ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റ പൈശാചിക ഹത്യ കേരളത്തിലുടനീളം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ രോഷവും പ്രതിഷേധവും ഉയരാന്‍ കാരണമായി. അത് സ്വാഭാവികമാണുതാനും. മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ കുലംകുത്തിയെന്ന് രണ്ടുമൂന്നു വര്‍ഷം മുമ്പുതന്നെ അധിക്ഷേപിച്ചിരുന്നതിനെ ഒന്നുകൂടി കുലംകുത്തിയെന്നും കുലംകുത്തിതന്നെ എന്ന് ആവര്‍ത്തിച്ചപ്പോള്‍ പ്രതിപക്ഷനേതാവും ഒരു പക്ഷേ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ജനിക്കുന്നതിന് മുമ്പുതന്നെ കമ്മ്യൂസ്റ്റുമായ വി.എസ്. അച്യുതാനന്ദന് ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് പ്രകീര്‍ത്തിക്കുകയുണ്ടായി. ചന്ദ്രശേഖരന് പാര്‍ട്ടിയുടെ ചില നയങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി എങ്കിലും, സ്വന്തം നിലക്ക് പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും, അവരെ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ചു തിരിച്ചുകൊണ്ടുവരേണ്ടതായിരുന്നുവെന്നും വിഎസ് പറഞ്ഞു. പിണറായി വിജയന്റെ അഭിപ്രായം സ്വന്തം അഭിപ്രായമാണെന്നും, പാര്‍ട്ടിയുടേതല്ല എന്നുകൂടി അദ്ദേഹം പറഞ്ഞു. ഈ പ്രശ്നത്തില്‍ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നുകഴിഞ്ഞു. സംസ്ഥാനമൊട്ടാകെ പൊട്ടലുകളും ചീറ്റലുകളും തുടരുകയാണ്. ഒരു ശുദ്ധീകരണം അസാധ്യമാണെന്ന അവസ്ഥ ഉരുത്തിരിഞ്ഞുവരികയാണെന്ന് തോന്നുന്നു. വിഎസ്സിന്റെ അഭിപ്രായം നമുക്ക് മുഖവിലക്കെടുക്കാന്‍ സാധിക്കുമോ? കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതക രാഷ്ട്രീയക്കലിതുള്ളലിനോട് വിഎസിനും ഇതേ മനോഭാവമാണോ ഉണ്ടായിരുന്നത്. സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും പരമ്പരാഗതമായി ഭാരതത്തിന്റെ സംസ്കാരത്തിലുള്ളതാണ്. അതിന് 1950 ല്‍ നാം സ്വീകരിച്ച ഭരണഘടന ഉറപ്പുനല്കുന്നുമുണ്ട്. ഭിന്നാഭിപ്രായത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ആരെയെങ്കിലും ഭ്രഷ്ട് കല്പ്പിച്ചകറ്റുന്നത് ഭാരത്തിന്റെ പാരമ്പര്യമല്ല.
നിരീശ്വരനായ കപിലനെ സിദ്ധമുനിനായകനായി ഗീത പ്രഖ്യാപിച്ചു. ചാര്‍വാകനും മഹര്‍ഷിയാണ്. ശ്രീബുദ്ധനെ മഹാവിഷ്ണുവിന്റെപത്താമത്തെ അവതാരമായാണ് ഗീതഗോവിന്ദം പ്രകീര്‍ത്തിച്ചത്. സെമിറ്റിക് സംസ്കാരങ്ങളും മതങ്ങളുമാണ് ഭിന്നാഭിപ്രായത്തിന് നിലനില്ക്കാന് അവസരം നല്‍കാത്തത്. ഇസ്ലാമും ക്രിസ്തുമതവും മറ്റൊരു സെമിറ്റിക് വിശ്വാസമായ കമ്യൂണിസവും ഭിന്നാഭിപ്രായത്തിന് വധശിക്ഷതന്നെയാണ് വിധിച്ചതും, ഇന്നും വിധിക്കുന്നതും. ലെനിനും സ്റ്റാലിനും മാവോയും എറിക് ഹൊണേക്കറും ചെഷസ്കൂവും കിം ഇല് സുങ്ങും അതേ പാത അവലംബിച്ചവരാണ്. പോള്‍പോട്ട് കമ്പോഡിയയില്‍ അതിന്റെ നടുനായകത്വം വഹിച്ചു.
കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ പ്രത്യേക ഇരയായി കരുതുന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയാണ്. ജന്മി, മുതലാളി, നാടുവാഴി, ബൂര്‍ഷ്വാ കൂട്ടുകെട്ടിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ആ പാര്‍ട്ടി കേരളത്തില്‍ കൊല ചെയ്യാന്‍ തെരഞ്ഞെടുത്ത ആദ്യത്തെ സംഘ ഇര പിന്നോക്കസമുദായക്കാരനും മുറുക്കും വറുത്ത കപ്പയും മറ്റും തയ്യാറാക്കി കടകളില്‍ കൊണ്ടുനടന്ന് വില്‍പ്പന ചെയ്യുന്ന കുടുംബത്തിലെ അംഗവും സ്വന്തമായി തയ്യല്‍ജോലി ചെയ്യുന്നവനുമായ തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണനെയാണ്. അവിടത്തെ മുഖ്യശിക്ഷക്കായിരുന്ന ആ ചെറുപ്പക്കാരന് കോടിയേരി ബാലകൃഷ്ണന്റെയും രാജു മാസ്റ്ററുടെയും മറ്റ് യുവകമ്മ്യൂണിസ്റ്റുകളുടെ വിലക്ക് ലംഘിച്ചതിന് ശിക്ഷയായി, ആയുധമേന്തിയ പ്രകടനം നടത്തി ചെന്ന് രാമകൃഷ്ണനെ വധിക്കുകയായിരുന്നു.
രാമകൃഷ്ണന്റെ കൊലക്കേസില്‍ പിണറായി വിജയനും കോടിയേരിയും മറ്റും പ്രതികളായിരുന്നു. വര്‍ഷങ്ങള്‍ ഇഴഞ്ഞുനീങ്ങിയ കോടതിനടപടികള്‍ക്കൊടുവില്‍ രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞു. നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ദേശീയ നേതാക്കളാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുസ്ലീംലീഗ് കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് 1967 നുശേഷം നിരവധി സജീവ പ്രവര്‍ത്തകര്‍ സലാം പറഞ്ഞു. അവരില്‍ പലരും ജനസംഘത്തിലും സംഘത്തിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. അക്കൂട്ടത്തില്‍ ഒരു പ്രമുഖനായിരുന്ന പൊന്‍കുന്നത്തെ പി.എസ്. ശ്രീധരന്‍നായര്‍ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. 1969 സപ്തംബര്‍ 2 ന് പൊന്‍കുന്നത്തിനടുത്ത് എളങ്കുളത്ത് മാര്‍ക്സിസ്റ്റ് കൊലയാളികള്‍ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കി.
തുടര്‍ന്ന് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ ഉന്മൂലനമാര്ഗം സ്വീകരിച്ചു. ഇതേവരെ മൂന്നൂറിലേറെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. ഒാരോരുത്തര്‍ക്കും അവരവരുടെ വിശ്വാസത്തിനനുസരിച്ചുള്ള സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അവകാശമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പറയുമ്പോള്‍ അത് നടപ്പാക്കാന്‍ അദ്ദേഹം തയ്യാറാണോ എന്ന് പറയേണ്ടതുണ്ട്.
1960 ല്‍ മാധവ്ജി കണ്ണൂരില്‍ പ്രചാരകനായിരിക്കുമ്പോള്‍ മറ്റുള്ളവരുമായി പ്രത്യയശാസ്ത്ര സംവാദം നടത്താന്‍ ശ്രമിച്ചിരുന്നു. സംഘം പിന്തിരിപ്പനും കാലഹരണപ്പെട്ടതും വര്‍ഗീയവുമായ പ്രത്യയശാസ്ത്രവുമായി പ്രവര്‍ത്തിക്കുകയാണെന്ന ധാര്‍ഷ്ട്യവുമായി സംവാദത്തിന് വന്ന് അന്ന് വിദ്യാര്‍ത്ഥിയായിരുന്ന പാട്യം ഗോപാലനും സുഹൃത്തുക്കളും സംവാദം പുരോഗമിച്ചപ്പോള്‍ തങ്ങള്‍ കരുതിയതിനേക്കാള്‍ എത്രയോ ഉയരത്തിലാണ് സംഘത്തിന്റെ ആശയങ്ങളെന്ന് തിരിച്ചറിയുകയും, മാധവ്ജി കമ്മ്യൂണിസത്തിലെ നൂതന പ്രവണതകളെപ്പറ്റി ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ച് വീണ്ടും സംസാരിക്കാമെന്നും പറഞ്ഞ് പിരിയുകയും ചെയ്തു. മാധവ്ജിയുടെ മട്ടും പ്രകൃതവും കണ്ടതുപോലെയല്ല ഏറെ ആഴമുള്ളതാണെന്നവര്ക്ക് മനസിലായി.
അടിയന്തരാവസ്ഥക്കെതിരായ സംഘര്‍ഷത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നേതാക്കളും സ്വീകരിച്ച നപുംസകനയത്തില് മടുത്ത നൂറുകണക്കിന് യുവപ്രവര്‍ത്തകര്‍, പാര്‍ട്ടി വിട്ട് ആ സംഘര്‍ഷത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സംഘപ്രസ്ഥാനങ്ങളിലേക്ക് വന്നുതുടങ്ങി. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ മുഖം നഷ്ടപ്പെട്ട പാര്‍ട്ടി നേതൃത്വത്തിന്പിടിച്ചുനില്ക്കണമെങ്കില് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് തടഞ്ഞേ പറ്റൂ എന്ന് വ്യക്തമായി. അതിന്റെ തുടക്കം പിണറായിയില്‍ത്തന്നെ ആരംഭിച്ചു. അവിടത്തെ പഴയ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്ന പാനുണ്ട ചന്ദ്രന് വിദ്യാര്‍ത്ഥി പരിഷത്തും സംഘവുമായി അടുപ്പത്തിലായി. ചന്ദ്രന്റെ അനേകം സുഹൃത്തുക്കളെയും സംഘത്തില്‍ കൊണ്ടുവന്നു. 1978 സെപ്തംബര്‍ 2 ന് മാര്‍ക്സിസ്റ്റ് ഗുണ്ടകളുടെ ഒരു വന്‍ സംഘം ബോംബുകളും മറ്റുമായി ശാഖ ആക്രമിച്ചു. അവിടെത്തന്നെ ബോധരഹിതനായി വീണ ചന്ദ്രന് മരിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍, വിശേഷിച്ചും തലശ്ശേരി താലൂക്കിന്റെ ഉള്‍ഗ്രാമങ്ങളില്‍ സംഘത്തിലേക്ക് മാറിയ പ്രമുഖരെ തെരഞ്ഞുപിടിച്ച് കൊല്ലാന്‍ മാര്‍ക്സിസ്റ്റ് കൊലയാളി സംഘങ്ങള്‍ ശ്രദ്ധിച്ചു. 1978 സെപ്തംബര്‍ 2 നും 79 ഏപ്രില്‍ 14 നുമിടക്ക് എട്ടുപേരെയും 80 മെയിനും നവംബറിനുമിടക്ക് 13 പേരെയും മാര്‍ക്സിസ്റ്റുകള്‍ കൊലചെയ്തു.
ഈ അവസ്ഥ തുടരാതിരിക്കാന്‍ സംഘനേതൃത്വവും നാട്ടില്‍ സമാധാനം പുലരണമെന്നഭിലഷിച്ച എല്ലാവരും അഭിലഷിച്ചു. ജനതാ ഭരണം നിലനിന്ന കാലമായതിനാല്‍, സമാധാനം നിലനിര്‍ത്താനും അക്രമങ്ങള്‍ അവസാനിപ്പിച്ച് ആശയപരമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കാനുമായി എം.പി. വീരേന്ദ്രകുമാറും കെ.ചന്ദ്രശേഖരനും മറ്റ് ജനതാപാര്‍ട്ടി നേതാക്കന്മാരും ശ്രമിച്ചു. അന്ന് ദല്‍ഹിയിലായിരുന്ന പരമേശ്വര്‍ജിയും ദത്തോപാന്ത് ഠേംഗ്ഡിയും മുന്‍കയ്യെടുത്ത് മാര്‍ക്സിസ്റ്റ് നേതാക്കളായ പി. രാമമൂര്‍ത്തി, ഇഎംഎസ്, ബാലചന്ദ്രമേനോന് തുടങ്ങിയ പലരേയും കണ്ട് ചര്‍ച്ചകള്‍ക്ക് കളമൊരുക്കി. അതിനിടെ ജനതാ ഭരണം അവസാനിച്ചതിനാല്‍ സിപിഎം തങ്ങളുടെ സമീപനം കര്‍ക്കശമാക്കി. ബിജെപി അധ്യക്ഷന്‍ അടല്‍ബിഹാരി വാജ്പേയിയുടെ നിര്‍ദ്ദേശപ്രകാരം ഭായി മഹാവീര്‍, റാംജത്മലാനി എന്നിവര്‍ വസ്തുതാപഠനത്തിനായി കേരളം സന്ദര്‍ശിച്ചു. അവര്‍ നല്കിയ റിപ്പോര്‍ട്ടിലെ ഒരിനമാണ് ഏറ്റവും ആപല്സൂചകമായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനെ അവര്‍ സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹം അക്രമങ്ങളെ ന്യായീകരിക്കുകയും നടപടികളെടുക്കാന്‍ സാധ്യമല്ലെന്ന് തുറന്നുപറയുകയും ചെയ്തു.
പരമേശ്വര്‍ജിയുടെ മുന്‍കൈയില്‍ രാമമൂര്‍ത്തി നടത്തിയ ശ്രമങ്ങള്‍ തകര്‍ന്നത് വി.എസ്. അച്യുതാനന്ദന്റെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. രാഘവന്റെയും കടുംപിടിത്തംമൂലമായിരുന്നു. മഹാവീര്‍ കമ്മറ്റിയുടെ സന്ദര്‍ശനവേളയില്‍ തെളിവ് നല്‍കിയവരെ വാടാനപ്പള്ളിയില്‍ വീടുകയറി മര്‍ദ്ദിച്ച സംഭവവുമുണ്ടായി.
സമാധാനസ്ഥാപനത്തിനായി പ്രൊഫ. എം.പി.മന്മഥന് മുന്‍കയ്യെടുത്ത് ചില ശ്രമങ്ങള്‍ നടത്തി. അവരുമായി സംസാരിക്കാന്‍ പോലും സിപിഎമ്മുകാര്‍ തയ്യാറായില്ല.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി മാര്‍ക്സിസ്റ്റുകള്‍ നടത്തിയ സംഘ ഉന്മൂലന സായുധ നീക്കങ്ങള്‍ കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ കേരളത്തിലുടനീളം പടര്‍ന്നുപിടിച്ചു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരും ആഭ്യന്തരമന്ത്രി ടി.കെ. രാമകൃഷ്ണനും കേരളത്തില്‍നിന്ന് ആര്‍എസ്എസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റൊരു മന്ത്രി എം.കെ. കൃഷ്ണന് ആര്‍എസ്എസ്സുകാരെ പേപ്പട്ടിയെന്നപോലെ തല്ലിക്കൊല്ലണമെന്ന് ആഹ്വാനംചെയ്തു. എം.വി. രാജഗോപാലന്‍ എംഎല്‍എ മൂന്ന് ദിവസം കൊണ്ട് ആര്‍എസ്എസിനെ തന്റെ പാര്‍ട്ടി വകവരുത്തുമെന്നും അതിനായി ആക്ഷന്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. ഈ സ്ക്വാഡുകളാണ് പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളായെന്ന് തോന്നുന്നു. ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാത്തിടത്തോളം അക്രമങ്ങളുമുണ്ടാകുമെന്നായിരുന്നു ഇഎംഎസ് തലശ്ശേരിയില്‍ പ്രഖ്യാപിച്ചത്.
മുന്‍പ് പാര്‍ട്ടിക്കാരായിരുന്ന സി. സദാനന്ദന് മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയതും, പന്നന്ന്യൂര്‍ ചന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നതും, അവര്‍ ടി.പി. ചന്ദ്രശേഖരനെപ്പോലെ ‘കുലംകുത്തി’കളായിരുന്നതുകൊണ്ടാവാം.
ഏറ്റവും നടുക്കമുണ്ടാക്കിയ മൊകേരിയിലെ ജയകൃഷ്ണന്മാസ്റ്ററുടെ കൊല പൈശാചികതയുടെ പരമകാഷ്ഠയായിരുന്നു. അദ്ദേഹത്തിന് കുലംകുത്തിയ ചരിത്രമില്ലായിരുന്നു. സാംസ്കാരിക കേരളം മുഴുവന്‍ അതിനെ അപലപിക്കുകയും നിരവധി എന്‍ജിഒകള്‍ സമാധാനശ്രമങ്ങള്‍ നടത്തിയെങ്കിലും, പാതകത്തില്‍ വിഎസ് അടക്കം ഒരു നേതാവും ഖേദം പ്രകടിപ്പിച്ചില്ല. മാര്‍ക്സിസ്റ്റ് നേതൃത്വത്താല്‍ പിന്നീട് പരിത്യക്തരായ പ്രൊഫ. എം.എന്‍. വിജയനും ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരും അവിടത്തെ കൊലയാളികളെ അനുമോദിക്കുകയും പ്രകീര്‍ത്തിക്കുകയുമാണ് ചെയ്തത്. കുഞ്ഞനന്തന്‍നായരുടെ ആത്മകഥയില്‍ അവര്‍ തനിക്കയച്ച കത്തുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ‘മൊകേരി സഖാ’ക്കളെ വാഴ്ത്തുന്നത്. അവരുടെ കേസ് നടത്താനും സംരക്ഷിക്കാനും പാര്‍ട്ടി കോടികള്‍ പിരിച്ചെടുത്തു. വധശിക്ഷക്ക് വിധിക്കപ്പെട്ട അവരുടെ കയറൂരിയെടുക്കാന് നടത്തിയ അഭ്യാസങ്ങളും അതിനുശേഷം ശിക്ഷ ഇളവ് ചെയ്ത് സ്വതന്ത്രരാക്കാനും വിഎസ് തന്നെയാണ് മുന്‍കയ്യെടുത്തത്. സംഘപരിവാറില്‍പ്പെട്ട മുന്നൂറിലേറെപ്പേരുടെ ചുടുചോര പുരണ്ട കൈകളാണ് വിഎസ് അടക്കമുള്ള മാര്‍ക്സിസ്റ്റ് നേതൃത്വത്തിന്റേത്. പലരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ മൂന്ന് എബിവിപി വിദ്യാര്‍ത്ഥികളെ പമ്പയാറ്റിലെ ചെളിയില്‍ സഖാക്കള്‍ ചവിട്ടിത്താഴ്ത്തിക്കൊന്നപ്പോള് പ്രശ്നം നിയമസഭയിലുന്നയിച്ച എ.കെ. ആന്റണിയോട് മുഖ്യമന്ത്രി നായനാര്‍ ചോദിച്ചത് “അവര്‍ എബിവിപിക്കാരല്ലേ? നിങ്ങള്‍ക്കെന്ത്?”എന്നായിരുന്നല്ലോ. ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തില്‍ വിഎസ് കാണിക്കുന്ന താല്പര്യവും അതു സംബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച സംഘടനാസ്വാതന്ത്ര്യതത്വങ്ങളും, മുപ്പത് കൊല്ലം മുമ്പ് പ്രകാശിപ്പിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ കേരളം അത്രയും കുറച്ചേ കൊലക്കളമാവുമായിരുന്നുള്ളൂ. വിഎസിന്റെ കൈകളും മനസ്സും ഇക്കാര്യത്തില്‍ ശുദ്ധമല്ല.
പി. നാരായനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: