പ്രിയപ്പെട്ട വസ്തുക്കള്‍ നാം അലമാരയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ചില്ലുജാലകത്തിലൂടെ നോക്കിയാല്‍ ആ കൗതുക വസ്തുക്കള്‍ കാണാം. പൈതൃകത്തിന്റെ മഹിമ വിളിച്ചോതുന്ന വിഗ്രഹങ്ങള്‍. പൊടിതട്ടുമ്പോള് എല്ലാം വ്യക്തമാകുന്നു. വിഷുപ്പുലരിയില്‍ മനസ്സ് ഏതാണ്ട് ഇപ്രകാരമാകുന്നു. ഗതകാല സ്മരണകള്‍ വേദനയുണ്ടാക്കുന്നുണ്ട്. അതേസമയും നന്മയുടെ മുത്തുകളും കാണുന്നു. ഭാരതപ്പുഴയുടെ തീരത്ത് ഈ പട്ടാമ്പിയിലെ കിഴായൂര്‍ ഗ്രാമത്തിലാണ് ഞാന്‍ ബാല്യം കഴിച്ചുകൂട്ടിയത്. വിഷുവിന് അക്കാലത്ത് പൊലിമ കൂടുതലായിരുന്നു. ബാല്യം എല്ലാറ്റിനേയും സ്വീകരിക്കുന്നതുകൊണ്ട് അങ്ങിനെ തോന്നിയതാവാം. എങ്കിലും വിഷുദിനങ്ങള്‍ നമുക്ക് വലിയ ഗുണപാഠങ്ങള്‍ തരുന്നുണ്ട്.
സൂര്യനാണ് നമുക്ക് ബുദ്ധി പ്രദാനം ചെയ്യുന്നത്. ഭാരതീയമായ എല്ലാ കൃതികളിലും സൂര്യന് നായകനാണ്. മനുഷ്യനെ നിയന്ത്രിക്കുന്നത് അവന്റെ ബുദ്ധിയാണ്. ചന്ദ്രനും മനസ്സും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്ന വിവരം നമുക്കറിയാം. സൂര്യതേജസ്സ് താമര വിരിയാന്‍ സഹായകരമായിവരുന്നു. അതുകൊണ്ടാണ് കമലദളം ആരാധ്യമായത്. മനസ്സില്‍ സാത്വികമായ താമരകള്‍ വിരിയിച്ചെടുക്കണം. വിഷുനാളുകളിലെ ചടങ്ങുകള്‍ക്കെല്ലാം പ്രതീകാത്മകമായ അര്‍ത്ഥധ്വനിയുണ്ട്.
“കണിത്തീ” എന്നുപറഞ്ഞാല്‍ ചപ്പുംചവറും ഒരിടത്ത് കൂട്ടിയിട്ട് തീകത്തിക്കുക എന്നതു മാത്രമല്ല. അത് ദുര്‍വികാരങ്ങളെ അഗ്നിക്കിരയാക്കുന്ന ചടങ്ങാണ്. കാമക്രോധമോഹ മദമാത്സര്യാദികളെ ഇല്ലായ്മ ചെയ്ത് നന്മയിലേക്ക് മുഖം തിരിക്കുക. നമുക്ക് ഇനി എന്തെല്ലാം പരിവര്‍ത്തനങ്ങള്‍ അവനവനില്‍ ഉണ്ടാക്കാം എന്ന ചിന്തയാണ് ഉരുത്തിരിഞ്ഞുവരേണ്ടത്. ലോകം നന്നായശേഷം ഞാന്‍ ന്നായിക്കൊള്ളാം എന്ന വിചാരം ശരിയല്ല. അവനവനില്‍ നിന്നു തുടങ്ങാനുള്ള ആദ്യ ഗുണപാഠമാണ് കണിത്തീയില്‍ ഉള്ളത്.
എത്രയോ വര്‍ഷങ്ങളായി നാം വെള്ളരിക്ക കണിവെക്കുന്നു. ഇതിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് അധികമാളുകള്‍ ചിന്തിക്കാറില്ല. മൂത്തു പഴുത്തുകഴിഞ്ഞാല്‍ വെള്ളരിക്ക അതിന്റെ വള്ളിയില്‍ നിന്ന് താനെ വേര്‍പെടും. കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചശേഷം ആ രംഗത്തുനിന്നും പിന്മാറണം. വാനപ്രസ്ഥാശ്രമത്തേയും സന്യാസത്തേയും സൂചിപ്പിക്കുകയാണ് കണിവെള്ളരി. ഭംഗിയായി ചുമതലകള്‍ നിറവേറ്റുക. തുടര്‍ന്ന് തത്വചിന്താപരമായ ഉള്‍ക്കാഴ്ചയോടെ പുതിയ മാനസികമണ്ഡലത്തിലേക്ക് നീങ്ങുക.
നന്മയുടെ മഹത്വത്തെക്കുറിച്ച് വിഷുദിനങ്ങളില്‍ ചിന്തിക്കേണ്ടതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ആര്‍ക്കൊക്കെയാണ് നോബല്‍ സമ്മാനം കിട്ടിയത്? ആരൊക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാര്? ലോകസുന്ദരിമാര്‍ ആരൊക്കെയാണ്? വലിയപുരസ്കാരങ്ങള്‍ നേടിയത് ആരെല്ലാം? ഇതൊക്കെ ഓര്‍മ്മിച്ചുവെക്കുന്നത് പരീക്ഷയെഴുതാനായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ്. പരീക്ഷയെഴുതിക്കഴിഞ്ഞാല്‍ അവരത് മറക്കുന്നു. സ്നേഹിക്കുന്നവരെ മാത്രം നാം ഓര്‍മ്മിക്കുന്നു. അവരെ ഹൃദയത്തില്‍ ആലേഖനം ചെയ്യുന്നു. അതിനാല്‍ സ്നേഹിച്ചുകൊണ്ടേയിരിക്കുക എന്ന ആഹ്വാനം ഋഷിമാര്‍ നമുക്ക് തരുന്നു.
ഓണവും വിഷുവുമെല്ലാം നമുക്കിന്ന് ആഘോഷങ്ങളാണ്. ഏതു വസ്തുവും കൂടുതലായി ഉപയോഗിക്കുക എന്നതല്ല ആഘോഷത്തിന്റെ അര്‍ത്ഥം. മനസ്സിനെ നൈസര്‍ഗ്ഗികഭാവത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ആഘോഷംകൊണ്ട് ഉദ്ദേശിക്കുന്നത്. വിഷു പുലരിയില്‍ നമുക്ക് യഥാര്‍ത്ഥ സന്തോഷം ഉണ്ടാകണം. കണിക്കൊന്നകള്‍ നമ്മെ വരവേല്‍ക്കുന്നു. കോഴിക്കോട്ട് മാങ്കാവില്‍ ഞാന്‍ താമസിക്കുന്ന വീട്ടുമുറ്റത്തെ കണിക്കൊന്ന ഭംഗിയായി പൂത്തുനില്ക്കുന്നു. വിഷുവിന്റെ വരവ് ആരായിരിക്കും കണിക്കൊന്നയോട് പറഞ്ഞത്. ആ പ്രപഞ്ച ശക്തിയെയാണ് നാം നമസ്കരിക്കേണ്ടത്.
സന്തോഷം മൂന്നു തരത്തിലുണ്ട്. ഇതില്‍ അധമമെന്ന് വിശേഷിപ്പിക്കാവുന്നത് താമസിക സുഖങ്ങളാണ്. സുഖമെന്നു ധരിച്ച് ദു:ഖത്തോടെ കഴിയുന്ന അവസ്ഥയാണിത്. ഒട്ടകം മുള്‍ച്ചെടി തിന്നുന്നതുപോലെ എന്നാണ് പരമഹംസര്‍ ഇതിനെ വിശേഷിപ്പിച്ചത്. കൗരവരുടെ ജീവിതം അത്തരത്തിലായിരുന്നു. ഭൗതികസാഹചര്യങ്ങള്‍ അസൂയ ജനിപ്പിക്കുമെങ്കിലും അത് ശാശ്വതസുഖം തരുന്നില്ല.
രാജസിക സുഖമാണ് രണ്ടാമത്തേത്. തുടക്കത്തില്‍ അത് സുഖമായി തോന്നുമെങ്കിലും ദു:ഖത്തിലാണ് ഈ സുഖങ്ങള്‍ അവസാനിക്കുക. ലഹരിവസ്തുക്കള്‍ ഇതിന് ഉദാഹരണമാണ്. പാഞ്ചാലിയുടെ പരിഹാസച്ചിരി ഇപ്രകാരമായിരുന്നു. ആ ചിരിയാണ് മഹാഭാരതയുദ്ധത്തില്‍ ചെന്നവസാനിച്ചത് എന്നോര്‍ക്കുക.
സാത്വിക സന്തോഷങ്ങള്‍ തുടക്കത്തില്‍ ദു:ഖമായി അനുഭവപ്പെടാം. ക്ഷോഭനിയന്ത്രണം തുടക്കത്തില്‍ ക്ലേശകരമെങ്കിലും പിന്നീട് ഗുണമുണ്ടാക്കും. യോഗാഭ്യാസം, ശാസ്ത്രീയസംഗീത പഠനം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
മലയാളിയുടെ ഇന്നത്തെ വിഷുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാവര്ക്കും ധാരാളം പരാതികള്‍ പറയാനുണ്ടാകും. ഇതിന്റെ കാരണക്കാര്‍ നാം തന്നെയാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥ ശരിയായി നില്ക്കുന്ന അവസരത്തിലാണ് നാം യഥാര്‍ത്ഥ സന്തോഷത്തെ തിരിച്ചറിയേണ്ടത്. അപ്പോള്‍ പൊട്ടിക്കുന്ന പടക്കത്തിന്റെ മാലിന്യങ്ങളെ ഭൂമീദേവി ഏറ്റെടുക്കും. ഇന്ന് മാലിന്യകൂമ്പാരങ്ങള്‍ക്കു മുകളില്‍ പടക്കം പൊട്ടുമ്പോള്‍ പ്രകൃതിയിലെ മാലിന്യം വര്‍ദ്ധിക്കുന്നു. നല്ല സൂര്യോദയങ്ങള്‍ക്കായി നമുക്ക് സങ്കല്പ്പിക്കാം. സങ്കല്‍പ്പമാണ് യാഥാര്‍ത്ഥ്യമായിത്തീരുന്നത്. വിഷുനാളില്‍ ഓരോ ആചാര്യനും നമ്മുടെ കാതില്‍ മന്ത്രിക്കുന്നത് ഇങ്ങിനെയാണ്. അവനവനെ തിരിച്ചറിയുക.
പി.ആര്. നാഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: