തിരുവനന്തപുരം: ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഏതു സമുദായത്തില്‍ പെട്ടയാളാണെന്ന് നോക്കിയല്ല ജനങ്ങള്‍ മന്ത്രിയെ വിലയിരുത്തുന്നത്. അവര്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മന്ത്രിയായപ്പോള്‍ അണികള്‍ നടത്തിയ പ്രകടനങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ അണികള്‍ അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. മുസ്ലീംലീഗിന് മന്ത്രി ആര്യാടനുമായി യാതൊരു പ്രശ്നവുമില്ലെന്നും അലി പറഞ്ഞു.
മാലിന്യ സംസ്കരണ പ്രശ്നത്തില്‍ ജനങ്ങളുമായി ഒരു യുദ്ധത്തിന് സര്‍ക്കാരില്ല. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തി പ്രശ്നം പരിഹരിക്കുക എന്നതല്ല സര്‍ക്കാരിന്റെ നയമെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.
മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇതിന് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം. നഗരങ്ങളിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഗ്രാമങ്ങളില്‍ കൊണ്ടുപോയി തള്ളുകയെന്നത് ശരിയായ രീതിയല്ല.
ഇപ്പോള്‍ നല്ലൊരു സ്ഥലം ലഭിച്ചാല്‍ അവിടെ യാര്‍ഡ് ഉണ്ടാക്കി മാലിന്യങ്ങള്‍ കൊണ്ടുപോയി കുന്നുകൂട്ടുന്ന രീതിയാണുള്ളത്. ഇത് മാറണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: