനാല്‍ മാത്രം ലോകം നോക്കിക്കാണുകയായിരുന്നു. ഭരണകൂടങ്ങളുണര്ന്നു.
ജനമനഃസാക്ഷികളേകാഗ്രമായി. പ്രതീക്ഷിക്കാതിരുന്ന പ്രതിഷേധത്തിന്റേയും അന്വേഷണത്തിന്റെയും ഞെട്ടലില്പ്പെട്ട് പാര്ട്ടിയൊന്നിടറി. ആ പരിധിയില്ലാത്ത മനുഷ്യസ്നേഹിയുടെ വിശുദ്ധ രക്തത്താലെങ്കിലും പാര്‍ട്ടിയുടെ കളങ്കങ്ങള്‍ കഴുകപ്പെടട്ടെയെന്ന് കാലം കരുതിയിരിയ്ക്കണം. ഈ ജാഗ്രതയുടേയും മനഃസാക്ഷിയുടേയും അലകള്‍ പ്രതീക്ഷിക്കുന്നതിലും മുമ്പേ അടങ്ങിത്തീരുമെന്നത് ശരിയാണ്. അന്വേഷണത്തില്‍ പാര്ട്ടിക്കിടപെടാവുന്ന സ്ഥിതിവരുമെന്നതും ശരിയാണ്. രാഷ്ട്രീയമായ പ്രാധാന്യങ്ങളടങ്ങിക്കഴിയുമ്പോള് ഭരണകൂടം ദുര്‍ഗ്രഹമായ കാരണങ്ങളാല്‍ ഒത്തുതീര്പ്പിലേക്കെത്തുമെന്നതും ശരിയാണ്. രണ്ട് ജില്ലകളിലെ രണ്ട് വ്യത്യസ്ത ഏരിയാ കമ്മറ്റികള്‍ സംയോജിതമായി നടപ്പാക്കിയതെന്ന് സംശയിക്കുന്ന കൊല രണ്ടുജില്ലാ കമ്മറ്റികള്‍ക്കല്ല, സംസ്ഥാന നേതൃത്വത്തിനെ സംയോജിപ്പിക്കാനാകൂ എന്ന സത്യം വിസ്മരിക്കപ്പെടുമെന്നതും ശരിയാണ്. പക്ഷെ പ്രിയപ്പെട്ടസഖാക്കളെ ഒരു പുനര്‍ചിന്തനത്തിനുള്ള ഇടം തിരിഞ്ഞുനോക്കാനുള്ള സ്പേസ് ഈ ദുരന്തം നിങ്ങള്‍ക്കു നല്‍കുന്നുണ്ട്. ദയവായി ഉപയോഗിക്കുക. അച്യുതാനന്ദനെപ്പോലെ മാനവികത അഭിനയിച്ചുകൊണ്ടല്ല. പാര്‍ട്ടിക്കുവേണ്ടി ചെയ്യുന്നതൊന്നും പാപമല്ലെന്ന ബോധം ഉപേക്ഷിച്ചുകൊണ്ട്. കൊലയാളികളിലൊരുവന് കൊലയ്ക്കിടയിലുണ്ടായ മുറിവിനെ ഉദാഹരിക്കുക. വെട്ടിയവാള് ‘ഒരര്‍ദ്ധ ചന്ദ്രാകാര സഞ്ചാരത്തിനു’ശേഷം അവനവനിലേക്കുതന്നെ തിരികെയെത്തുമെന്ന് മനസ്സിലാക്കുക. അതല്ലെങ്കില്‍ ഒരിയ്ക്കലേന്താന് പറഞ്ഞ വാരിക്കുന്തങ്ങള്ക്കു പകരം അവരേന്തിയിരിക്കുന്ന വടിവാളുകള്‍ തിരികെ വാങ്ങാനെങ്കിലും മാര്‍ക്സേ മടങ്ങിവരിക.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: