കോഴിക്കോട്: അഞ്ചാംമന്ത്രി വിഷയത്തില്‍ മുസ്ലീംലീഗിനെതിരെ വീണ്ടും കെ.മുരളീധരന് എം.എല്‍.എ. മുസ്ലീംലീഗ് മലര്‍ന്നുകിടന്ന് തുപ്പരുതെന്ന് കെ. മുരളീധരന് കോഴിക്കോട്ട് പറഞ്ഞു. സ്ഥാനങ്ങള്‍ കിട്ടിയെന്ന് കരുതി അഹങ്കരിക്കരുത്. 2004ഉം 2006ഉം ലീഗ് മറക്കേണ്ട. മുന്നണി നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ബാധ്യതയല്ല. കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറായി. ഇനി പാര്‍ട്ടി പിരിച്ചുവിടാന്‍ പറ്റില്ല. ലീഗുകാര്‍ തിരുവനന്തപുരത്ത് വിളിച്ച ‘തങ്ങള്‍ പറയും കോണ്‍ഗ്രസ് അനുസരിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളോട് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് അറിയാഞ്ഞിട്ടല്ലെന്നും മുരളീധരന് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍.ഡി.എഫിന്റെ ആട്ടുംതുപ്പും സഹിക്കാതെ ഇറങ്ങിപ്പോന്നവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുമേല്‍ കുതിരകയറുന്നത്. അഞ്ചാംമന്ത്രി സംബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ഒരു ഫോര്‍മുല കൊണ്ടും കഴിയില്ല. അഞ്ചാംമന്ത്രി സംബന്ധിച്ചുള്ള പരാതി കോണ്‍ഗ്രസ് പ്രസിഡന്റിന് തിങ്കളാഴ്ചയോടെ അയക്കും.
കെ.പി.സി.സി എടുത്ത തീരുമാനമാണ് നടപ്പാക്കിയതെന്ന മന്ത്രി കെ. ബാബുവിന്റെ പ്രസ്താവന തെറ്റാണ്. താനും ബാബുവും ഇരുന്ന കമ്മിറ്റികളില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കേണ്ടെന്നും ഇതുമൂലം ഉണ്ടാകുന്ന ദോഷങ്ങള്‍ മുസ്ലീംലീഗിനെ ബോധ്യപ്പെടുത്താനുമാണ് തീരുമാനിച്ചത്.
അഞ്ചാംമന്ത്രി വിഷയത്തില്‍ ആര്യാടന് മുഹമ്മദ് രാജിവയ്ക്കാനൊരുങ്ങിയാല്‍ താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പിന്തിരിപ്പിക്കും. ആര്യാടന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിനും ഗവണ്മെന്റിനും അനിവാര്യമാണ്. തന്നെയും ആര്യാടനെയും ആരും ഭീഷണിപ്പെടുത്തേണ്ട. മെയ്വഴക്കം നല്ലോണം ഉള്ളവരാണ് തങ്ങള്‍ ഇരുവരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: