മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മം (പ്രവര്‍ത്തി) കൊണ്ടും നാം അറിയാതെയോ അറിഞ്ഞോ ചെയ്തുപോയ പാപത്തെ കഴുകികളഞ്ഞ് പശ്ചാത്താപിക്കുന്നതിനും ഇഹപരലോകത്തില്‍ നമ്മുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുമായുള്ള അനുഷ്ഠാനമാണ് വ്രതം. ആദികാലത്ത് പഞ്ചാഗ്നിമദ്ധ്യത്തിലും മറ്റ് കഠിനമായ സാഹചര്യങ്ങളിലും തപസ്സനുഷ്ഠിച്ച് ഈശ്വര സാക്ഷാത്കാരം നേടിയ പുണ്യാത്മാക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്. അതിന്റെ ഒരു ചെറുരൂപമാണ് വ്രതം. മനസ്സിന്റെയും ശരീരത്തിന്റെയും പരിശുദ്ധിക്ക് പുറമെ മോക്ഷം, ആരോഗ്യം, ഈശ്വരാനുഗ്രഹം, ദീര്‍ഘായുസ്സ്, ശ്രേയസ്സ് എന്നിവയും വ്രതാനുഷ്ഠാനം കൊണ്ട് ലഭിക്കുന്നു.
പ്രാതസ്നാനം, ലഘുഭക്ഷണം, സുഖസൗഖ്യങ്ങളെ ഒഴിവാക്കല്‍, ക്ഷമ, സഹനശക്തി, ഈശ്വരധ്യാനം, ജപം, സദ്ചിന്ത എന്നിവ വ്രതാനുഷ്ഠാനത്തിന്റെ അനുവാര്യതകളാണ്. ശമം, ദമം തിതിക്ഷ എന്നീ ചിട്ടകള്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാവുന്നതല്ല. അകമേയുള്ള ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാണ് ശമം. ബാഹ്യ ഇന്ദ്രിയ നിയന്ത്രണമാണ് ദമം. വ്രതാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന കഷ്ടതകളെ സഹിക്കുകയാണ് തിതിക്ഷ. ദീര്‍ഘനേരത്തെ നിദ്ര ഒഴിവാക്കുക.
സാത്വികമായ ആഹാരം അല്പം മാത്രം ഭക്ഷിക്കുക. സത്യസന്ധ്യരായി ജീവിക്കുക. വ്രതദിവസം വീട്ടില്‍ നിന്ന് കഴിവതും പുറത്തിറങ്ങാതിരുന്നാല്‍ നന്ന്. പ്രലോഭിക്കുന്ന കാഴ്ചകളും സമ്മര്‍ദ്ദങ്ങളും ഇതിലൂടെ ഒഴിവാക്കാം. പകലുറക്കം, പുകവലി, മുറുക്ക്, ചീട്ട്കളി, സ്ത്രീസംസര്‍ഗം, മദ്യപാനം, അധര്മ്മകാര്യ വിചാരം എന്നിവ വ്രതം അനുഷ്ഠിക്കുന്നവര്‍ ചെയ്യാന്‍ പാടില്ല. ശിവരാത്രി വ്രതം, ഏകാദശി വ്രതം, ഷഷ്ഠിവ്രതം, പ്രദോക്ഷ വ്രതം എന്നിവയാണ് പ്രധാനപ്പെട്ട വ്രതങ്ങള്‍.വ്രതാനുഷ്ഠാനം കൊണ്ട് നമുക്ക് ആദ്ധ്യാത്മിക നേട്ടങ്ങളും ശാരീരിക നേട്ടങ്ങളും ഉണ്ടാകുന്നു. സദാ ഈശ്വരസ്മരണയിലൂടെ ഈശ്വരാനുഗ്രഹവും മോക്ഷവും ലഭിക്കുന്നു.
നല്ല ചിന്തയിലൂടെ മനസ്സ് മാലിന്യ വിമുക്തമാകുന്നു. വ്രതാനുഷ്ഠനത്തിലൂടെ സത്വഗുണം പ്രകടമാവുന്നു. അവ വ്രതാനുഷ്ഠാന ശേഷവും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ക്രമേണ ഈ സദ്ഗുണങ്ങള്‍ വ്രതാനുഷ്ഠാനത്തിലൂടെ അയാളുടെ സ്വഭാവത്തിന്റെ ഭാഗമായി മാറുന്നു.
ദുശ്ശീലങ്ങളില്‍ നിന്നും താല്‍ക്കാലികമായെങ്കിലും മോചനം ലഭിക്കുന്നു. ആധുനിക കാലത്ത് ഡോക്ടര്‍മാര്‍ പോലും രോഗികളെ വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
വ്രതാനുഷ്ഠാനത്തിന് ശേഷം പഴയ ദുശ്ശീലങ്ങളിലേയ്ക്ക് മടങ്ങിപ്പോകാതിരുന്നാല്‍ ആത്മീയപുരോഗതിക്കും ആരോഗ്യത്തിനും നന്ന്.
വിനു .എസ്.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: