കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ മഹാദേവക്ഷേത്രം. ജടായു സങ്കല്പമുള്ള കേരളത്തിലെ ഏക ക്ഷേത്രവും ഇതാണ്. റോഡില്‍ നിന്നും ഉയര്‍ന്നുകാണുന്ന ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ നിന്നുള്ള കാഴ്ചയ്ക്കുമുണ്ട് അസുലഭ സൗകുമാര്യം. വലതുവശത്ത് താഴ്ചയില്‍ കുളം. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ബലിക്കല്ല്. അറ്റത്ത് കത്തുന്ന കെടാവിളക്ക്, മണ്ഡപത്തില്‍ നന്ദിവാഹനം. ശ്രീകോവിലില്‍ പരമശിവന് കിഴക്കോട്ടും പിന്നില്‍ പാര്‍വ്വതി പടിഞ്ഞാറോട്ടും ദര്‍ശനമേകുന്നു. നാലമ്പലത്തിന് പുറത്ത് ഗണപതി. ഇടതുവശത്ത് ഭഗവാന്റെ ആഭരണമായ നാഗം. നാലമ്പലത്തിന് പുറത്ത് കിഴക്കുഭാഗത്തായി ജടായു വിഗ്രഹം.
ജടായുവിന് പ്രത്യേകം ശ്രീകോവിലില്ല. സംരക്ഷണഭിത്തി തീര്‍ത്തിരിക്കുന്നു. ഇടായു കൊണ്ടുവന്ന ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചുവെന്നും പവിത്രമായ ജടായുമംഗലമാണ് ചടയമംഗലമെന്നും ഐതിഹ്യം. ക്ഷേത്രത്തിന് ഒരു കി.മീ. തെക്കുഭാഗത്തായി ജടായു പാറ. പാറയിലെത്താന്‍ വഴിയുണ്ട്. പാറയുടെ മുകളില്‍ വലിയ ശ്രീരാമ വിഗ്രഹം. ഇവിടെ ശ്രീരാമസങ്കല്‍പമുണ്ടെന്ന് പഴമ. ഏതാണ്ട് ഇരുന്നൂറോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പാറ. ദിവ്യമായ ഈ ശിലയ്ക്ക് രണ്ടായിരം അടി ഉയരം വരും.
രാവണന് സീതാദേവിയെയും കൊണ്ട് പുഷ്പക വിമാനത്തില്‍ ലഭ്കയിലേക്ക് പോകുമ്പോള്‍ സീതയുടെ കരച്ചില് കേട്ട് ജടായു ആ വിമാനത്തിന്റെ ഗതിയെ തടഞ്ഞു. ഇതോടെ ജടായുവും രാവണനും തമ്മില്‍ യുദ്ധമായി, പൊരിഞ്ഞ യുദ്ധം. അവരുടെ പോര് നടന്ന സ്ഥലം പോരേടം എന്നറിയപ്പെടുന്നു. പോരേടം ചടയമംഗലത്തിന് തൊട്ടടുത്ത സ്ഥലമാണ്. വെളിപ്പെടുത്തുന്ന ചില അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. പേരിനൊടുവില്‍ ജടായു വീണത് ഈ പാറയിലാണെന്ന് ഐതിഹ്യം. അത് നീലംപതിച്ച സ്ഥലം ഒരു കുളമായി. ഒരു കാലത്തും വറ്റാത്ത കുളം. ജടായുവിന്റെ ശേഷക്രിയകള്‍ നടത്താന്‍ രാമലക്ഷ്മണന്മാര് ഇവിടെ എത്തിയതായും പറയപ്പെടുന്നു. ജടായുവിന്റെ ചുണ്ടുരത്തെ പാടും ശ്രീരാമന്റെ കാല്പാടും പാറയിലുണ്ട്. ഇതെല്ലാം ഇവിടെ എത്തുന്ന ഭക്തരില്‍ ദിവ്യ അനുഭൂതിയും സഞ്ചാരികളില്‍ കൗതുകമുണര്‍ത്തും.
ക്ഷേത്രത്തില്‍ വഴിപാടായി പായസവും വെള്ളയും അര്‍ച്ചനയും ഹോമവും ഉണ്ട്. കുംഭമാസത്തിലെ ശിവരാത്രി ഉത്സവമായി ആഘോഷിക്കുന്നു. കൊടിയേറ്റ് ഉത്സവമല്ല. ശ്രീഭൂതബലിയും കാഴ്ച ശീവേലിയും ഉണ്ട്.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: