Categories: Travel

കാളികാവ്‌ ശ്രീ ഭഗവതിക്ഷേത്രം

Published by

മലപ്പുറം ജില്ലയില്‍ മഞ്ചേരി പട്ടണത്തിനടുത്താണ്‌ ചിരപുരാതനമായ കാളികാവ്‌ ഭഗവതിക്ഷേത്രം. കേരളത്തില്‍ ഏറ്റവുമധികം കളംപാട്ട്‌ നടക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ടതിന്‌. നൂറ്റാണ്ടിലധികം പ്രായമുള്ള മരങ്ങളില്‍ ദേവവൃക്ഷവും ക്ഷേത്രപരിസരത്തുണ്ട്‌. ചുറ്റമ്പലത്തിനുള്ളിലേയ്‌ക്കിറങ്ങിയാല്‍ താഴ്ചയില്‍ ക്ഷേത്രം. നാലമ്പലവും നടശ്ശാലയും മുഖമണ്ഡപവും എല്ലാം പുരാതന വാസ്തുശില മാതൃകയില്‍ തീര്‍ത്തവ. ഇടതുവശത്തായി മനോഹരമായ ഒരു പാട്ടുപുര കാണാം. ക്ഷേത്രത്തിന്‌ വടക്കുപടിഞ്ഞാറുഭാഗത്താണ്‌ കുളം. ശ്രീകോവിലില്‍ ദേവി – ഭദ്രകാളി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. സ്വയംഭൂവായ ദേവിക്ക്‌ മാതൃഭാവം. നാലമ്പലത്തിന്‌ പുറത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി അയ്യപ്പനും കിഴക്കോട്ട്‌ ദര്‍ശനമായി ഗണപതിയുമുണ്ട്‌. മൂന്നുനേരം പൂജ. അഭീഷ്ടകാര്യസിദ്ധിക്കായി ഭക്തര്‍ വഴിപാടായി ഉദയാസ്തമനപൂജ നടത്തിവരുന്നു. കളംപാട്ടാണ്‌ ഇവിടെ പ്രധാനവഴിപാട്‌. കാളികാവ്‌ ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടിന്‌ പ്രസിദ്ധി. ആണ്ടില്‍ പത്തുദിവസമൊഴികെ എല്ലാ ദിവസവും കളംപാട്ടുള്ള ഏക ക്ഷേത്രമാണിത്‌. ഇവിടെ അടുത്തുള്ള മുതുകുന്നത്തുകാവ്‌ ഭഗവതിക്ഷേത്രത്തില്‍ പൂരം നടക്കുമ്പോള്‍ മാത്രം പാട്ടുണ്ടാവില്ല. മീനമാസത്തില്‍ മകയിരം നാള്‍ പത്തുദിവസം. ഇവടമാസത്തില്‍ നൂറ്റിപ്പതിനെട്ടു കളം പാട്ടുകഴിഞ്ഞാല്‍ നൂറ്റിപ്പത്തൊമ്പതാമത്‌ താലപ്പൊലിയാണ്‌. പ്രസിദ്ധമായ ഈ താലപ്പൊലിയാണ്‌ ഇവിടത്തെ ഉത്സവം. ഒരു വര്‍ഷം നാട്ടുതാലപ്പൊലിയാണെങ്കില്‍ അടുത്തവര്‍ഷം ചുറ്റുതാലപ്പൊലിയാണ്‌. അതിനോടനുബന്ധിച്ച്‌ ആന എഴുന്നെള്ളത്തും പറയെടുപ്പുമുണ്ട്‌. കളംപാട്ട്‌ കഴിഞ്ഞാല്‍ വീണ്ടും മകരചൊവ്വയ്‌ക്ക്‌ തുടങ്ങും. കൈവിരലുകളാല്‍ ദേവീദേവന്മാരുടെ രൂപങ്ങള്‍ നിലത്തു വരയ്‌ക്കുന്ന രീതിയാണ്‌ കളമെഴുത്ത്‌. അഞ്ചുനിറമുള്ള പൊടി മാറി മാറി വിതറി ഇഷ്ടദേവതാരൂപങ്ങള്‍ ചിത്രീകരിക്കുന്ന ഈ അനുഷ്ഠാനല കുല വൃത്തിയായി സ്വീകരിച്ചിരിക്കുന്നത്‌ കുറപ്പന്മാരാണ്‌. കുംഭമാസത്തിലെ പൂയം പ്രതിഷ്ഠാദനമായും കര്‍ക്കിടകമാസം രാമായണമാസമായും ആചരിച്ചുവരുന്നു. കര്‍ക്കിടകമാസത്തില്‍ പന്ത്രണ്ടുദിവസം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേകപൂജകളും മഹാഗണപതി ഹോമവും നടക്കും.

പണ്ട്‌ ഈ ക്ഷേത്രം ഒരു ശാസ്താക്ഷേത്രമായിരുന്നുവെന്ന്‌ പഴമ. അക്കാലത്ത്‌ ഒരു ദിവസം ചെമ്മലശ്ശേരി മനയ്‌ക്കലെ ഒരു നമ്പൂതിരി തളിപ്പറമ്പില്‍ നിന്നും മഞ്ചേരിയില്‍ എത്തി. കാല്‍നടയായിട്ടായിരുന്നു യാത്ര. ക്ഷേത്രത്തിലേക്ക്‌ തിരിയുന്ന മേലാക്കം എന്ന സ്ഥലത്തെത്തിയപ്പോള്‍ കുറേപ്പേര്‍ അവിടെയിരുന്നു ചീട്ടുകളിക്കുന്നത്‌ കണ്ടു. താനൊരു ബ്രഹ്മണനാണെന്നും കുളിച്ച്‌ സന്ധ്യാവന്ദനം നടത്താന്‍ പറ്റിയ ക്ഷേത്ര അടുത്തുണ്ടോ എന്ന്‌ അവരോട്‌ അന്വേഷിച്ചു. കളിയില്‍ മുഴുകിയിരുന്ന അവരുണ്ടോ അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നു. ഇവിടെ നിന്നും അര കി.മീ. പോയാല്‍ ഒരു സ്ഥലമുണ്ടെന്നും അവിടെ നിന്ന്‌ കാളി എന്ന്‌ മൂന്നുപ്രാവശ്യം വിളിച്ചാല്‍ മതിയെന്നും പറഞ്ഞ്‌ പരിഹാസത്തോടെ ബ്രാഹ്മണനെ യാത്രയാക്കി. പാവം അയാള്‍ അവര്‍ പറഞ്ഞതുപോലെതന്നെ ചെയ്തു. പെട്ടെന്ന്‌ വിളി കേട്ടിട്ടെന്നവണ്ണം ഒരു സ്ത്രീ കോലുവിളക്കുമായി ബ്രാഹ്മണന്റെ അരികിലെത്തി. അയാള്‍ക്ക്‌ കുളം കാണിച്ചുകൊടുക്കുകയും സന്ധ്യാവന്ദനത്തിന്‌ ശേഷം ഭക്ഷണം നല്‍കുകയും ചെയ്തു. പിന്നെ ഉറങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കി. പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ കുളിയും തേവാരവും കഴിഞ്ഞ്‌ ഇവിടെ നിന്ന്‌ പൊയ്‌ക്കൊള്ളുവാനും പോകാന്‍ നേരത്ത്‌ പറയണമെന്നുമായിരുന്നു ആ സ്ത്രീയുടെ നിര്‍ദ്ദേശം. യാത്ര ചോദിക്കാനെത്തിയ ബ്രാഹ്മണനെ ആ സ്ത്രീ ഒരുപിടി കുരുമുളക്‌ ഏല്‍പിക്കുകയും ഇങ്ങോട്ടുപോരാന്‍ വഴി പറഞ്ഞുകൊടുത്തവര്‍ ഇരുന്നസ്ഥലത്ത്‌ അത്‌ വിതറണമെന്നും നിര്‍ദ്ദേശിച്ചു. അപ്രകാരം ചെയ്തുകൊണ്ട്‌ അയാള്‍ മടങ്ങിപ്പോവുകയും ചെയ്തു. വളരെ നാളുകള്‍ക്കുശേഷം അദ്ദേഹം ഈ പ്രദേശത്ത്‌ വരുമ്പോഴാണ്‌ അറിയാന്‍ കഴിഞ്ഞത്‌ – പണ്ട്‌ പരിഹസിച്ചവരെല്ലാം വസൂരി രോഗത്താല്‍ മരണമടയുകയായിരുന്നുവെന്ന്‌. പില്‍ക്കാലത്ത്‌ ആ ബ്രാഹ്മണ ശ്രേഷ്ഠന്‍ ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നുവെന്ന്‌ ഐതിഹ്യം.

– പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts