കോട്ടയം : ഒഴിവു വരുന്ന രാജ്യസഭാസീറ്റ് ആര്‍ക്കു നല്കണമെന്നതു സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സില്‍ രൂക്ഷമായ തര്‍ക്കം. രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ അഭിപ്രായ സമന്വയം ഉണ്ടാകാതിരിക്കുമ്പോഴാണ് സീറ്റിനായി കേരളാ കോണ്‍ഗ്രസ്സിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ്സുകളുടെ ലയനത്തിന് മുമ്പുതന്നെ ദല്‍ഹി ചര്‍ച്ചകളില്‍ ഒഴിവുവരുന്ന രാജ്യസഭാസീറ്റുകളില്‍ ഒന്ന് കേരളാ കോണ്‍ഗ്രസ്സിന് തിരികെ നല്‍കാമെന്ന് ധാരണയായിരുന്നതായാണ് കേരളാ കോണ്‍ഗ്രസ്സിന്റെ അവകാശവാദം. ഇതനുസരിച്ച് സീറ്റ് ലഭിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാമിനെ എം.പിയായി നോമിനേറ്റ് ചെയ്യാനാണ് പാര്‍ട്ടിയിലെ മാണി വിഭാഗത്തിന്റെ നീക്കം. എന്നാല്‍ പാര്‍ട്ടിയ്ക്ക് രാജ്യസഭാ സീറ്റ് ലഭിക്കുകയാണെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ എംപിയാക്കണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതാണ് പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. എന്നാല്‍ മൂന്നുതവണ എം.പിയായ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വീണ്ടും എം.പി സ്ഥാനം നല്‍കാനാവില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നറിയുന്നു. ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നില്ക്കുമ്പോള് ജോയി ഏബ്രഹാമിന് കെ.എം മാണിയുടെയും ഫ്രാന്‍സിസ് ജോര്‍ജ്ജിന് പി.ജെ. ജോസഫിന്റെയും പരസ്യപിന്തുണയുണ്ട്. പി.സി. ജോര്‍ജ്ജ് ജോയി ഏബ്രഹാമിനെ പിന്തുണയ്ക്കുകയാണ്. ഇതോടെ മെയ് 4 ന് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സ്റ്റിയറിംഗ് കമ്മറ്റിയോഗം നിര്‍ണ്ണായകമാകും.
കേരളാ കോണ്‍ഗ്രസ്സില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത രാജ്യസഭാ സീറ്റ് തിരികെ നല്‍കണമെന്ന ആവശ്യം നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്നത്തില്‍ ലീഗുമായി കൈകോര്‍ത്ത് ന്യൂനപക്ഷ കൂറുമുന്നണിപോലെ കേരളാ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിച്ചതാണ് കോണ്‍ഗ്രസ്സിന്റെ അതൃപ്തിക്ക് കാരണം ലീഗിന്റെ ദുശാഠ്യത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണകൂടിയുണ്ടായിരുന്നെന്നാണ് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കരുതെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിനുള്ളത്.
കോണ്‍ഗ്രസ്സിലെ പ്രമുഖര്‍ക്കായി വിട്ടു നല്കിയ സീറ്റ് തിരികെ നല്‍കണമെന്ന ആവശ്യം ന്യായമാണെന്നും വീട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നുമാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. മാണി ഗ്രൂപ്പിലെ ജോയി നടക്കരയായിരുന്നു കേരളാ കോണ്‍ഗ്രസ്സില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എം.പി. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ഉടന്‍ ഒഴിവുകള്‍ വരുന്നത്. അതിലൊന്ന് എല്‍ഡിഎഫിനും, രണ്ടെണ്ണും യുഡിഎഫിനും ലഭിച്ചേക്കും. യുഡിഎഫിന് ലഭിക്കുന്ന സീറ്റുകളില്‍ ഒരെണ്ണത്തിനായാണ് കേരളാ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരു മുറുകിയിരിക്കുന്നത്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: