കോഴിക്കോട്: ഐക്യജനാധിപത്യമുന്നണി (യുഡിഎഫ്) ഐക്യജാതിയാധിപത്യമുന്നണിയായി തരം താഴ്ന്നിരിക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര മുന്നില്‍ കണ്ടുള്ള രാഷ്ട്രീയക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ചാം മന്ത്രിയെ കിട്ടിയതുകൊണ്ട് ലീഗ് ഒന്നും നേടിയിട്ടില്ലെന്നും ഒരു വീടും ഒരു കാറും മാത്രമാണ് ലീഗിന്റെ നേട്ടമെന്നും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ വഹാബ് എന്നിവര്‍ പറഞ്ഞു.
സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന വിവാദമുണ്ടാക്കിയും ജാതി തിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും വിലപേശലുകള്‍ക്കും അവസരമൊരുക്കിയും യുഡിഎഫ് കേരളത്തെ അപമാനിച്ചിരിക്കുകയാണ്. മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിന് പകരമാണ് ആഭ്യന്തരവകുപ്പിന്റെ കൈമാറ്റംമെന്നുവരുത്തി അപകടകരമായ ഒരു കീഴ്വഴക്കത്തിന് തുടക്കമിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക പ്രബുദ്ധതയുടെ തിളക്കത്തെ ഒറ്റയടിക്ക് കെടുത്തികളഞ്ഞിരിക്കയാണ് ഇത് വഴി യുഡിഎഫ് ചെയ്തിരിക്കുന്നത്. സാമുദായിക കക്ഷികളെ കരുവാക്കി കോണ്‍ഗ്രസ് നടത്തുന്ന ഗ്രൂപ്പ് കളിക്ക് കേരളം ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടിവരും. ഇരുവരും പറഞ്ഞു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ട് പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘമെന്ന പേരില്‍ ചിലരെ പ്രത്യേകം തിരഞ്ഞെടുത്ത് ഹജ്ജിന് കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ ഐഎന്‍എല്‍ സ്വാഗതം ചെയ്യുന്നു. അനാവശ്യ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഇത്തരം ധൂര്‍ത്തുകള്‍ ഹജ്ജിനേപ്പോലുള്ള ഒരു ആരാധനാകര്‍മ്മത്തിന് ഭൂഷണമല്ലെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: