ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വളര്‍ച്ചാ നിരക്ക് ഇത്രയും കുറയുന്നത് ഇത് ആദ്യമായാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ചാ നിരക്ക് 6.4 ശതമാനം വളര്‍ച്ചാ നിരക്കാണ്. തൊട്ടുമുമ്പുള്ള വര്‍ഷം വളര്‍ച്ചാ നിരക്ക് 8.4 ശതമാനം ആയിരുന്നു. ഉയര്‍ന്ന നാണയപെരൂപ്പ തോതും പലിശ നിരക്കിലുള്ള വര്‍ദ്ധനവുമാണ് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്.
വളര്‍ച്ച കുറഞ്ഞതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിപണിയില്‍ 200പോയിന്റിനടുത്ത് ഇടിവുണ്ടായി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 6.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാ നിരക്ക്. നാലാം പാദത്തില്‍ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് നെഗേറ്റെവിലെത്തി. -0.3 ശതമാനമാണ് മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ചാ നിരക്ക്.
നിര്‍മാണ മേഖലയില്‍ 4.8 ശതമാനവും കാര്‍ഷിക മേഖലയില്‍ 1.7 ശതമാനവും ഖനന മേഖലയില്‍ 4.3 ശതമാനവുമാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഖനന മേഖലയൊഴികെ ബാക്കിയെല്ലാ മേഖലകളിലും മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാലാം പാദത്തിലെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിന് താഴെ പോയത് കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാണ്. ധനക്കമ്മി ജി.ഡി.പിയുടെ ആറ് ശതമാനത്തിന് അടുത്ത് എത്തിയതും സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മൊത്തം ആഭ്യന്തരോല്പാദനത്തിലെ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുക അസാധ്യമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്ന നിലവാരത്തിലെത്തി. ഡോളര്‍ 56 രൂപ 50 പൈസയില്‍ ഇന്നെത്തി. രൂപയുടെ എറ്റവും കുറഞ്ഞ മൂല്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: