തൃപ്പൂണിത്തുറ: പിഎസ്സി പ്രസിദ്ധീകരിച്ച എല്‍ഡിസി റാങ്ക്ലിസ്റ്റില് എന്‍ജിഒ സംഘ് മത്സരപരീക്ഷാ സൗജന്യ പഠനകേന്ദ്രത്തില്‍നിന്നും പരിശീലനം ലഭിച്ച നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടതിന്റെ ആത്മനിര്‍വൃതിയിലാണ് പഠനകേന്ദ്രത്തിന്റെ സംഘാടകസമിതി. എന്‍ജിഒ സംഘത്തിന്റെയും ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2009 ല്‍ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് ആരംഭിച്ച എന്‍ജിഒ സംഘ് സൗജന്യ മത്സരപരീക്ഷാ കേന്ദ്രത്തിലെ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് 200 ഓളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന എല്‍ഡിസി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിരിക്കുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി പഠനകേന്ദ്രം നല്‍കിവന്ന സൗജന്യസേവനം ഫലപ്രദമാക്കി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവരെയും പ്രശസ്ത വിജയം കൈവരിച്ചവരെയും 22 ന് വൈകിട്ട് 5 ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ബാലാശ്രമം ഹാളില്‍ അനുമോദിക്കും.
എറണാകുളം ജില്ലയിലെ എല്‍ഡിസി റാങ്ക്ലിസ്റ്റില് ഒന്നാം റാങ്ക് കരസ്ഥമാക്കിയ രതീഷ്, രണ്ടാം റാങ്ക് നേടിയ നീതു എന്നിവരെ പഠനകേന്ദ്രം അനുമോദിക്കും. പരിശീലനത്തില്‍ ഗണിതശാസ്ത്ര വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശനം നനല്‍കി വന്ന പരിശീലകന് കൂടിയായിരുന്നു രതീഷ്. വിവാഹത്തിന് മുമ്പ് എഴുതിയ പരീക്ഷയില്‍ ഫലംപ്രസിദ്ധീകരിച്ചപ്പോള് ജില്ലയിലെതന്നെ ഉയര്‍ന്നമാര്‍ക്കായ 80 കരസ്ഥമാക്കാന്‍ ജീവിതപങ്കാളിയെകൂടി കിട്ടിയതിന്റെ സന്തോഷത്തിലാണ് രതീഷും നീതുവും. പ്രായം മാനദണ്ഡമാക്കിയപ്പോള്‍ റാങ്ക്ലിസ്റ്റില് യഥാക്രമം ഒന്ന്, രണ്ട് റാങ്കുകളില്‍ ദമ്പതികള്‍ ഉള്‍പ്പെട്ടു.
പഠനകേന്ദ്രം നടത്തിവന്ന പ്രതിവാര ക്ലാസുകളില്‍ തുടര്‍ച്ചയായി പങ്കെടുത്തുവന്ന അനിത. എസ് 16-ാം റാങ്കും രാജേശ്വരി എം.സി 67-ാം റാങ്കും നേടി. ആദ്യ നൂറ് റാങ്കിനുള്ളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുറമെ വിവിധ റാങ്കുകളില്‍ പഠനകേന്ദ്രത്തിലെ നിരവധി ഉദ്യോഗാര്‍ത്ഥികളും സ്ഥാനം പിടിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷം തുടര്‍ച്ചയായി നടന്ന പ്രതിവാര ക്ലാസുകളില്‍ നിന്ന് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെ വിവിധ തസ്തികകളില്‍ നിയമനം ലഭിച്ചവരുണ്ട്. നാല്പതോളം ഉദ്യോഗാര്‍ത്ഥികളാണ് പരിശീലനം നേടിയത്. ഇതില്‍ 12 പേര് എല്ഡിസിയിലും മറ്റ് റാങ്ക്ലിസ്റ്റുകളിലും ഇടം നേടുവാനായി.
ബാലഗോകുലത്തിന്റെ സഹകരണത്തില്‍ എന്‍എസ്എസ് ഹാള്‍, ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പരിശീലനം. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപാലകൃഷ്ണന്, ബാലഗോകുലം താലൂക്ക്, ജില്ലാ ഭാരവാഹികളായ ബി. വിദ്യാസാഗരന്, മനോജ് കൃഷ്ണന്, കെ.ജി. ശ്രീകുമാര്‍, തപസ്യ തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി സി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
എല്‍ഡിസി പരീക്ഷ നടന്ന 2011 മെയ് 28 ന് എംജി സര്‍വകലാശാലാ പരീക്ഷകള്‍ നിശ്ചയിച്ച വേളയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അവ മാറ്റുവാനും എന്‍ജിഒ സംഘ് സൗജന്യ പഠനകേന്ദ്രത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: