പ്രകൃതിയുടെ ധര്‍മങ്ങളെ സ്വീകരിക്കാതെ നാം എന്തെങ്കിലുമൊക്കെ ചെയ്തുപോയാല്‍ അതിന് അതിന്റേതായ പ്രതിപ്രവര്‍ത്തനം ഉണ്ടാകാതിരിക്കില്ല. പ്രകൃതിയുടെ താളക്രമം സമതുലിതമാക്കാന്‍ വരുന്ന ധര്‍മപുരുഷന്മാര്‍ പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ പാടില്ല. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ പ്രകൃതിക്ക് വിരുദ്ധമായി ചെയ്ത് പ്രകൃതി ക്ഷോഭിച്ചാല്‍ താന്‍ ഇവിടെവന്നകാര്യം നടക്കാതെയാകും.
ധര്‍മങ്ങളെ ക്രമീകരിക്കാന്‍ വരുന്നവര്‍ ഏറ്റവും കുഴപ്പം പിടിച്ച ഇടങ്ങളിലാണ് ജനിച്ച് കാണുന്നത്. കാരണം തമസിന്റെ ശ്യംഖല കൂടുതല്‍ തീക്ഷണമായ ഇടങ്ങളിലായിരിക്കുമല്ലൊ ഈശ്വരചൈതന്യത്തിന്റെ ആവശ്യം കൂടുതല്‍ ഉണ്ടാകുക. അതുകണ്ടിട്ടാകണം ആ കാലശക്തി ഇത്തരം ജനങ്ങള്‍ക്ക് കളമൊരുക്കുന്നത്. അതുകൊണ്ടുതന്നെയാണ് തഥാതന് ഈ കേരളദേശത്തിലെ ഒരു ഗ്രാമപ്രദേശത്ത് പിറക്കുന്നത്. തഥാതനിലൂടെ ഇങ്ങനെ ഒരു ധര്‍മം ഉയിര്ത്തെഴുന്നേല്ക്കണമെന്നും അതിനുള്ള ജന്മം ഇന്ന കാലത്ത് ഇന്ന സ്ഥലത്ത് സംഭവിക്കണമെന്നും കാലത്താല്‍ കല്പിക്കപ്പെട്ടത്. അപ്രകാരം ഇവിടെവന്നെത്തിയ ഈ പ്രതിഭാത്തിലൂടെ ആദിയില്‍ തുടങ്ങിവെച്ച അതേ ധര്‍മത്തെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു.
ഒരു വ്യാഴവട്ടക്കാലം മുന്‍പ് സാരനാഥ് എന്ന മഹാ കേന്ദ്രത്തില്‍ വെച്ച് അത് പ്രാരംഭം കുറിക്കപ്പെട്ടു. അന്ന് ശാസനം ചെയ്ത ധര്‍മത്തെ വീണ്ടും ശാസനം ചെയ്യേണ്ട ആവശ്യമില്ല. എങ്കിലും തമസ്സിന്റെ ആധിക്യംകൊണ്ട് ആ ധര്മസത്യങ്ങളെ ശരിയായി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും സാധ്യമാകാതെ വന്നു. പക്ഷേ, മനസ്സിലാക്കാനുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ പതുക്കെ പതുക്കെ വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങള്‍തന്നെ അതിനുള്ള തെളിവുകളാണ്. ഉറങ്ങുന്നവന് ഇവിടെ എന്തു പ്രശ്നങ്ങളാണ് ഉള്ളത്? അവന് ഒന്നും അറിയുന്നില്ല. രോഗികളെ ബോധംകെടുത്തി ഡോക്ടര്‍മാര്‍ ശരീരഭാഗങ്ങള്‍ തന്നെ കീറിമുറിക്കുന്നു. പക്ഷേ, രോഗി ഒന്നും അറിയുന്നില്ല. പിന്നീട് ശരീരത്തിന് വേദന തോന്നുന്നുണ്ടോ എന്ന് ഡോക്ടര്‍മാര്‍ ചോദിക്കും. ഉവ്വൊന്ന് പറഞ്ഞാല്‍ അവര്‍ക്ക് ബോധ്യമായി രോഗി അബോധാവസ്ഥയില്‍ നിന്ന് ഉണര്‍ന്ന് വരികയാണെന്ന്. അതേപോലെതന്നെയാണ് ജീവിതത്തിന്റെ അവസ്ഥയും.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: