പലരും പറയുന്നത് കേള്‍ക്കാറുണ്ട്, ആത്മീയത്തില് വന്നപ്പോള്‍ തീരാത്തപ്രശ്നങ്ങള് തുടങ്ങി എന്ന്. അത് ശരിയാണ്. കാരണം, ഇതുവരെ നാം അബോധാവസ്ഥയിലായിരുന്നു. അതുകൊണ്ട് ഒന്നും അറിഞ്ഞില്ല. ഇപ്പോള്‍ കുറശ്ശെ ബോധം വന്നുതുടങ്ങുന്നു. അപ്പോള്‍ വേദനകള്‍ അനുഭവപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. പക്ഷേ അത് നല്ലതാണ്, കാരണം, വേദനകളിലൂടെ മാത്രമേ നമുക്ക് തിരിച്ചറിവ് വരുകയുള്ളൂ. ധര്‍മവിരുദ്ധമായി, പ്രകൃതിക്ക് വിരുദ്ധമായി നാം ജീവിച്ചതിന്റെ പ്രതിഫലനമാണ് ഈ വേദനകള്‍. അതിന്റെ കനലുകള്‍ നമ്മുടെ ഉള്ളില്‍ സ്റ്റോര്‍ ചെയ്ത്കിടക്കുന്നുണ്ട്. അത് പുറത്തുവരുമ്പോള്‍ ദു:ഖമായി, വിഘ്നങ്ങളായി, രോഗങ്ങളായി, കര്മപ്രശ്നങ്ങളായി പ്രതിഫലിക്കുന്നു. പക്ഷേ ഇതൊന്നും പുറമേനിന്നു വരുന്നതല്ല. നമ്മുടെ അടിത്തട്ടില്‍ നിന്ന് പുറമേക്ക് പ്രകടമാകുന്നവയാണ്. അവ പുറത്തുപോകാതെ എങ്ങനെ അന്ത:ക്കരണശുദ്ധി കൈവരിക്കും? നമ്മുടെ പ്രാരാബ്ധങ്ങള്‍ നമ്മുടെ ഗുരുനാഥന്മാരാണ്. അനുഭവങ്ങളിലൂടെയാണ് നാം പഠിക്കുന്നതും വളരുന്നതും. എന്തുകൊണ്ട് എനിക്ക് ദു:ഖം വന്നു? ഇത് മനസ്സിലാക്കിയാല്‍ പിന്നെ തിരിച്ചറിവോടെ ജീവിക്കാമല്ലോ. അതിനെയാണ് വിവേകം എന്നുപറയുന്നത്. വിവേകം ഉദിക്കുന്നവര്ക്കുമാത്രമേ ധര്‍മം എന്താണെന്ന് മനസ്സിലാവുകയുള്ളൂ.
യതൊരു പ്രശ്നങ്ങളുമില്ലാതെ കേവലം ധര്മ്മാസക്തികൊണ്ട് അന്വേഷകരായി വരുന്നവരെ അധികമൊന്നും ഞാന്‍ കാണുന്നില്ല. എല്ലാവര്ക്കും പലവിധ പ്രശ്നങ്ങള്‍ ഉണ്ട്. അതിന് ശാന്തിതേടി എല്ലായിടത്തും അന്വേഷിച്ചുനടക്കുന്നു എന്നതാണ് വാസ്തവം. അമ്പലങ്ങളിലും പള്ളികളിലും ആചാര്യന്മാരുടെയും മന്ത്രവാദികളുടെയും സമീപത്തു നാം പ്രശ്നശാന്തി അന്വേഷിച്ച് ഓടിക്കൊണ്ടിരിക്കുന്നു. ഒരിടത്തുനിന്നും പരിഹാരം കിട്ടിയില്ലെങ്കില്‍ മറ്റൊരിടത്ത് അന്വേഷിക്കുക; അതാണ് ഇന്നത്തെ മാനസികാവസ്ഥ. അതേസമയം പ്രശ്നം എന്തുകൊണ്ടുവരുന്നു? അതിനുള്ള ശാശ്വത പരിഹാരമെന്ത്? ഈ കാര്യങ്ങള്‍ മനസ്സിലാക്കാനോ അതിനുള്ള മാര്ഗ്ഗംതേടാനോ ആര്‍ക്കും താല്‍പ്പര്യമില്ല. പ്രശ്നം തീരണം, തനിക്ക് തോന്നിയപോലെ ജീവിക്കണം. ഇതാണ് സാധാരണ ഗതിയില്‍ എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ളവരോട് ധര്‍മ്മം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അത് കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ താല്പര്യവുമുണ്ടാവില്ല. ഭഗവത്ഗീതയില്‍ തന്നെ അതിന് പ്രമാണമുണ്ടല്ലോ.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: