സാധാരണ ഏകാഗ്രതയും ധ്യാനവും തമ്മിലുള്ള വ്യത്യായം മനസ്സിലാക്കേണ്ടതാണ്. ധ്യാനം വെറും ഏകാഗ്രതയില്ല. അത് പ്രത്യേകതരം ഏകാഗ്രതയാണ്. ഒന്നാമതായി ഇച്ഛാശക്തി പ്രയോഗിച്ചുള്ള ഒരു സബോധപ്രക്രിയയാണ്. രണ്ടാമതായി ഒരാദ്ധ്യാത്മികാശയത്തിലുള്ള ഏകാഗ്രതയാണ്; അതിന്നര്‍ത്ഥം, സാധകന് ലൗകികാശയങ്ങള്‍ക്കുപരി ഉയരാനുള്ള കഴിവുണ്ടായിരിക്കണം. അവസാനമായി, ധ്യാനം സാധാരണയായി ഒരു പ്രത്യേക ബോധകേന്ദ്രത്തിലാണ് ചെയ്യേണ്ടത്. ശരിയായ ധ്യാനം ദീര്‍ഘകാലാഭ്യാസം കൊണ്ട് കൈവരുന്ന കുറെ ഉയര്‍ന്ന ഒരുവസ്ഥയാണെന്ന് വ്യക്തം. നിഷ്ഠയുടെ ഫലമാണത്.
സാധാരണ ധ്യാനമെന്നറിയപ്പെടുന്നത് ഒരു പേരര്‍ഹിക്കുന്നില്ല. മനസ്സ് വിവിധ ദുഷ്ടചിന്തകള്‍കൊണ്ടും വാസനകള്‍കൊണ്ടും അസ്വസ്ഥമാകുന്നു; ലൗകിക കാര്യങ്ങള്‍ മനസ്സിനെ ഈശ്വര ധ്യാനത്തില്‍ നിന്നകറ്റുന്നു. മിക്ക സാധസകരുടെയും മനസ്സില്‍ മനസ്സിനെ വീണ്ടും വീണ്ടും അകത്തേക്ക് വലിച്ച് ഈശ്വരനിലുറപ്പിക്കാന്‍ ശ്രമിക്കേണ്ടിവരും. ഇത്തരമൊരവസ്ഥയാണ് സാധാരണ ധ്യാനമെന്ന് പറയുന്നത്. വാസ്തവത്തിലത് പ്രത്യാഹാരമാണ് – ബഹിര്‍മുഖമായ മനസ്സിനെ അകത്തേക്ക് വലിക്കല്‍. ഒരേ ചിന്തയില്‍ മനസ്സിനെ അല്‍പനേരത്തേക്ക് ധ്യാനനിരതമായി നിര്‍ത്തുന്നതാണ് അടുത്തപടിയായ ധാരണ. ബഹിര്‍മുഖപ്രവണതകളെ നിരോധിച്ച് മനസ്സ് നിരന്തരം ഒരു പ്രവാഹം പോലെ ഈശ്വരചിന്താനിരതമാവുന്നതാണ് ശരിയായ ധാനം.
ഒരു ലൗകികന്റെ ഏകാഗ്രത സ്ഥൂലമായ ഭൗതികനേട്ടത്തിലും ലാഭത്തിലും സുഖഭോഗത്തിലുമാണ്. ഒരു പരമാണുവിന്റെയോ ചെടിയുടെയോ ഘടനയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു ശാസ്ത്രജ്ഞന്റെ ഏകാഗ്രത. ചിന്തകളുടെ ചലനവും നിയമങ്ങളും നിരീക്ഷിക്കുന്ന മനഃശാസ്ത്രജ്ഞന്റെ ഏകാഗ്രത; അഹങ്കാരവും അതില്‍ നിന്ന് വ്യതിരിക്തമായതും വിശകലനം ചെയ്യുന്ന രോഗിയുടെ ഏകാഗ്രത – ഇവിയെല്ലാം ഏകാഗ്രതാവിഷയമായ വസ്തുവിന്റെ നിലപാടില്‍ നിന്ന് നോക്കുമ്പോള്‍ വിവിധതരത്തില്‍പ്പെട്ട ഏകാഗ്രതയാണ്.
സാധാരണ അര്‍ത്ഥത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സത്യാന്വേഷകനായ യോഗി കാലദേശബദ്ധമായ സ്ഥൂലഭൂതങ്ങളില്‍ ധ്യാനിച്ച് തുടങ്ങി കാലദേശാതീതമായ ഭൂതങ്ങളെ ധ്യാനിക്കാം. അയാള്‍ക്ക് പിന്നീട് ആദ്യം കാലദേശങ്ങള്‍ക്കുള്ളിലും പിന്നെ അവയുടെ പരിമിതികള്‍ക്ക് പുറത്തും ഉള്ള സൂക്ഷ്മഭൂതങ്ങളെ ഏകാഗ്രതയ്‌ക്കും ധ്യാനത്തിനും വിഷയമായി സ്വീകരിക്കാം. വീണ്ടും മുന്നോട്ടുപോയി അയാള്‍ത്ത് ആദ്യം അന്തഃകരണത്തെ അഥവാ മനസ്സിനെയും, പിന്നെ അഹംകാരത്തെ തന്നെയും ഏകാഗ്രതയ്‌ക്കും ധ്യാനത്തിനും വിഷയമാക്കാം. ഈ വസ്തുക്കളുടെ ശരിയായ സ്വഭാവമറിഞ്ഞ് പരിമിതപ്പെടുത്തുന്ന ഈ ഉപാധികളോട് അയാള്‍ താദാത്മ്യപ്പെടാതാവുകയും തന്റെ ആത്മാവിനോട് കൂടുതലടുത്ത് ജ്ഞാനാനന്ദമയമായ ഒരത്ഭുതാവസ്ഥ അനുഭവിക്കുകയും ചെയ്യുന്നു.
ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്ന വേദാന്തമാര്‍ഗത്തിലെ സാധകന് തുടക്കത്തില്‍ ഒരു പവിത്രവ്യക്തിയുടെ ശാരീരികരൂപത്തെയോ (അതൊരു വിഗ്രഹമോ ചിത്രമോ ആവാം) അല്ലെങ്കില്‍ ഈശ്വരപ്രതീകത്തെയോ ധ്യാനിക്കാം. ഈ ഭൗതികരൂപം അഥവാ പ്രതീകം ആദ്യം കാലദേശബദ്ധവും പിന്നീട് ഈ പരിമിതികളില്ലാത്തതുമാവാം. വീണ്ടും മുന്നോട്ടുപോയി അയാള്‍ ആ പവിത്രവ്യക്തിയുടെ ‘ഹൃദയ’ത്തെയോ ദിവ്യമനസ്സിനെയോ ധ്യാനിക്കുകയും ചെയ്യാം. പിന്നീട് അയാള്‍ക്ക് വ്യക്തിനിഷ്ഠമോ പ്രപഞ്ചവ്യാപകമോ ആയ ശുദ്ധബോധത്തിലേക്ക് പുരോഗമിക്കാം; അതുകൊണ്ട് തന്റെ അശുദ്ധവും പരിമിതവുമായ ബോധത്തെ ശുദ്ധവും അപരിമിതവും വിപുലവുമാക്കി തന്നില്‍ തന്നെയുള്ള അനന്തസത്തയെ അനുഭവിക്കാം; സമുദ്രത്തില്‍ മുങ്ങിയ ഉപ്പുപാവപോലെ ധ്യാതാവ് കേവലദിവ്യതത്ത്വത്തില്‍ ലയിക്കുന്ന അത്യുന്നതസാക്ഷാത്കാരത്തിലേക്ക് മുന്നേറുകകൂടി ചെയ്യാം. അങ്ങനെ, വ്യക്തിബോധത്തോട് ബന്ധപ്പെട്ട വിവിധതരം ഏകാഗ്രതയിലും ധ്യാനത്തിലും നിന്നുതുടങ്ങി, എല്ലാ കര്‍ത്തൃകര്‍മ്മബന്ധങ്ങള്‍ക്കും, എല്ലാ ആപേക്ഷിതത്വത്തിനും, സമ്പൂര്‍ണം അതീതമായ, അഖണ്ഡൈകതത്ത്വമായ കേവലസത്യമായ, അത്യുന്നതബോധാതീതനിലയില്‍ അയാള്‍ക്കെത്തിച്ചേരാം. വെറും ഏകാഗ്രതയ്‌ക്ക് അദ്ധ്യാത്മമൂല്യം ഉണ്ടായെന്ന് വരില്ല. നേരത്തെ പറഞ്ഞതുപോലെ, അതഭ്യസിക്കുന്ന ആള്‍ ഒരളവോളം മനഃശുദ്ധി നേടുകയും അതേസമയം തന്റെ ആന്തരശക്തികളെ പരിശുദ്ധവും സമുന്നതവുമാക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്നില്ലെങ്കില്‍ അത് ആപത്കരംകൂടി ആയേക്കാം. ആവര്‍ത്തിച്ചുള്ള ദുഷ്ടചിന്തകളിലൂടെയും കര്‍മ്മങ്ങളിലൂടെയും മനസ്സിലടിഞ്ഞുകൂടിയ ചെളിയും ദുഷിച്ച വാസനകളും സംസ്കാരങ്ങളും എത്രത്തോളം നീക്കി മനസ്സ് ശുദ്ധമാക്കുന്നുവോ അത്രയും കണ്ട് ഏകാഗ്രതയും ധ്യാനവും ആദ്ധ്യാത്മികമായി ഫലപ്രദമാവുന്നു. മഹത്തായ വൈരാഗ്യവും പരിശുദ്ധിയും നേടിയാല്‍ മാത്രമേ പരമദിവ്യാനുഭൂതിയിലേക്കും സ്വതന്ത്ര്യത്തിലേക്കും അന്തിമമായി നയിക്കുന്ന ഉയര്‍ന്നതരം ഏകാഗ്രതയും ധ്യാനവും വിജയകരമായി അനുഷ്ഠിക്കാന്‍ സാധകന് സാധിക്കൂ.
സാധാരണക്കാരനായ ആര്‍ക്കും ഏകാഗ്രത അഭ്യസിക്കാനുള്ള കഴിവുണ്ട്; എന്നാലത് ലോകം നമുക്ക് കാണിച്ചുതരുന്ന, നമുക്ക് സുഖമോ ലാഭമോ ഉണ്ടാക്കുന്ന, വ്യക്തികളിലോ സാധനകളിലോ ആണ് സാധാരമ പ്രയോഗിക്കുന്നതെന്നുമാത്രം. ആദ്ധ്യാത്മജീവിതമാചരിക്കുന്നതിന് പെട്ടെന്ന് പുതുതായി കഴിവുകളൊന്നും ഉണ്ടാക്കേണ്ടതില്ല. പഴയ കഴിവുകളും വാസനകളും, അവയുടെ ശക്തി കുറയാതെ, ഈശ്വരനിലേക്ക് തിരിക്കണം. അപ്പോള്‍ ലൗകികമനുഷ്യന്‍ ആദ്ധ്യാത്മിക മനുഷ്യനായി മാറും.
– ശ്രീ യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: