വാഹനാപകടത്തെ തുടര്‍ന്നുള്ള വിശ്രമവേളയില്‍ വിദ്യാര്‍ത്ഥിജീവിതകാലത്തെ ചില പഴയ കടലാസുകള്‍ പരതുവാനിടയായി. പെട്ടെന്ന് എന്റെ കണ്ണുകള്‍ പ്രകാശമാനമാക്കിയ ഒരു പഴയ കത്ത് കൈകളിലെത്തി. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്, അടുത്ത കാലത്തൊന്നും ഞാന്‍ ഓര്‍ക്കാത്ത ആ കത്ത്. പച്ചമഷിയില്‍ മലയാളത്തിലെഴുതിയ ആ കത്ത് കണ്ടാല്‍ ആദ്യം തോന്നുക ഒരു ആയുര്‍വേദ വൈദ്യന്റെ പഴയ കുറിപ്പടിയാണെന്നാണ്. അമൂല്യനിധിയായി കാത്തുസൂക്ഷിക്കേണ്ടതാണ് അതെന്ന് വായിച്ചു നോക്കിയപ്പോഴാണ് എനിക്ക് ബോധ്യമായത്. ഒരാദ്ധ്യാത്മികാചാര്യന്റെ അനുഗ്രഹാശ്ശിസുകളാണ് ആ കത്തിലെ വരികള്‍. അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലാണോ എന്ന് ഇന്നെനിക്ക് നിശ്ചയമില്ല. കാരണം അദ്ദേഹത്തിന്റെ കൈയക്ഷരം എനിക്ക് പരിചിതമല്ല.
ഒരിക്കല്‍ മാത്രമേ അദ്ദേഹത്തില്‍നിന്ന് രേഖാമൂലം ഒരു സന്ദേശം എനിക്ക് കിട്ടിയിട്ടും ഉള്ളൂ. കൃത്യമായി പറഞ്ഞാല്‍ ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറ്, ജനുവരി പത്തൊമ്പതാം തീയതിയാണ് അതെഴുതിയിട്ടുള്ളത്. “സ്വന്തം ഹരി കര്‍ത്ത അറിയുന്നതിന്” എന്ന് ആരംഭിച്ച് “നിങ്ങളുടെ സ്വാമി” എന്നവസാനിപ്പിച്ചിട്ടുള്ള പതിനേഴ് വരികളുള്ള കത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു- “ഇപ്രകാരമാശയങ്ങള് ലോകനന്മയ്ക്കുതകുമാറ് കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന നിങ്ങളുടെ ഹൃദയശുദ്ധിയില്‍ അഭിമാനം തോന്നുന്നു. ലക്ഷ്യം ഒന്നിലേക്കാണെന്നതില് നാം സന്തുഷ്ടരാകുക.”
ശാന്തിഗിരി ആശ്രമത്തില്‍നിന്ന് കരുണാകര ഗുരുവിന്റേതാണ് അനേകം വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും യാദൃച്ഛികമായി എന്റെ ശ്രദ്ധയില്‍പ്പെടുകയും എന്നെ ഏറെ ചിന്തിപ്പിക്കുകയും ചെയ്ത ആ കത്ത്. അത് എനിക്ക് ലഭിക്കുന്ന കാലത്ത് ശാന്തിഗിരിയോ ശ്രീ കരുണാകരഗുരുവിന്റെ പ്രസ്ഥാനമോ ഇന്നത്തെപ്പോലെ വളര്‍ന്നിട്ടില്ല. അധികം അറിയപ്പെട്ടിരുന്നുമില്ല. തിരുവനന്തപുരത്ത് പോത്തന്‍കോട് എന്ന സ്ഥലത്ത്, അക്ഷരാര്‍ത്ഥത്തില്‍ ഒരു പര്‍ണശാല മാത്രമായിരുന്നു ആശ്രമമെന്നാണ് ഞാന്‍ അന്ന് കേട്ടിട്ടുള്ളത്. അവിടെ പോകാനുള്ള അവസരം അക്കാലത്തൊന്നും എനിക്ക് ഉണ്ടായിട്ടുമില്ല. ഇന്നത്തെപ്പോലെ ശിഷ്യസമ്പത്തോ ആയിരക്കണക്കിന് അനുയായികളോ അദ്ദേഹത്തിന് അന്നില്ല. പക്ഷെ പില്ക്കാലത്ത് കരുണാകരഗുരുവിന്റെ സമാധിക്കുശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ ഒ.വി.ഉഷയെ കാണാനാണ് ഞാന്‍ ആകെ ഒരിക്കല്‍ ശാന്തിഗിരിയില്‍ എത്തിപ്പെട്ടത്. അപ്പോഴേയ്ക്കും അവിടെ ബഹുനില കെട്ടിടങ്ങളും ധ്യാനമണ്ഡപവും ആശുപത്രിയുമൊക്കെ ഉയര്‍ന്നിരുന്നു. രണ്ട് മണിക്കൂറിലേറെ ഞാന്‍ അന്നവിടെ ചിലവഴിച്ചു. അസാധാരണമായ ഒരാദ്ധ്യാത്മിക പ്രസരണം ആശ്രമത്തില്‍ എനിക്ക് അനുഭവപ്പെട്ടു. അതായിരിക്കണം ഒ.വി.വിജയന് ഇടക്കാലത്ത് അവിടെ തങ്ങിയിരുന്നതിന്റേയും ഒ.വി.ഉഷ അവിടെ സ്ഥിരതാമസമാക്കിയതിന്റേയും മുന്‍ രാഷ്ട്രപതി കെ.ആര്.നാരായണനെപ്പോലുള്ള പല പ്രശസ്ത വ്യക്തികളെയും അവസാനകാലത്ത് അവിടേയ്ക്ക് ആകര്ഷിച്ചതിന്റേയും അടിസ്ഥാന കാരണമെന്ന് ഞാന്‍ കരുതി. പക്ഷെ അവിടെ ചിലവഴിച്ച ചുരുങ്ങിയ സമയത്ത് തന്നെ ആശ്രമത്തിലെ അന്തേവാസികളില്‍ പലരും ആ അഭൗമമായ പ്രസരണം യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. ആരുമായും പങ്ക് വെച്ചില്ലെങ്കിലും ഇന്നും ആ സംശയം എന്നില്‍ അവശേഷിക്കുന്നു.
ഒ.വി.വിജയന്റെ ‘ഗുരുസാഗരം’ വായിച്ച ശേഷമാണ് ശ്രീകരുണാകരഗുരുവിനെ കുറിച്ച് ഞാന്‍ കൂടുതല്‍ വായിക്കാന്‍ തുടങ്ങിയത്. പക്ഷെ ആ യോഗിവര്യനെക്കുറിച്ച് ശരിയായൊരു ഉള്‍ക്കാഴ്ച എനിക്ക് ലഭിച്ചത് ഒ.വി.ഉഷ ഇടക്കാലത്ത് ഒരാനുകാലികത്തിലെഴുതിയ പരമ്പരയില്‍നിന്നാണ്. അതിലേറെ ഒന്നും എനിക്ക് അദ്ദേഹത്തെപ്പറ്റി അറിയില്ല. ഖസാക്കിന്റെ ഇതിഹാസകാരന് പ്രേരണയായതുപോലെ പല സാംസ്ക്കാരിക നായകര്‍ക്കും ചലച്ചിത്രകാരന്മാര്ക്കുമൊക്കെ ശ്രീകരുണാകരഗുരുവും ശാന്തിഗിരിയും പ്രചോദനമായിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒഎന്‍വി കുറുപ്പുസാറും ദേവരാജന്‍ മാഷും ഏറ്റവുമൊടുവില്‍ കൂടിക്കണ്ടതും നീണ്ട ഇടവേളയ്ക്ക് ശേഷം കുറെ ദിവസം അവര്‍ ഒരുമിച്ച് ചെലവഴിച്ചതും ശാന്തിഗിരിയിലെ ആയുര്‍വേദ കേന്ദ്രത്തിലായിരുന്നത്രെ.
‘ഗുരു’ എന്ന പേരില്‍ രാജീവ് അഞ്ചല്‍ നിര്‍മിച്ച ചലച്ചിത്രത്തിന്റെ പ്രചോദനം കരുണാകരഗുരുവും ശാന്തിഗിരിയുമായിരുന്നു. ആ ചിത്രം ഓസ്കര് പുരസ്ക്കാരത്തിനുള്ള പരിഗണനയ്ക്കായി സമര്പ്പിക്കപ്പെട്ടിരുന്നുവെന്നാണ് എന്റെ ഓര്മ. കെ.ആര്.നാരായണന് തന്റെ ഉഴവൂരിലെ തറവാട് ശാന്തിഗിരിക്കാണ് സമര്‍പ്പിച്ചത്. അവിടെ ഇപ്പോള്‍ ഒരു ആയുര്‍വേദ ഗവേഷണകേന്ദ്രം പ്രവര്ത്തിക്കുന്നതായാണറിവ്. എന്നുമാത്രമല്ല, തന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടത് ശാന്തിഗിരിയിലെ സന്ന്യാസിമാരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് മുന്‍ രാഷ്ട്രപതി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം നിറവേറ്റപ്പെടുകയും ചെയ്തു. 1927 സെപ്തംബര്‍ ഒന്നിന് ഭൂജാതനായ ശ്രീകരുണാകര ഗുരു, എഴുപത്തിരണ്ടാമത്തെ വയസ്സില്‍, 1999 മെയ് ആറിനാണ് സമാധിയായത്. അദ്ദേഹത്തിന്റെ സമാധി മണ്ഡപത്തില്‍ കൈകൂപ്പി നില്‍ക്കാനുള്ള ഭാഗ്യമേ എനിക്ക് ഉണ്ടായിട്ടുള്ളൂ.
പരമ്പരാഗത ഹൈന്ദവാശ്രമങ്ങളില്നിന്നും മഠങ്ങളില്‍നിന്നും അല്‍പ്പം വ്യത്യസ്തമായാണ് എനിക്ക് ശാന്തിഗിരിയിലെ അനുഷ്ഠാനങ്ങള്‍ അനുഭവപ്പെട്ടത്. മതാതീത ആദ്ധ്യാത്മികതയാണ് തങ്ങളുടേതെന്നാണ് അവിടെ കേട്ടത്. ആദ്ധ്യാത്മികത എല്ലായ്പ്പോഴും മതാതീതം തന്നെയാണ്. ആദ്ധ്യാത്മികതയിലേക്ക് ഉയരുന്നതിനുള്ള ആദ്യപാഠങ്ങള്‍ മാത്രമാണ് മതം അനുശാസിക്കുന്നത്. അതുകൊണ്ടാണല്ലൊ ഹിന്ദുത്വമെന്നത് ഒരു മതമല്ലെന്നും മതാതീതമായ ജീവിതരീതിയാണെന്നും ഉദ്ഘോഷിക്കുന്നത്. പള്ളിയില്‍ പിറന്നു വീഴുന്നത് നല്ല കാര്യമെങ്കിലും പള്ളിയില്‍ തന്നെ മരിക്കുന്നത് അത്ര നല്ലതല്ലെന്ന പഴയ ചൊല്ല് (കേ ശെ ഴീീറ ് യല യീൃി ശി മ രവൗൃരവ യൗേ ിീേ ് റശല വേലൃല) സൂചിപ്പിക്കുന്നത് ആദ്ധ്യാത്മികത മതത്തിന് അതീതമെന്ന് തന്നെയാണ്. പക്ഷെ പലപ്പോഴും സംഘടിത മതങ്ങള്‍ അത് അംഗീകരിക്കാറില്ലെന്ന് മാത്രം. അവ മനുഷ്യനെ മതത്തില്‍ തളച്ചിടുന്നു.
ശാന്തിഗിരിയെ കുറിച്ചും ശ്രീ കരുണാകരഗുരുവിന്റെ കത്തിനെക്കുറിച്ചും ഈ പംക്തിയില്‍ പരാമര്‍ശിക്കാന്‍ പ്രേരിപ്പിച്ചത് കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ‘ശാന്തിഗിരി ഫെസ്റ്റ്’ വാര്‍ത്തകളാണ്. സന്ദര്‍ശകത്തിരക്ക് കാരണം ഈ പരിപാടി കുറെ ദിവസത്തേക്ക് കൂടി നീട്ടുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ കണ്ടത്. പുതിയ പവിലിയനുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതിന്റെ മാത്രമല്ല ‘മരണക്കിണര്‍’ ആരംഭിക്കുന്നതിന്റേയും വരെ വാര്‍ത്താക്കുറിപ്പുകള്‍ കണ്ടു. ഒരുതരം കാര്‍ണിവല്‍ സ്വഭാവമുള്ള പരിപാടിയാണതെന്നാണ് ഒട്ടേറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘ശാന്തിഗിരി ഫെസ്റ്റി’ നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതൊരു വാര്‍ഷിക പരിപാടിയാക്കി മാറ്റാനാണത്രെ ഉദ്ദേശ്യം. കച്ചവടവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ കാര്‍ണിവലുകള്‍ സംഘടിപ്പിക്കുക സ്വാഭാവികം മാത്രം. പണ്ട് യൂറോപ്പില്‍ കാര്‍ണിവലുകള്‍ സംഘടിപ്പിക്കുക സാമൂഹ്യപ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഭരണാധികാരികള്‍ സ്വീകരിച്ചിരുന്ന തന്ത്രമായിരുന്നു. കേരള സര്‍ക്കാര്‍ തന്നെ, കുറെ വര്‍ഷങ്ങളായി, ഇടതുമുന്നണിയുടെ ഭരണമായാലും വലതുമുന്നണിയുടെ ഭരണമായാലും, തുടരെ തുടരെ മേളകള്‍ സംഘടിപ്പിക്കുന്ന ഒരു ‘കാര്‍ണിവല്‍ സര്‍ക്കാരാ’യി മാറിയിട്ടുണ്ടല്ലൊ! സര്‍ക്കാര്‍ മാത്രമല്ല, കേരളീയ സമൂഹവും കാര്‍ണിവല്‍ സംസ്ക്കാരത്തിന്റെ നീരാളിപ്പിടിത്തത്തിലാണിന്ന്. പക്ഷെ ഒരു യോഗിവര്യന്റെ ഉദാത്ത തത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട, അദ്ദേഹത്തിന്റെ മഹാചൈതന്യം പ്രസരിക്കേണ്ട, അത്യുന്നതവും അത്യുദാത്തവുമായ മതാതീത ആദ്ധ്യാത്മികതയിലേക്ക് നയിക്കേണ്ട പരമപവിത്രമായ ശാന്തിഗിരി ഒരു കാര്‍ണിവല്‍ കേന്ദ്രമായി അധഃപതിക്കാന്‍ അനുവദിച്ചു കൂട തന്നെ. ആ ആശയത്തിന്റെ പിന്നിലെ മസ്തിഷ്ക്ക ആരുടേതായാലും.
ഗുരു ചരണം ശരണം.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: