കൊച്ചി: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബെയില്‍ ഫോണിന്റെ ദുരുപയോഗവും പാന്‍മസാല തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗവും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക് പരീത് വ്യക്തമാക്കി. ചെയില്‍ഡ് ലൈന്‍ ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ മൊബെയില്‍ഫോണ്‍ നിരോധനം ഫലപ്രദമല്ലെന്നാണ് ചെയില്‍ഡ് ലൈന്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബാലവേല തടയുന്നതിന് തൊഴില്‍ വകുപ്പും പോലീസുമായി ചേര്‍ന്ന് ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
അശ്ലീല ചിത്രങ്ങള്‍ ഫോണിലൂടെ പ്രചരിപ്പിക്കുന്നതും ഫോണിലെ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ചെയില്‍ഡ് ലൈന്‍ ഉപദേശക സമിതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നതിന് മുമ്പ് യൂണിഫോം മാറ്റി മറ്റ് വസ്ത്രം ധരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന സംഭവങ്ങളും ചെയില്‍ഡ് ലൈനിന് മുന്നിലെത്തിയിട്ടുണ്ട്. പശ്ചിമകൊച്ചി മേഖലയിലാണ് കുട്ടികള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപഭോഗം കൂടുതല്‍. പെരുമ്പാവൂര്‍, ആലുവ മേഖലയില്‍ അന്യസംസ്ഥാനക്കാരായ കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിക്കുന്നത് വ്യാപകമാണ്. ജില്ലയിലെ ഗിരിവര്‍ഗമേഖലയിലെ വിദ്യാര്‍ഥികള്‍ ലൈംഗികചൂഷണത്തിന് ഇരയാകുന്നതായും ചെയില്‍ഡ് ലൈന്‍ അന്വേഷണത്തില്‍ വ്യക്തമായി.
ജില്ലയിലെ 250 സ്കൂളുകളില്‍ ചെയില്‍ഡ്ലൈന്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളുകളിലെ ചെയില്‍ഡ്ലൈന്‍ അംബാസഡര്‍മാര്‍ക്കായി വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനുമായി ചേര്‍ന്നാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. ആദ്യത്തെ ക്ലാസ് ജൂണ്‍ 16ന് എറണാകുളം ചില്‍ഡ്രന്‍സ് തീയേറ്ററില്‍ നടക്കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക് പരീത് ഉദ്ഘാടനം ചെയ്യും. ക്ലാസുകള്‍ക്ക് പുറമെ കുട്ടികളുടെ സിനിമയും പ്രദര്‍ശിപ്പിക്കും. ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12ന് തൊഴില്‍ വകുപ്പിന്റെയും ചെയില്‍ഡ്ലൈനിന്റെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും.
2011 ആഗസ്റ്റ് മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 14385 കോളുകളാണ് ചെയില്‍ഡ്ലൈനിന്റെ 1098 നമ്പറിലെത്തിയത്. കോളുകള്‍ തിരുവനന്തപുരം വഴി റൂട്ട് ചെയ്യുന്നതിനാല്‍ ജനുവരി മുതല്‍ എണ്ണത്തില്‍ കുറവുള്ളതായി അധികൃതര്‍ പറഞ്ഞു. ശരാശരി 2000 കോളുകളാണ് മാസം തോറും ചെയില്‍ഡ് ലൈനിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: