കേരളത്തിലെ ആദ്യകാല സംഘപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് വളരെ ആവേശദായകമായി അനുഭവപ്പെടുന്നു. അവരില്‍ ചിലര്‍ തൊണ്ണുറിന്റെ പടികടന്ന് ഇന്നിംഗ്സ് തുടരുകയാണ്. പലരും ആരോഗ്യപരമായി അവശരുമാണ്. എന്നാലും ഉള്ളിലെ തീപ്പൊരി കെടാതെ സൂക്ഷിക്കുന്നവര്‍ തന്നെയാണ് മിക്കവരും. കഴിഞ്ഞദിവസം പ്രാന്തകാര്യാലയത്തില്‍ പോയപ്പോള്‍ മുതിര്ന്നപ്രചാരകനായ വേണുവേട്ടന് (രാ. വേണുഗോപാല്‍) മൂത്രാശയ സംബന്ധമായ അസുഖംമൂലം അവിടെ വിശ്രമത്തില്‍ കഴിയുന്നുണ്ടായിരുന്നു. പത്തുപതിനഞ്ചു വര്‍ഷത്തിനുശേഷം ഏതാനുംദിവസം ആസ്പത്രിയില്‍ കഴിയേണ്ടിവന്നതിന്റെ മനസ്താപത്തിലാണദ്ദേഹം. അലോപ്പതി മരുന്നുകളില്‍ തൃപ്തിവരാതെ ആയുര്‍വേദവും കൂടി നോക്കുന്നുണ്ട്. സഹകാര്‍ഭാരതിയുടെ പ്രഭാരിയായ വേണുവേട്ടന്, അവരുടെ പ്രവര്‍ത്തനത്തില്‍ സഹായിക്കാനുള്ള ത്വര കണ്ടു. കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിന് പ്രവര്‍ത്തനാനുമതി തടഞ്ഞ കേരള സഹകരണ വകുപ്പിനെതിരെ വിജയകരമായി നടത്തിയ നിയമപ്പോരാട്ടത്തെപ്പറ്റി അദ്ദേഹം വാചാലനായി. തൊണ്ണൂറിലേക്കടുക്കുമ്പോഴും അചഞ്ചലനായി കര്‍ത്തവ്യ പഥത്തില്‍ മുന്നേറാനുള്ള മനോദാര്‍ഢ്യം അദ്ദേഹം കൈവിടാതെയിരിക്കുന്നു.
എട്ടുപത്തുദിവസങ്ങള്ക്കു മുമ്പു അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍കോള്‍ ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു. തൃശിവപേരൂര് പാവറട്ടി റോഡിലുള്ള പറപ്പൂര് എന്ന സ്ഥലത്തുനിന്നാണ് വിളി. പഴയ ഒരുമനയൂര്‍ ശാഖയിലെ ബാലകൃഷ്ണന് നായര്‍ എന്നു പറഞ്ഞപ്പോള്‍ വിസ്മയിച്ചുപോയി. മുമ്പ് ഗുരുവായൂര്‍ സന്ദര്‍ശന വേളയില്‍ പടിഞ്ഞാറെ നടയില്‍ പലചരക്കു കച്ചവടം ചെയ്തിരുന്ന ബാലകൃഷ്ണന് നായരെ കൂടി കാണാതെ ദര്‍ശനം പൂര്‍ത്തിയാകുമായിരുന്നില്ല. സാന്ഡോ ബനിയനും മുണ്ടുമാണ് വേഷം. ഗുരുവായൂരിലെത്തുന്ന സ്വയംസേവകര്‍ക്ക് എന്‍ക്വയറി കൗണ്ടര്പോലെയായിരുന്നു ബാലകൃഷ്ണന് നായര്‍. ഉണ്ണികൃഷ്ണാ പിക്ചര്‍ പാലസ് നടത്തിയിരുന്ന ബാലകൃഷ്ണന് നായരും രാധാബാലകൃഷണനും ജനസംഘത്തിന്റെയും ബി.ജെ.പി.യിലെയും നേതൃത്വനിരയിലെ സജീവ സാന്നിധ്യമായിരുന്നല്ലോ.
എന്നാല്‍ ഒരുമനയൂര്‍ ബാലകൃഷ്ണന് നായര്‍ എന്റെ പ്രചാരക ജീവിതത്തിന്റെ ആദ്യകാലത്തെ വഴികാട്ടികളിലൊരാളാണ്. ഞാന്‍ ഗുരുവായൂര്‍ പ്രചാരകനായി ചെന്നപ്പോള്‍ ആദ്യം താമസിച്ച വീട് ഒരുമനയൂരിലെ എം. ഗോപാലകൃഷ്ണന്റേതായിരുന്നു. ആ മണ്ടേഴത്തു വീടിന്റെ തൊട്ടടുത്ത്, അവരുടെ അടുത്ത ബന്ധുവീടായ കോതാട്ടിലെ ബാലകൃഷ്ണന് നായര്‍ അക്കാലത്ത് പൊന്നാനിയില്‍ പ്രചാരകനായിരുന്നു. പരമേശ്വര്‍ജിയുമൊത്ത് ആ വീട്ടില്‍ പോയി ബാലകൃഷ്ണന് നായരുടെ വീട്ടിലുള്ളവരെ പരിചയപ്പെട്ടു. ഉറ്റബന്ധുക്കളെങ്കിലും ആ രണ്ടു വീട്ടുകാരും നീരസത്തിലായിരുവെന്നു മനസ്സിലായി. പക്ഷേ സംഘത്തോടുള്ള സമീപനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഒട്ടും താല്പര്യക്കുറവുണ്ടായിരുന്നില്ല.
ഗുരുവായൂര്‍ ഭാഗത്ത് സംഘപ്രവര്‍ത്തനം തുടങ്ങിയ കാലത്തുതന്നെ ബാലകൃഷ്ണന് നായര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ആദ്യം അവിടെ വിസ്താരകന്മാരായി ചെന്ന ടി.എന്‍. മാര്‍ത്താണ്ഡവര്‍മയെയും, ഭരതേട്ടനെയും പിന്നീട് കേസരി മാനേജരായിരുന്ന രാഘവേട്ടനെയും നേരിട്ട് പേര്മാത്രമായി സംബോധന ചെയ്യുന്നത് കേള്‍ക്കാനിടയായപ്പോള്‍ ആദ്യം എനിക്കു ചെറിയ ജാള്യത തോന്നിയിരുന്നു. ശങ്കര്‍ ശാസ്ത്രിജി മലബാര്‍ പ്രചാരകനായിരുന്നപ്പോഴത്തെ കണ്ടെത്തലുകളായിരുന്നു ഗുരുവായൂര്‍ ഭാഗത്തെ മുതിര്‍ന്ന സ്വയംസേവകര്‍. 1948ലെ സംഘസത്യഗ്രഹത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു ബാലകൃഷ്ണന് നായര്‍. വി.വേലു എന്ന മുതിര്‍ന്ന സ്വയം സേവകനും സത്യഗ്രഹത്തിലുണ്ടായിരുന്നു. ഇരുവരും അതുകഴിഞ്ഞ് നാഗ്പൂരില്‍ നടന്ന സംഘ ശിക്ഷാവര്‍ഗില്‍ പരിശീലനം തേടി. പുജനീയ ഗുരുജിയുടെ അച്ഛന് സംഘസ്ഥാനത്തില് വന്ന് ധ്വജപ്രണാം ചെയ്ത് സര്‍സംഘചാലകനായ മകന് പ്രണാമം നല്കുന്നതു കാണാന്‍ അവസരമുണ്ടായി എന്നു വേലുവേട്ടന് പറഞ്ഞത് വളരെ കൗതുകമുണ്ടാക്കി.
ഞാന്‍ ഗുരുവായൂര്‍ വന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണന് നായര്‍ പൊന്നാനിയില്‍ നിന്നു തിരിച്ചെത്തി ഗൃഹഭരണമേറ്റെടുത്തു. ഒരു മനയൂരിലെ മറ്റു മുതിര്‍ന്ന സ്വയംസേവകര്‍ അദ്ദേഹത്തിന്റെ വരവിനെതുടര്‍ന്ന് സജീവമായി. അവരൊക്കെ കുടുംബസ്ഥരായി തിരിഞ്ഞു. പുഴക്കല്‍ ഉണ്ണി എന്ന ജനാര്ദ്ദനന് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ താമസമാക്കി. അവിടെ മരാമത്തുവകുപ്പില്‍ കണ്‍ട്രാക്ടറായിരുന്നു. അദ്ദേഹത്തിന്റെ പത്നിയും വളരെ താല്പര്യത്തോടെ സംഘപ്രവര്‍ത്തനത്തില്‍ സഹകരിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ച പ്രധാന പ്രവര്‍ത്തകര്‍ക്ക് അവര്‍ അഭയം നല്കി. അതിനുശേഷം ജന്മഭൂമി തുടങ്ങുന്നതിനായുള്ള പ്രവര്‍ത്തനത്തിലും ഉണ്ണി നന്നായി സഹകരിച്ചു. പണത്തിന് എപ്പോള്‍ ആവശ്യം വന്നാലും ചെല്ലാന്‍ അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഞാങ്ങാട്ടിരി വിട്ടു ഒരു മനയൂരില്‍ താമസമാക്കി. എപ്പോള്‍ ഗുരുവായൂരില്‍ പോയാലും അദ്ദേഹം കാണാനെത്തുകയും ഉള്ളുതുറക്കുകയും ചെയ്യുമായിരുന്നു. നിരാശ നിഴലിക്കുന്നതും രോഷം തുളുമ്പുന്നതുമായ ചില കത്തുകള്‍ വായിച്ചപ്പോള്‍ വളരെ പ്രയാസമായി. അവ കുറേനാള്‍ മുമ്പ് നശിപ്പിച്ചു കളഞ്ഞു. സന്യാസിയെപ്പോലെ ദീക്ഷ നീട്ടി നടന്നിരുന്ന അദ്ദേഹം ഇന്നില്ല.
ഗോപാലകൃഷണനെ ആറേഴുവര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുവായൂര്‍ ശ്രീകൃഷ്ണാ ഹൈസ്കൂളില്‍ നടന്ന പ്രൗഢസംഗമത്തില്‍ കണ്ടു. അവിടെ പ്രചാരകനായിരുന്നപ്പോള്‍ ഏറ്റവും അടുത്ത വ്യക്തി അദ്ദേഹമായിരുന്നു. സ്വന്തം അനുജനെപ്പോലെയാണ് പെരുമാറിയത്. അദ്ദേഹം മലപ്പുറത്തുനിന്നാണ് വിവാഹം കഴിച്ചത്. ഒരിക്കല്‍ മലപ്പുറത്തുവെച്ചു കണ്ടിരുന്നു. യാദൃശ്ചികമായ ആ കൂടികാഴ്ചയില്‍ വീട്ടില്‍പോകാന്‍ കഴിഞ്ഞില്ല. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ഗുരുവായൂരില്‍ കണ്ടപ്പോഴും വീട്ടിലേക്കു ക്ഷണിച്ചു. അടുത്തവരവില്‍ എന്ന് മാറ്റിവെച്ചു. എന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആ അടുത്ത വരവുണ്ടായില്ല.
ഒരുമനയൂരിലെ മറ്റൊരു സ്വയംസേവകന് എം.എം.കൃഷ്ണന് കുട്ടി നര്‍മബോധം തുളുമ്പുന്ന ആളാണ്. ഏതോ അവസരത്തില്‍ എം.എ.കൃഷ്ണന്‍കുട്ടി എം.എ.മേക്കോം എന്നു പരിചയപ്പെടുത്തിയത് വളരെ രസികത്തത്തോടെ അദ്ദേഹവും മറ്റുള്ളവരും ആസ്വാദിച്ചു. ഗുരുവായൂര്‍ പടിഞ്ഞാറെ നടയ്ക്കല്‍ ചെറിയൊരു കട അദ്ദേഹത്തിനുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്രദര്‍ശനത്തിനുശേഷം അവിടെപ്പോയപ്പോള്‍ മകനാണുണ്ടായിരുന്നത്. അച്ഛന് അസുഖമായതിനാല്‍ കടയില്‍ വരാറില്ല എന്നറിഞ്ഞു.
ബാലകൃഷ്ണന് നായരുടെ ഫോണ്‍ വന്നപ്പോള്‍ പഴയ അഞ്ചര പതിറ്റാണ്ടു മുമ്പത്തെ കാര്യങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞു വന്നു. പറപ്പൂര്‍ക്ക് ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് എനിക്കു തൊണ്ണൂറു കഴിഞ്ഞിരിക്കുകയാണെന്നദ്ദേഹം പറഞ്ഞത്. തനിക്കിനി യാത്രചെയ്യാന്‍ പ്രയാസമാണെന്നു പറഞ്ഞു. തൊണ്ണൂറുകഴിഞ്ഞ മറ്റൊരു സംഘാധികാരിയെ കാണാന്‍ ഡിസംബറില്‍ കൊല്ലത്തുപോയിരുന്നു. തിരുവനന്തപുരം വിഭാഗ് സംഘചാലക് നാരായണന് സാറിനെ.
കേരളത്തില്‍ സംഘപ്രവര്ത്തനമാരംഭിച്ച് 70 വര്‍ഷങ്ങള്‍ പിന്നിട്ടു. ആദ്യകാല സ്വയംസേവകര്‍ക്ക് ഓര്‍ക്കാന്‍ ഒട്ടേറെയുണ്ടാകും; ചാരിതാര്ഥ്യമടയാനും. പഴയ തലമുറ പുതിയ തലമുറയ്ക്കു വഴിമാറിയ കാലമാണിത്. എല്ലാ തലത്തിലും പുതിയ നേതൃത്വം നിലവില്‍ വന്നുകഴിഞ്ഞു.
“ഇലയൊന്നടരുന്നേരം വിടരും
മറ്റൊന്നതിനെ പിന്തുടരാന്
അതിനാല്‍ വന്മരമെന്നും വിലസു.
തളരും പാത്ഥനു തണലേകാന്‍
കടമയുടെ കാഹളമിതുതാന്നേ
കര്‍മയോഗിതന്‍ കാതുകളില്‍…”
എന്ന പഴയ ഒരു ഗണഗീതമാണ് ആ ഫോണ്‍കാള്‍ കഴിഞ്ഞപ്പോള്‍ ഓര്‍മയില്‍ വന്നത്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: