ജീവിതവ്യാപിയായിരിക്കേണ്ട അദ്വൈതാനുഭൂതി ശ്രീനാരായണനില്‍ തെളിഞ്ഞു കാണുന്നതുകൊണ്ടാണ് അദ്ദേഹം പതിതജനസമൂഹങ്ങളുടെ അഭ്യുദയത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിര്‍ത്തതും പൂര്‍ണ്ണാദ്വൈതത്തിന്റെ പ്രകാശത്തില്‍ നിന്നുകൊണ്ട് തന്നെ. അദ്വൈതസിദ്ധാന്തത്തിന്റെ ആചരണത്തില്‍ ഇന്നാട്ടില് വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച് യോഗസംന്യാസത്തിന് അന്തസും ആദരവും വര്‍ധിപ്പിക്കുവാന്‍ ഈ പൂര്‍ണാദ്വൈതാനുഷ്ഠാനംകൊണ്ട് സ്വാമികള്‍ക്ക് സാധിച്ചു. ആദര്‍ശജീവിതത്തില്‍ നാം കൊണ്ടുനടക്കുന്ന കളവ് കുറയ്ക്കുകയായിരുന്നു സ്വാമിജിയുടെ ലക്ഷ്യം.
മതദര്‍ശനങ്ങളിലെ ഏറ്റവു ഉത്കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ് ഏകമതവാദം. ഇതിന് വളരെ പഴക്കമുണ്ട് അതിന്. ‘സമാനമസ്തുവോ മനഃ’ (ഋഗ്വേദം) എന്ന് വൈദികര്‍ഷികള്‍ പാടിയപ്പോള്‍ ‘സമാനാനി സന്തു വോ മതാനി’ എന്നുതന്നെയാണ് അവര്‍ ഉദ്ദേശിച്ചത്. മനസ്സ് ഒന്നാകലും മതം ഒന്നാകലും രണ്ടല്ല. മനസ്സും മതവും ഒരു ധാതുവില്‍ നിന്ന് വരുന്നു എന്ന് ശ്രദ്ധിക്കുക. എല്ലാ മതങ്ങളും സത്യമതങ്ങളാണെന്ന് കാണാനാണ് ബുദ്ധിമുട്ട്. സ്വന്തം മതത്തെ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നത് ശരിയല്ല.
ഇത്തരത്തിലുള്ള മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട് വമ്പിച്ച മതപ്പോരുകള്‍ നടക്കുകയുണ്ടായി. ലോകമെമ്പാടും രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിന് വിദ്രോഹകരമായിത്തീര്‍ന്നു മതകലാപങ്ങള്‍. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ മതസൗഹാര്‍ദ്ദത്തിനുള്ള സംഘടിത യത്നങ്ങള്‍ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദ സ്വാമികളുടെ സാന്നിധ്യംകൊണ്ട് പ്രഖ്യാതമായ ചിക്കാഗോവിലെ പാര്‍ലമെന്റ് ഓഫ് റിലീജിയന്‍സ് ഇത്തരമൊരു ഉദ്യമമായിരുന്നു. 1914 – ല്‍ മതസമാധാനത്തിന് വേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ല്‍ വിശ്വമതപഠനത്തിന് ഒരു സമിതി രൂപവല്‍ക്കൃതമായി. 1839 – ല്‍ ‘വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഫെയിത്ത്സ്’ രൂപംകൊണ്ടു.
ശ്രീനാരായണന്റെ സര്‍വ്വമതസാഹോദര്യപ്രസ്ഥാനം ഇവയില്‍ മിക്കതിനും മുന്‍പാണ് ഉദയം പൂണ്ടത്. വിവേകാനന്ദന്റെയും (ശ്രീരാമകൃഷ്ണമിഷന്) ആനിബസന്റിന്റേയും (തിയോസഫിക്കല്‍ സൊസൈറ്റി) മതസൗഹാര്‍ദ്ദ പരിശ്രമങ്ങള്‍ക്ക് എത്രയോ മുന്‍പാണ് (1888-ല്‍) സ്വാമികള്‍ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനം ആയി സങ്കല്പിച്ചത്. നാരായണഗുരുവിന്റെ വചനങ്ങളോ കര്‍മ്മങ്ങളോ മതൈക്യബോധം സംബന്ധിച്ച പ്രകടമായ ഒരു കടപ്പാട് തെളിയിക്കുന്നില്ല. ഭാരതീയമായതല്ലാതെ. സ്വാമികളുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ പാരമ്പര്യപ്രഫുല്ലിതവും നിസ്സര്‍ഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിര്‍ത്ത് സ്വാമികളിലൂടെ വര്‍ത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോള്‍ മതഭേദത്തെ എതിര്‍ത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകദര്‍ശനം വിരിയുമ്പോള്‍ സ്വാമികള്‍ പ്രസരിപ്പിച്ച ഈ പ്രകാശം അതിന് പ്രചോദനമായിരുന്നുവെന്ന് ചിന്താശാലികള്‍ സമ്മതിക്കേണ്ടിവരും.
ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നു. ഈ സന്ദേശം അദ്ദേഹത്തിന്റെ വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്നങ്ങളിലും പടര്‍ന്ന് കയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദ്വൈതബോധം തന്നെയായിരുന്നു. ‘ആത്മോപദേശശതക’ത്തിലെ മതൈകൃചിന്തയെ മുന്‍നിര്‍ത്തിക്കൊണ്ട് ഇത് സമര്‍ത്ഥിക്കാന്‍ കഴിയും.
– സുകുമാര്‍ അഴീക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: