കൊച്ചി: മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുളള സാധ്യത മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ പദ്ധതി തയ്യാറാക്കാന്‍ ജില്ലയുടെ ചുമതലവഹിക്കുന്ന എക്സൈസ് മന്ത്രി കെ.ബാബു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ സാനിട്ടേഷന്‍ സമിതി കോ-ഓര്‍ഡിനേറ്റര്‍ക്കും നിര്‍ദേശം നല്കി. ഇതേക്കുറിച്ചാലോചിക്കാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ഈ മാസം 15-നകം ജില്ലയിലെ 14 ബ്ലോക്കുകളിലും ഇത്തരത്തിലുളള യോഗം ചേര്‍ന്ന് 16 മുതല്‍ കര്‍മപദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. ഇതിനു പുറമെ എല്ലാ വാര്‍ഡുകളിലും യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാല പൂര്‍വ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ ആരോഗ്യ കേരളം 1.74 കോടി രൂപ ഇതിനകം വാര്‍ഡ് സമിതികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ 136 വാര്‍ഡുകള്‍ക്കും 400 മുനിസിപ്പല്‍ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതമാണ് അനുവദിച്ചതെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് വ്യക്തമാക്കി. ഇതിനുപുറമെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍ നിന്ന് 25000 രൂപ വരെ അനുവദിക്കാം. ഇതും പര്യാപ്തമല്ലെങ്കില്‍ 50,000 രൂപ വരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പും ജീവനക്കാരും ഇതിനുളള തയാറെടുപ്പുകള്‍ എടുക്കുന്നതിനോടൊപ്പം പ്രാദേശികമായി സുരക്ഷിത മാലിന്യ പരിപാലനവും, പരിസരശുചിത്വവും കൊതുകിന്റെ ഉറവിടം നശിപ്പിച്ചും, ഓടകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കിയും വീടും പൊതുസ്ഥലവും വൃത്തിയായി പരിപാലിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കാമ്പയിനും പ്രവര്‍ത്തനവും ഏറ്റെടുക്കണം. ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂളുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, എന്‍.സി.സി, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവര്‍ത്തകരെയും ഈ കാമ്പയിന്റെ ഭാഗമാക്കും. ജൂണ്‍ മാസം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രചാരണം ഓരോ വാര്‍ഡിലും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: