മന്ത്രദീക്ഷയെന്നാല് ഈശ്വരസാക്ഷാത്കാരത്തിന് വേണ്ടതായ ആദ്ധ്യാത്മിക സാധനയിലേക്കുള്ള ആദ്യത്തെ കാല്‍വെയ്പ്പാണ്. ഈശ്വരദര്ശനമുണ്ടായിട്ടുള്ള ഒരു ഗുരുവില്‍ നിന്ന് വേണം ഇത് സ്വീകരിക്കാന്‍. ശാരീരികവും മാനസികവും ആയ പരിശുദ്ധി ഉണ്ടാകാനും അതുവഴി ഈശ്വരനെ അറിയാനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ അതുവളരെ ആത്മാര്‍ത്ഥതയോടെ ചെയ്യേണ്ട കര്‍മ്മമാണ്. ഗുരുവില്‍ നിന്നും മന്ത്രം സ്വീകരിച്ചുകഴിഞ്ഞാല്‍ വളരെ ഭക്തിയോടും നിഷ്ഠയോടും മാത്രം മനനം ചെയ്ത് അതിന്റെ അര്‍ത്ഥത്തിന്റെ ആഴത്തിലേക്ക് പോകണം. അങ്ങനെ മനസ്സ് പവിത്രമാകുമ്പോഴേ അത് ഈശ്വരാഭിമുഖമായി സാക്ഷാത്കാരത്തിന് യോഗ്യമാകുന്നുള്ളൂ. അതിന്ന് ഗുരു വാക്യത്തിലുള്ള ശ്രദ്ധയും ഈശ്വരകൃപയിലുള്ള വിശ്വാസവും അത്യന്താപക്ഷിതമാണ്.
ശ്രീരാമകൃഷ്ണ സംഘത്തിലെ അംഗങ്ങള്‍ക്ക് ബ്രഹ്മചര്യദീക്ഷയും സന്ന്യാസദീക്ഷയും ഞാന്‍ നല്‍കാറുണ്ട്. സംഘത്തിന്റെ ആന്തരമായ തത്ത്വം അവരെ പറഞ്ഞുമനസ്സിലാക്കിയിട്ട് ബാഹ്യചിഹ്നങ്ങലായ വേഷവിധാനങ്ങള്‍ നല്‍കും. പിന്നീട് വേണ്ട മന്ത്രോച്ചാരണങ്ങളും ചടങ്ങുകളും യഥാവിധി നടത്താന്‍ വേണ്ടി അവരെ ബ്രഹ്മാനന്ദസ്വാമികളുടെ സമീപത്തേക്കയയ്ക്കും.
ഉപ്പോ മുളകോ, പച്ചക്കറിയോ വാങ്ങാന്‍ കഴിയുന്നത് പോലെ നിശ്ചിതസമയത്ത് കണക്ക് പറഞ്ഞ് വാങ്ങാന്‍ കഴിയുന്ന വസ്തുവല്ല ഈശ്വരന്. സര്‍വചരാചരങ്ങളുടെയും അകമേ ഇരുന്ന് ഭരിക്കുന്ന നിയാമകശക്തിയാണ് ഈശ്വരന്. സദാസമയവും ഈ അറിവോടെ ഈശ്വരനുമായി പാരസ്പര്യത്തില്‍ ഏര്‍പ്പെടാന്‍ കഴിയണം. അതിന് ഒരു വ്യക്തിയെ തയ്യാറാക്കാനുള്ള ഉപായമാണ് ആദ്ധ്യാത്മികസാധന. തന്റെ ഏറ്റവും അടുത്ത ബന്ധുവും സുഹൃത്തും ഈശ്വരനാണ് എന്നറിഞ്ഞ് വ്യാകുലതയോടെ പ്രാര്‍ത്ഥികയും അതല്ലാതെ വേറൊന്നും ആവശ്യമില്ല എന്ന വൈരാഗ്യബുദ്ധി ഉണ്ടായിരിക്കുകയും വേണം. ഒരു ചെറിയ കുട്ടി തന്റെ കളിപ്പാട്ടമൊക്കെ വലിച്ചെറിഞ്ഞ് അമ്മതന്നെ വേണമെന്ന് ശാഠ്യം പിടിച്ച് കരയുമ്പോള്‍ എത്ര തിരക്കുള്ള ജോലിചെയ്യുകയാണെങ്കിലും അമ്മ കുട്ടിയുടെ അടുത്ത് ഓടിയെത്തില്ലേ? അതുപോലെയാണ് ഈശ്വരന്. അദ്ദേഹത്തിന്റെ കൃപയ്ക്കുവേണ്ടി പ്രേമപൂര്‍വ്വം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നാല്‍ അദ്ദേഹത്തിന് അതെങ്ങനെ തിരസ്കരിക്കാനാകും? ശ്വാസം കിട്ടാന്‍ വിഷമിക്കുന്ന ഒരു രോഗി ശ്വാസത്തിന് വേണ്ടി പിടയുന്നതുപോലെ അത്ര തീവ്രമായിരിക്കണം സാധകന് ഈശ്വരനോടുള്ള ആഗ്രഹം. അങ്ങനെയായാല്‍ ഈശ്വരകൃപയും അതുവഴി ഈശ്വരദര്‍ശനവും ഉണ്ടാകും. അത് ഇന്ന ദിവസവും ഇന്ന സമയത്തും സാധിച്ചില്ല എന്ന് നിരാശപ്പെട്ട് സാധന മുടക്കരുത്. നിഷ്ഠയോടെ തുടരുക തന്നെ വേണം.
–അമ്മ ശ്രീ ശാരദാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: